ഹലാൽ ഉൽപ്പന്നങ്ങൾ തേടി എഫ്എസ്ഡിഎ സംഘം സഹാറ മാളിൽ, നിരോധനത്തിന് പിന്നാലെ ഉത്തർപ്രദേശിൽ റെയ്ഡ്
ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ ഹലാൽ മുദ്രയുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചതിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി എഫ്എസ്ഡിഎ. ലഖ്നൗവിലെ പ്രശസ്തമായ സഹാറമാളിൽ കഴിഞ്ഞ ദിവസം എഫ്എസ്ഡിഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. മാളിലെ വിവിധ സ്ഥാപനങ്ങളിൽ സംഘം റെയ്ഡ് നടത്തി. ഇറച്ചി, പാൽ, ശീതളപാനീയം, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ പരിശോധിച്ചു. എട്ട് കമ്പനികൾക്കെതിരെ പരാതികൾ ഫയൽ ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഹലാൽ മുദ്രണം ചെയ്ത ഉൽപ്പന്നങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം, കയറ്റുമതിക്കായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നിരോധനം ബാധകമാകില്ല. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഉൽപാദനം, സംഭരണം, വിതരണം, വാങ്ങൽ, വിൽപന എന്നിവ ശനിയാഴ്ചയാണ് നിരോധിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ഭക്ഷ്യ നിയമ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് നിയമത്തിലെ സെക്ഷൻ 89 പ്രകാരം ഹലാൽ സർട്ടിഫിക്കേഷൻ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശം പ്രസ്തുത നിയമത്തിലെ സെക്ഷൻ 29 ൽ നൽകിയിരിക്കുന്ന അധികാരികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ഉള്ളൂ. അവർ നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് മാനദണ്ഡങ്ങൾ പരിശോധിക്കുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കി.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങളിൽ ലേബലുകളിൽ ഹലാൽ സർട്ടിഫിക്കേഷൻ അടയാളപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളൊന്നും ഇല്ലെങ്കിലും ചില മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിൽ ഹലാൽ സർട്ടിഫിക്കറ്റ് ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലും അതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഹലാൽ സർട്ടിഫിക്കേഷനെക്കുറിച്ചൊന്നും പരാമർശിച്ചിട്ടില്ല. വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി വിൽപ്പന വർധിപ്പിക്കാൻ ആളുകളുടെ മതവികാരം മുതലെടുത്തെന്നാരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകൾക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്.