ആവശ്യമായ സൗകര്യം ഒരുക്കിത്തരണമെന്ന് സിബിഐ കോടതി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന് നിർദേശം നൽകി. കേസിലെ പ്രതികളും ബിജെപി നേതാക്കളുമായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ  ഒമ്പതു പേരുടെ മൊഴി രേഖപ്പെടുത്താനാണ് സഹായം തേടിയത്.

ദില്ലി: ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കോടതി വീഡിയോ കോൺഫറൻസ് സൗകര്യം തേടി.ആവശ്യമായ സൗകര്യം ഒരുക്കിത്തരണമെന്ന് സിബിഐ കോടതി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന് നിർദേശം നൽകി. കേസിലെ പ്രതികളും ബിജെപി നേതാക്കളുമായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ ഒമ്പതു പേരുടെ മൊഴി രേഖപ്പെടുത്താനാണ് സഹായം തേടിയത്.

1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. 27 വർഷത്തിലധികം നീണ്ട കേസിന്റെ വിചാരണ ലഖ്നൗ സിബിഐ കോടതിയില്‌‍ അന്തിമഘട്ടത്തിലാണ്. കേസിലെ പ്രതികളിൽ 49 പേരും ഇന്ന് ജീവനോടെയില്ല. ഇതുവരെ 300 ലധികം സാക്ഷികളാണ് കേസില്‍ വിസ്തരിക്കപ്പെട്ടത്. സാക്ഷികളില്‍ 50 പേര്‍ ഇന്ന് ജീവനോടെയില്ല.

1992 ഡിസംബര്‍ 6 ന് ബാബ്‌റി മസ്ജിദ് തകര്‍ത്ത് നിമിഷങ്ങള്‍ക്കകം അജ്ഞാതരായ കര്‍സേവകര്‍ക്കെതിരെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 395,397, 332, 337,338, 295, 297, 153A യും സെക്ഷന്‍ 7 ലെ ക്രിമിനല്‍ നിയമ ഭേദഗതി പ്രകാരവുമായിരുന്നു ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 10 മിനുട്ടുകള്‍ക്കകം രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ഇതനുസരിച്ച് എല്‍കെ അദ്വാനി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംബര എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ പ്രസം​ഗം നടത്തി എന്നതായിരുന്നു ഇവര്‍ക്കെതിരായ എഫ്ഐആര്‍. 

ബാബറി മസ്ജിദ് തകര്‍ക്കലും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ മേധാവിയായി 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിച്ചു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലായത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ്.

കേസിന്റെ തുടക്കം മുതൽ തന്നെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐയേയും രാഷ്ട്രീയക്കാര്‍ക്ക് എതിരെയുള്ള കേസ് ഉത്തര്‍പ്രദേശ് പൊലീസിന്റെ സി.ബി-സി.ഐ.ഡി സേനേയയും ഏല്‍പ്പിക്കുകയായിരുന്നു. 1993 ആഗസ്റ്റ് 27 ന് എല്ലാ കേസുകളും സി.ബി.ഐയ്ക്ക് വിട്ടു.

എല്ലാ കേസുകളും ഉള്‍പ്പെടുത്തി ഒറ്റകുറ്റപത്രമാണ് സിബിഐ 1995 ഒക്ടോബര്‍ 5 ന് ലഖ്‌നൗ കോടതിയില്‍ സമര്‍പ്പിച്ചത്. 49 കേസുകളില്‍ നിന്ന് 40 പേരായിരുന്നു സിബിഐയുടെ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. 1996 ജനുവരി 11 ന് ഒമ്പത് പ്രധാനപ്പെട്ട വ്യക്തികളെക്കൂടി ഉള്‍പ്പെടുത്തി ഒരു അനുബന്ധ കുറ്റപത്രവും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് 1997 സെപ്തംബര്‍ ആറിന് കോടതി നിരീക്ഷിച്ചു. പ്രതികളില്‍ ചിലര്‍ കീഴ്‌ക്കോടതിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കി. കുറ്റപത്രത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം ഭരണപരമായി ഉത്തർപ്രദേശ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചത് ചൂണ്ടിക്കാണിച്ച കോടതി അദ്വാനിയടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയ മറ്റ് കുറ്റങ്ങള്‍ നിരസിച്ചു. നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം മാത്രം ചുമത്തി.

കുറ്റപത്രത്തിലെ പിഴവ് തിരുത്തി പുതിയ നോട്ടിഫിക്കേഷന്‍ സമര്‍പ്പിക്കാന്‍ സിബിഐ, ഉത്തർപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിക്കളഞ്ഞു. 2003 ജനുവരി 27 ന് അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ കേസ് റായ്ബറേലി കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ അപേക്ഷ സമര്‍പ്പിച്ചു. 2003 സെപ്തംബര്‍ 19 ന് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. റായ്ബറേലി മജിസ്‌ട്രേറ്റ് അദ്വാനിയ്‌ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിച്ചു. അദ്വാനിയെ കുറ്റവിമുക്തനാക്കിയ നടപടിയ്‌ക്കെതിരെ സമര്‍പ്പിച്ച റിവ്യു ഹർജിയില്‍ വാദം കേട്ട റായ്ബറേലി കോടതി 2005 ജൂലൈ ആറിന് അദ്ദേഹമടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കുറ്റം ചുമത്തുന്നു.

2012 മാർച്ചിൽ, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് സിബിഐ സുപ്രീംകോടതിയില്‍ 49 പേര്‍ക്കുമെതിരെ ഒറ്റ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. 2017 ഏപ്രില്‍ 19 ന് സുപ്രീംകോടതി കേസിൽ ഇടപെട്ടു. ഗൂഢാലോചനക്കുറ്റം പിന്‍വലിച്ച അലഹാബാദ് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. തുടർന്ന്, അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ ലഖ്നൗ കോടതിയിലേക്ക് മാറ്റി. 2017 മുതല്‍ കേസ് വീണ്ടും സജീവമായി.