ഏറെക്കാലം ഇടതുപക്ഷത്തെ ഹൃദയത്തിലേറ്റിയ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വേരുറപ്പിച്ചിട്ട് അധികനാളായിട്ടില്ല. 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടേരണ്ടു സീറ്റിൽ മാത്രം വിജയം അനുവദിച്ചുകൊടുത്ത തൃണമൂലിന് പക്ഷെ ഇത്തവണ ബംഗാളിലെ കമ്യൂണിസ്റ്റു വിരുദ്ധ വോട്ടുകൾ വലതുപക്ഷത്തേക്ക് ചായുന്നതിൽ നിന്നും തടയാൻ സാധിച്ചില്ല. നാല്പത്തിരണ്ടിൽ പതിനെട്ടു സീറ്റും നേടി ബിജെപി ബംഗാളിലെ മണ്ണിൽ താമര വിരിയിച്ചു. ഒരു പക്ഷേ, 2021  നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വെല്ലുവിളിയുയർത്താൻ പോന്ന ഒന്ന്. 

തൃണമൂൽ കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്ന കണക്ക് ഒരുപക്ഷേ സീറ്റുകളുടെ എണ്ണമാവില്ല. അത്‌ വോട്ട് ഷെയർ ആവും. 18  സീറ്റ് നേടിയ എൻഡിഎയും 22  സീറ്റ് നേടിയ തൃണമൂലും തമ്മിൽ വോട്ടു ഷെയറിൽ ആകെയുള്ള വ്യത്യാസം വെറും  മൂന്ന് ശതമാനം മാത്രമാണ്. കമ്യൂണിസ്റ്റ് ഭരണത്തിൽ കടുത്ത അതൃപ്തി തോന്നിയ ബംഗാളിലെ ജനങ്ങളുടെ മനസ്സിൽ പരിബർത്തൻ എന്ന ആശയം അവതരിപ്പിച്ചാണ് തൃണമൂൽ ഇടം പിടിച്ചത്.  എന്നാൽ, കഴിഞ്ഞ ചില വർഷങ്ങളിലെ ദീദിയുടെ ഭരണം ബംഗാളിലെ ജനങ്ങളെ വീണ്ടും അസംതൃപതരാക്കിയിട്ടുണ്ട് എന്ന് വേണം ഈ ഫലങ്ങളിൽ നിന്നും വായിച്ചെടുക്കാൻ. തൃണമൂൽ വിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകൾ ഒടുവിൽ വലതുപക്ഷത്തേക്ക് ചാഞ്ഞ് ബിജെപിയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 

2014 -ലെ തെരഞ്ഞെടുപ്പിൽ 29.9 ശതമാനം വോട്ടുകൾ ബംഗാളിൽ നേടിയ ഇടതുപക്ഷത്തിന് അത് 7.5 ശതമാനത്തിലേക്ക് ഇറങ്ങി വരുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു.  എം എൻ റോയ് എന്ന പ്രബുദ്ധ ബംഗാളി 1920 -ലാണ് താഷ്‌ക്കന്റിൽ വെച്ച് സിപിഐ സ്ഥാപിക്കുന്നത്. 2019 ആയപ്പോഴേക്കും ഒരൊറ്റ സിപിഎം കാരനെയും പാർലമെന്റിന്റെ അകത്തേക്കു കടത്തിവിടാൻ സാധിക്കാത്ത വണ്ണം  സിപിഎം അതേ ബംഗാളിൽ ക്ഷയിച്ചു എങ്കിൽ അവിടത്തെ കമ്യൂണിസ്റ്റുകാർ കാര്യമായ ഉൾപ്പാർട്ടി വിമര്‍ശനങ്ങളിലേക്ക് നീങ്ങേണ്ടതുണ്ട്. 

മുപ്പത്തിനാല് വർഷക്കാലം തങ്ങൾ അടക്കിഭരിച്ച ഒരു സംസ്ഥാനത്ത്, ഒരൊറ്റ മണ്ഡലത്തിൽ പോലും രണ്ടാം സ്ഥാനത്തുപോലും വരാൻ അവർക്ക് സാധിച്ചില്ല എന്നതാണ് അവരുടെ മറ്റൊരു അധഃപതനം. അതേ സമയം, കോൺഗ്രസ്സാണെങ്കിൽ ബംഗാളിലെ തങ്ങളുടെ ശക്തി ദുർഗങ്ങയും, ആധിർ ചൗധരിയുടെ ബെഹ്‌റാം പൂരും, അബു ഹസീം ഖാൻ ചൗധരിയുടെ മൽഡാ സൗത്തും നിലനിർത്തി.

