ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്. ഈ വിജ്ഞാപനം ഉടനെത്തന്നെ സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു. സിബിഎസ്ഇയുടെ നിലപാട് അംഗീകരിച്ച് ഹർജികൾ തീർപ്പാക്കുകയും ചെയ്തു. ഐസിഎസ്ഇയും ഒരാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മറ്റു പരീക്ഷകളെക്കുറിച്ചുള്ള കേസുകളെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്നലെയാണ് പരീക്ഷ റദ്ദാക്കിയതായി സിബിഎസ്ഇ പ്രഖ്യാപിച്ചത്. പുതുതായി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയേണ്ടവ ഇവയാണ്:

 • പരീക്ഷ പൂർത്തിയായ സ്ഥലങ്ങളിൽ അവസാനവർഷ മാർക്ക് തന്നെ. 
  കേരളത്തിൽ പത്താം ക്ലാസ് പരീക്ഷ ഏതാണ്ട് പൂർത്തിയായിരുന്നു.
  ആ മാർക്കിന്‍റെ അടിസ്ഥാനത്തിൽ റിസൾട്ട് വരും.

 • മൂന്നിൽ കൂടുതൽ പരീക്ഷ പൂർത്തിയായെങ്കിൽ 
  കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ 
  ശരാശരി മാർക്ക് എഴുതാത്ത വിഷയങ്ങൾക്കും 
  നൽകും

 • കേരളത്തിൽ എല്ലായിടത്തും മൂന്നിൽ 
  കൂടുതൽ പരീക്ഷ പൂർത്തിയായതാണ്

 • മൂന്ന് പരീക്ഷ വരെ മാത്രമേ നടന്നിട്ടുള്ളൂ എങ്കിൽ 
  കൂടിയ രണ്ട് മാർക്കുകളുടെ  
  ശരാശരി മറ്റ് വിഷയങ്ങൾക്ക്

 • ദില്ലിയിൽ കലാപം നടന്ന സ്ഥലങ്ങളിൽ 
  ഒന്നോ രണ്ടോ പരീക്ഷയേ നടന്നിട്ടുള്ളൂ.
  എഴുതിയ വിഷയങ്ങൾക്ക് കിട്ടിയതും 
  ഇന്‍റേണൽ അസസ്മെന്‍റ് മാർക്കും
  കണക്കാക്കിയാവും അവിടെ മൂല്യനിർണ്ണയം

 • പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥികൾക്ക് സാഹചര്യം 
  മെച്ചപ്പെട്ടാൽ പിന്നീട് പരീക്ഷ എഴുതാം.