ഹൈദരാബാദ്: കൊവിഡ് 19 രോഗബാധ 14 ദിവസങ്ങള്‍ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാമെന്ന ആശാസ്ത്രീയ വിവരവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കൊവിഡിനെതിരെയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശാസ്ത്രജ്ഞര്‍ തുടരുന്നതിനിടെയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പരാമര്‍ശം. 

'കൊവിഡ് 19 ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. 14 ദിവസം തുടര്‍ച്ചയായി മരുന്ന് കഴിക്കുകയാണെങ്കില്‍ രോഗം ഭേദമാകും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല'- ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിനിടെ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.  

ചില രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് വരെ രോഗം പിടിപെട്ടിരുന്നെന്നും പനി മാറിയ പോലെ അവര്‍ക്ക് പിടിപെട്ട കൊവിഡ് രോഗവും മാറി സുഖം പ്രാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസതടസ്സം എന്നിവയുള്ളവര്‍ക്കും കൊവിഡ് ബാധിച്ചാല്‍ മരണം വരെ സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുള്ള സാഹചര്യത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രസ്താവന. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക