Asianet News MalayalamAsianet News Malayalam

'ഞങ്ങളെ തുണച്ചത് രാഹുല്‍; സഹായങ്ങള്‍ രഹസ്യമായിരിക്കണമെന്നും നിര്‍ബന്ധിച്ചു': നിര്‍ഭയയുടെ രക്ഷിതാക്കള്‍

രാഷ്ട്രീയം എന്തുതന്നെയായാലും രാഹുല്‍ഗാന്ധി ഞങ്ങളുടെ മാലാഖയാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്. നിര്‍ഭയയുടെ കുടുംബത്തെ സഹായിക്കുകയും സഹോദരനെ പൈലറ്റ് ആവാന്‍ പഠിപ്പിച്ചതും രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ കുടുംബം 

Rahul Gandhi looked after us emotionally, monetarily, asked us to keep it a secret  says Nirbhayas parents
Author
New Delhi, First Published Mar 20, 2020, 6:01 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: നിര്‍ഭയ കേസ് കുറ്റവാളികളെ നീണ്ട ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ തൂക്കിലേറ്റി. വിധി നടപ്പിലാക്കാന്‍ വൈകുന്നതിനെച്ചൊല്ലി നിരവധി തവണ കലഹിച്ചിട്ടുള്ള നിര്‍ഭയയുടെ രക്ഷിതാക്കള്‍ക്ക് ഇനി ആശ്വസിക്കാം. മകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ ആശ്വാസം പകര്‍ന്ന ഒരാളെക്കുറിച്ച് ആ രക്ഷിതാക്കള്‍ പല കുറി പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായും മാനസികമായും തങ്ങളെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിരവധി തവണ അവര്‍ പറഞ്ഞിട്ടുണ്ട്. 

രാഷ്ട്രീയം എന്തുതന്നെയായാലും രാഹുല്‍ഗാന്ധി ഞങ്ങളുടെ മാലാഖയാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്. നിര്‍ഭയയുടെ കുടുംബത്തെ സഹായിക്കുകയും സഹോദരനെ പൈലറ്റ് ആവാന്‍ പഠിപ്പിച്ചതും രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ കുടുംബം നിരവധി തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നിര്‍ഭയയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നു. നിര്‍ഭയയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പുറത്ത് വരാന്‍ ബദ്രിനാഥിന് ഒപ്പമുണ്ടായിരുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് കുടുംബം ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ലാഭം മുന്‍ നിര്‍ത്തിയായിരുന്നില്ലെന്നും ബദ്രിനാഥ് പറയുന്നു. 

നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക്  നടപ്പാക്കിയത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആരാച്ചാർ പവൻ കുമാറും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി.  ജയിൽ മാനുവൽ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാർ ജയിലധികൃതർ അറിയിച്ചു.  പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്. 

രാജ്യം ഒന്നാകെ കുറ്റവാളികള്‍ക്കെതിരെ അണിനിരന്ന കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടിട്ടും കുറ്റവാളികൾ അവസാന നിമിഷം വരെയും തങ്ങളുടെ അനിവാര്യമായ മരണം വൈകിപ്പിക്കാന്‍ വേണ്ടി പലതിനും ശ്രമിച്ചിരുന്നു. 2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ക്രൂരബലാത്സംഗം നടന്നത്. രാത്രി 12 മണിക്കാണ് മുനിർകാ ബസ് സ്റ്റാൻഡിൽ നിന്ന് പാരാമെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന നിര്‍ഭയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ബസില്‍ കയറിയത്. പിന്നീട് ആ ബസില്‍ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളായിരുന്നു. 

ഒടുവില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സംഘം കടന്നു കളഞ്ഞു. രാജ്യം മുഴുവന്‍ നിര്‍ഭയയുടെ നീതിക്കായി അണിനിരന്നു. വിചാരണകള്‍ക്കൊടുവില്‍ 2013 സെപ്റ്റംബര്‍ 13നാണ് പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്‍ജ് യോഗേഷ് ഖന്ന വധശിക്ഷ വിധിക്കുന്നത്. 

ഒടുവില്‍ ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ്  പ്രതികൾ അവർക്ക് ലഭ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി ഇന്നലെ സ്ഥിരീകരിച്ചത്. അതിന് ശേഷവും ഹര്‍ജികളുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുറ്റവാളികളുടെ അഭിഭാഷകര്‍ എത്തിയെങ്കിലും വിധി മാറ്റിക്കുറിക്കാനായില്ല. 

''നിങ്ങളുടെ കക്ഷികള്‍ക്ക് ദൈവത്തെ കാണാനുള്ള സമയമായി. വെറുതെ സമയം കളയരുത്'' എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുറ്റവാളികളുടെ ഹര്‍ജി തള്ളിയത്. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും കുറ്റവാളികളുടെ വാദങ്ങള്‍ കഴമ്പില്ലാത്തതിനാല്‍ തള്ളുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios