ദില്ലി: ഏപ്രിൽ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ശുപാ‍ർശ ചെയ്തു. ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും ഈ സാഹചര്യത്തിൽ രോ​ഗം കൂടുതലായി വ്യാപിച്ച മേഖലകളിൽ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാരസമിതി ശുപാർശ ചെയ്തു. 

ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് വ്യാപനം പിടിച്ചു നി‍ർത്താൻ സാധിക്കില്ലെന്ന് ഉന്നതാധികാര സമിതി കേന്ദ്രസർക്കാരിന് നൽകിയ റിപ്പോ‍ർട്ടിൽ പറയുന്നു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരുകയും ഇതോടൊപ്പം രോ​ഗം വ്യാപനം ശക്തമായ മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും വേണമെന്നാണ് ഉന്നതാധികാര സമിതി ശുപാർശ ചെയ്യുന്നത്. 

അതിനിടെ ലോക്ക് ഡൗൺ ഏപ്രിൽ മുപ്പത് വരെ നീട്ടി ഒഡീഷ സ‍ർക്കാർ ഉത്തരവിട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്.നിലവിൽ 5434  പേ‍ർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 166 പേർ ഇതുവരെ രോ​ഗം ബാധിച്ചു മരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഏറ്റവും കടുത്ത രീതിയിൽ കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്. മാർച്ച് 25-ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് 606  കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ലോക്ക് ഡൗൺ 15 ദിവസം പിന്നിടുമ്പോൾ ഇതു പത്തിരട്ടിയോളം വർധിച്ചിരിക്കുന്നു. തീവ്രബാധിത മേഖലകളടക്കം 456 ഇടങ്ങളിൽ പൂൾ ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.