ദില്ലി: 265000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലെന്ന് അവകാശപ്പെട്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. ഗ്രാമങ്ങളിലേക്ക് തൊഴിലാളികൾ മടങ്ങിയ പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് 41000 കോടി കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിനായിരം കോടി കൂടി നല്‍കാനാണ് പുതിയ തീരുമാനം. നഗരങ്ങളിൽ തൊഴിലവസരം കൂട്ടാൻ 18,000 കോടി കൂടി പ്രധാനമന്ത്രി പാർപ്പിട പദ്ധതിക്ക് നല്‍കും. 12 ലക്ഷം വീടുകൾ നിർമ്മിച്ച് 78 ലക്ഷം തൊഴിലവസരത്തിനാണ് ശ്രമം. 

പുതുതായി തൊഴിൽ നല്‍കുന്ന സ്ഥാപനങ്ങളിലെ 15000 രൂപ വരെ ശമ്പളമുള്ള പുതു ജീവനക്കാരുടെ രണ്ടു വർഷത്തെ പിഎഫ് വിഹിതം പൂർണ്ണമായും സർക്കാർ അടയ്ക്കും. രാസവള സബ്സിഡിക്ക് 65,000 കോടി രൂപ നല്‍കും. സർക്കാർ കരാറുകാർ കെട്ടിവയ്ക്കേണ്ട തുക 5 മുതൽ 10ൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. പുതിയ വീടുകൾ വാങ്ങുമ്പോൾ സർക്കിൾ റേറ്റിനും യഥാർത്ഥ വിലയ്ക്കും ഇടയിൽ നികുതിയില്ലാതെ അവകാശപ്പെടാവുന്ന കിഴിവ് 10 ൽ നിന്ന് 20 ശതമാനമായി കൂട്ടി. 

ചെറുകിട സ്ഥാപനങ്ങളുടെയും സംരംഭകരുടെയും വായ്പ ഗ്യാരന്‍റി പദ്ധതിയുടെ കാലാവധി അടുത്ത വർഷം മാർച്ച് വരെ നീട്ടി. ഇന്ത്യയുടെ സമ്പദ്‍രംഗം രണ്ടാം പാദത്തിലും 8.6 ശതമാനം ചുരുങ്ങുമെന്ന റിപ്പോർട്ട് പുറത്തുവന്ന ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങൾ. സാങ്കേതികമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലാണെന്നും റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർമാരിൽ ഒരാൾ കൂടി ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഒരുണർവ്വും ഉണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു.