ദില്ലി: കലാപം പൊട്ടിപ്പുറപ്പെട്ട ദില്ലിയില്‍ ഹിന്ദു യുവതിയുടെ  വിവാഹത്തിന് കാവലായി മുസ്ലിം കുടുംബങ്ങള്‍. വടക്ക് കിഴക്കന്‍ ദില്ലിയിലെ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ് സംഭവം. ദില്ലി കലാപത്തില്‍ ഏറ്റവുമധികം അക്രമമുണ്ടായ മേഖലയില്‍ ഉള്‍പ്പെട്ടതാണ് ചാന്ദ് ബാഗ്. വിവാഹം കലാപം മൂലം മുടങ്ങിപ്പോവുമെന്ന് കരുതിയ സമയത്താണ് അയല്‍ക്കാരായ മുസ്‍ലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് സാവിത്രി പ്രസാദ് എന്ന 23കാരി പറയുന്നു. ചാന്ദ് ബാഗില്‍ ചൊവ്വാഴ്ച സ്ഥിതിഗതികള്‍ സുഖകരമായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഇത്രയധികം കൈവിട്ട് പോകുമെന്ന് സാവിത്രിയുടെ കുടുംബം കരുതിയിരുന്നില്ല. 

വിവാഹദിനത്തില്‍ ചാന്ദ് ബാഗിലേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ബന്ധുക്കള്‍. വരനും കുടുംബത്തിനും സാവിത്രിയുടെ വീട്ടിലേക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയുമായതോടെ വിവാഹം നീട്ടി വയ്ക്കാന്‍ സാവിത്രി പ്രസാദിന്‍റെ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. വിവാഹദിനത്തില്‍ കലാപാന്തരീക്ഷത്തില്‍ വിവാഹചടങ്ങുകള്‍ ചാന്ദ് ബാഗിലെ കൊച്ച് വീട്ടില്‍ നടത്താമെന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ചുറ്റും കല്ലേറും അക്രമവും നടന്നപ്പോള്‍ മുസ്‍ലിം സഹോദരര്‍ തന്‍റെ വിവാഹത്തിന് കാവലായി എത്തിയെന്ന് സാവിത്രി പ്രസാദ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. 

വീട്ടുകാര്‍ തളര്‍ന്നുപോയ അവസരത്തില്‍ വരനെയും കുടുംബക്കാരെയും കലാപാന്തരീക്ഷം വകവയ്ക്കാതെ സാവിത്രിയുടെ വീട്ടിലെത്തിക്കാനും അയല്‍ക്കാരായ മുസ്‍ലിം സഹോദരര്‍ ഉണ്ടായതായി സാവിത്രി വ്യക്തമാക്കുന്നു. ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ നിന്ന് കുറച്ച് ദൂരം അകലെ യുദ്ധാന്തരീക്ഷമായിരുന്നുവെന്നും സാവിത്രിയുടെ പിതാവ് പറയുന്നു. വീടിന് മുകളില്‍ ചെന്ന് നോക്കിയപ്പോള്‍ചുറ്റുപാടും നിന്ന് പുക ഉയരുന്നത് കാണാന്‍ കഴിയുമായിരുന്നു. ഭീകരമായി ആ അവസ്ഥയെന്നും തങ്ങള്‍ക്ക് സമാധാനം വേണമെന്നും സാവിത്രിയുടെ പിതാവ്  ഭോപ്ഡെ പ്രസാദ് പറയുന്നു. വര്‍ഷങ്ങളായ മുസ്‍ലിം വിഭാഗത്തിലുള്ളവരുമായി അയല്‍പക്കം പങ്കിടുന്നവരാണ് ഭോപ്‍ഡെ പ്രസാദും കുടുംബവും. ഈ അക്രമത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല, എന്തായാലും അത് തങ്ങളുടെ അയല്‍ക്കാരല്ലെന്ന് പ്രസാദ് ഭോപ്ഡെ പറയുന്നു.

കടകള്‍ അടഞ്ഞ നിലയിലായിരുന്നു. എല്ലാവരും ഭീതിയുടെ അന്തരീക്ഷത്തിലുമായിരുന്നു. എന്നാല്‍ വരനെ സാവിത്രിയുടെ വീട്ടിലേക്ക് വഴികാട്ടിയത് അയല്‍വക്കത്തുള്ളവരാണെന്ന് സാവിത്രി വ്യക്തമാക്കി. വിവാഹം മുടങ്ങുമോയെന്ന് ഭയന്ന സാവിത്രിയുടെ കുടുംബത്തിന് ആശ്വാസവാക്കുകളുമായി അയല്‍വാസികള്‍ എത്തി. വധുവിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ അനുഗ്രഹം നല്‍കാനും അയല്‍ക്കാര്‍ എത്തിയെന്ന് സാവിത്രി റോയിട്ടേഴ്സിനോട് പറഞ്ഞു. സാവിത്രിയുടെ ബരാത്തിനും കലാപത്തിനിടയിലും കാവലായി അയല്‍ക്കാരെത്തി. മതത്തിന്‍റെ പേരില്‍ ആയിരുന്നില്ല കലാപം, എന്നാല്‍ അത് അങ്ങനെ വരുത്തി തീര്‍ക്കുകയായിരുന്നെന്നും പ്രസാദ് ഭോപ്ഡെ പറയുന്നു. ചാന്ദ് ബാഗില്‍ ഹിന്ദു മുസ്‍ലിം സമുദായത്തിലുള്ളവര്‍ ഐക്യത്തോടെയാണ് താമസിക്കുന്നതെന്നും പ്രസാദ് റോയിട്ടേഴ്സിനോട് പറഞ്ഞു.