Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം; ഗവർണർക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ

ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ശിവസേന സുപ്രീംകോടതി റജിസ്ട്രിയെ നേരിട്ട് സമീപിച്ചിരിക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് ദിവസം നൽകിയ ഗവർണർ ഭഗത് സിംഗ് കൊഷിയാരി, മറ്റ് പാർട്ടികൾക്ക് വെറും ഒരു ദിവസമാണ് നൽകിയതെന്ന് ശിവസേന ആരോപിക്കുന്നു.

president rule in maharashtra shiv sena approaches supreme court against governor
Author
Mumbai, First Published Nov 12, 2019, 5:58 PM IST

ദില്ലി/മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ശുപാർശ കേന്ദ്രസർക്കാർ രാഷ്ട്രപതിഭവന് ഔദ്യോഗികമായി കൈമാറിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. നിയമസഭ മരവിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിലല്ലെന്ന് കാണിച്ചാണ് ഗവർണർ ഭഗത് സിംഗ് കൊഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്ന ശിവസേന, ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സുപ്രീംകോടതി റജിസ്ട്രിയോട് നേരിട്ട് ശിവസേന ആവശ്യപ്പെടുന്നത്. 

മൂന്ന് രാഷ്ട്രീയപാർട്ടികളെ, അതായത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, രണ്ടാമത്തെ വലിയ കക്ഷി ശിവസേന, മൂന്നാമത്തെ വലിയ കക്ഷി എൻസിപി എന്നിവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്നും എന്നാൽ ആർക്കും ഭരണത്തിലേറാനുള്ള അംഗബലമില്ലെന്നും കാണിച്ചാണ് ഗവർണർ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇന്ന് വൈകിട്ട് എട്ടര വരെ സർക്കാർ രൂപീകരണത്തിന് ഗവർണർ എൻസിപിക്ക് സമയം നൽകിയിരുന്നതാണ്. രാവിലെ 11 മണിയോടെ എൻസിപി പ്രതിനിധികൾ ഗവർണറുമായി സംസാരിക്കുകയും സർക്കാർ രൂപീകരണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. എന്നിട്ടും സർക്കാർ രൂപീകരിക്കാൻ ആർക്കും കഴിഞ്ഞില്ലെന്ന് കാണിച്ച് ഗവർണർ നേരത്തേ കേന്ദ്രസർക്കാരിന് റിപ്പോർട്ടയച്ചത് ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷം സംയുക്തമായി ആരോപിക്കുന്നു.

ഇതേ ആരോപണമുയർത്തിത്തന്നെയാണ് ശിവസേനയും സുപ്രീംകോടതിയെ സമീപിക്കുന്നത്. ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ് ഗവർണറെന്നും ജനാധിപത്യത്തെക്കരുതി ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ശിവസേന സുപ്രീംകോടതി റജിസ്ട്രിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17-ന് വിരമിക്കാനിരിക്കെയാണ് സുപ്രധാനമായ മറ്റൊരു തെരഞ്ഞെടുപ്പ് കേസ് കൂടി സുപ്രീംകോടതിയ്ക്ക് മുന്നിലെത്തുന്നത് എന്നതും ശ്രദ്ധേയം.

ശിവസേനയ്ക്ക് വേണ്ടി ഹാജരാവുക മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലാകും. 48 മണിക്കൂർ നേരം കൂടി സർക്കാർ രൂപീകരണത്തിന് സമയം തരണമെന്നാവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് എൻസിപിയെ ഗവർണർ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചത്. ബിജെപിക്ക് സർക്കാർ രൂപീകരണത്തിന് തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞ് 15 ദിവസവും പിന്നീട് മൂന്ന് ദിവസം കൂടിയും സമയപരിധി നൽകിയ ഗവർണർ ശിവസേനയ്ക്ക് രണ്ട് ദിവസം കൂടി സമയം നീട്ടിക്കൊടുത്തില്ല. എൻസിപിക്കാകട്ടെ ഒരു മുഴുവൻ ദിവസം പോലും കൊടുത്തതുമില്ല. 

ഇന്ന് രാവിലെ 11 മണിയോടെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണമാണ് ഉചിതമെന്ന് തീരുമാനിച്ചത്. ഇതിന് ശേഷമാണ് മൂന്ന് പാർട്ടികളും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത നിലയിലാണെന്ന് ഗവർണർ റിപ്പോർട്ട് നൽകിയത്. ഇതിനെയാണ് ശിവസേന ഹർജിയിൽ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ബിജെപിയിതര സർക്കാരുണ്ടാകരുതെന്ന് ലക്ഷ്യമിട്ട് ഗൂഢലക്ഷ്യത്തോടെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ശിവസേന ആരോപിക്കുന്നു. 

കണക്കിലെ കളിയെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. ബിജെപിയും സേനയും ചേർന്നാൽ 161 പേരായി. എന്നാലിത് പൂർണമായും അടഞ്ഞ സ്ഥിതിയാണിപ്പോൾ. 

കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇ‍ടിഞ്ഞു.

ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോർമുല വേണണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. 

സർക്കാരുണ്ടാക്കാനുള്ള സമയപരിധി നേരത്തേ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജി നൽകിയ ദേവേന്ദ്ര ഫട്‍നാവിസ്, ശിവസേനയ്ക്ക് എതിരെ ആഞ്ഞടിച്ചു. ഒരുപക്ഷേ, 2014-ന് ശേഷം ഒരിക്കലും ഇല്ലാതിരുന്ന തരത്തിലുള്ള കടുത്ത പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോലും വിമർശനമുന്നയിക്കാൻ മടിക്കാതിരുന്ന ശിവസേനയ്ക്ക് ഒപ്പം സഖ്യം തുടരണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് ഫട്‍നവിസ് തുറന്നടിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios