ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി. യോഗ്യതകള്‍ ഒന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭിണിയായ സഫൂറയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നത്.

ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സഫൂറയെ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമസംഭവങ്ങളില്‍ ഗൂഢാലോചന കുറ്റം ചുമത്തി ഏപ്രിലിലാണ് സഫൂറയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ ജാമ്യാപേക്ഷയില്‍ ഒരു യോഗ്യതയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ അപേക്ഷ തള്ളുകയായിരുന്നു. ഗര്‍ഭിണിയായ സഫൂറയ്ക്ക് ആവശ്യമായ വൈദ്യസഹായങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്രാബാദിൽ പ്രതിഷേധം സംഘടിപ്പിച്ചെന്നും മെട്രോ സ്റ്റേഷനിലേക്കുള്ള വഴി തടഞ്ഞുവെന്നുമുള്ള കുറ്റങ്ങള്‍ സഫൂറയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. ദില്ലിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നും സഫൂറ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.