ദില്ലി: കൊവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്‌. ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കേന്ദ്രത്തിന്‍റെയും (CSIR), ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB) യുടെയും സഹകരണത്തോടെ വികസിച്ച സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ കൃത്യതയുണ്ട് എന്നാണ് അവകാശവാദം. ക്രിസ്പ് ആർ എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഈ പരിശോധനയ്ക്ക് ഡ്രഗ്സ്കണ്‍ട്രോളര്‍ അംഗീകാരം നൽകി.

ആന്‍റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി-പിസിആർ പരിശോധനയുടെ കൃത്യത നൽകും എന്നതാണ് ക്രിസ്പ് ആർ പരിശോധനയുടെ മെച്ചം. അതായത് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താൻ ആവും. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യ എന്ന് ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് ലിമിറ്റഡ് സിഇഒ ഗിരീഷ് കൃഷ്ണ മൂർത്തി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ ക്രിസ്പ് ആർ കരുത്ത് പകരും എന്നും അദ്ദേഹം പറഞ്ഞു.