എന്നാൽ, മുഖമടച്ചുള്ള സിപിഎമ്മിന്റെ വീഴ്ചയ്ക്ക് മുന്നിൽ മറ്റാരുടെയും തോൽവികൾ സരമുള്ളതല്ല. കൊൽക്കത്തയുടെ പാരമ്പര്യത്തെയും, പ്രൗഢിയേയും പറ്റിയുള്ള വികാരങ്ങൾ ഇളക്കി വിട്ടുകൊണ്ട് തൃണമൂൽ നില മെച്ചപ്പെടുത്തിയ ജാദവ്പൂർ, കൽക്കത്ത സൗത്ത് എന്നിവിടങ്ങളിൽ തൃണമൂൽ നടത്തിയ പ്രചാരണങ്ങൾ ഗുണം ചെയ്തു. പോളിങ്ങിന് തൊട്ടുമുമ്പ് വിദ്യാസാഗറിന്റെ പ്രതിമ തകർക്കുക എന്ന അവിവേകം ബിജെപി കേഡറുകൾ പ്രവർത്തിച്ചതും തൃണമൂലിന് ഗുണം ചെയ്തു. 

പക്ഷേ, തൃണമൂലിനെ കടുത്ത സമ്മർദ്ദത്തിലാക്കികൊണ്ട്  ഇപ്പോൾ നാലുപാടു നിന്നും ബിജെപിയുടെ അധിനിവേശം തുടങ്ങിയിട്ടുണ്ട്. കൊൽക്കത്ത, ബാരക്ക്പൂർ, ബൊങ്ങാൻ, ഹൂഗ്ലി, ഈസ്റ്റ് മിഡ്നാപൂർ എന്നീ ഇടങ്ങളിൽ ഒക്കെ തൃണമൂലിന്റെ വോട്ടുബാങ്കുകൾക്ക് ഇളക്കം തട്ടിയിട്ടുണ്. അതുപോലെ ബിജെപി ജയം നേടിയ വടക്കൻ ബംഗാളിലെ  അലിപുർദ്വാർ, കൂച്ച് ബഹാർ, ജൽപായ്ഗുരി, ഡാര്‍ജിലിങ്ങ്, റായ്ഗഞ്ച, ബാലുർഘട്ട് എന്നീ മണ്ഡലങ്ങൾ തൃണമൂലിന്റെ ഉറക്കം കെടുത്താൻ പോന്നതാണ്. 

 ബംഗാളിലെ തൃണമൂലിന്റെ ഉത്കണ്ഠകൾ അതിന്റെ അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. ബിജെപി ബംഗാളിൽ ഇളക്കി വിട്ടിരിക്കുന്ന ജാതീയവും സാമുദായികവുമായ ചേരിതിരിവുകളും അവർക്ക് ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കും. മുസ്‌ലിം വോട്ടുകളുടെ ബലത്തിലാണ് തൃണമൂൽ ഈ തെരഞ്ഞെടുപ്പിൽ പിടിച്ചു നിന്നിട്ടുള്ളത്. ഷെർഡ്യൂൾഡ്‌ കാസ്റ്റ്, ട്രൈബ് വോട്ടുകൾ ബിജെപിയ്ക്ക് അനുകൂലമായിരുന്നു ബംഗാളിൽ.

2021 -ലേക്കുള്ള തൃണമൂലിന്റെ പ്രയാണം വളരെയധികം അപകടങ്ങൾ പതുങ്ങിയിരിക്കുന്ന ചെങ്കുത്തായ വളവുകൾ നിറഞ്ഞതാണ്. ആ അപായങ്ങളിൽ ചിലതൊക്കെ ഈ തെരഞ്ഞെടുപ്പിൽ തന്നെ വെളിപ്പെട്ടുകഴിഞ്ഞു. ചില അപകടങ്ങൾ ഇപ്പോഴും വെളിപ്പെടാതെ മറഞ്ഞിരിക്കുകയാണ്. ഇത്രയും കാലം അവർക്ക് സിപിഎം എന്ന ഒരു പ്രബലകക്ഷിയെപ്പറ്റി മാത്രം ഓർത്ത് ആശങ്കപ്പെട്ടാൽ മതിയായിരുന്നു. ഇനി അക്കൂട്ടത്തിൽ ബിജെപിയെക്കൂടി എണ്ണണം എന്ന അവസ്ഥയായിട്ടുണ്ട്. വേണ്ട നടപടികൾ തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ,  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബംഗാൾ സംസ്ഥാനത്തിന്റെ ഭരണം തന്നെ ബിജെപിയുടെ നിയന്ത്രണത്തിലായെന്നു വരാം..