ദില്ലി: 'സർപ്രൈസുകൾ' ഒളിപ്പിച്ച മന്ത്രിമാരുടെ പട്ടികയായിരുന്നു നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ. അതിൽ ബഹുഭൂരിപക്ഷം പേരെയും അദ്ഭുതപ്പെടുത്തിയ പേരാകട്ടെ, സുബ്രഹ്മണ്യം ജയശങ്കർ എന്ന എസ് ജയശങ്കറിന്‍റേതും. 

സുഷമാ സ്വരാജിനെപ്പോലെ, രാജ്യത്തിനകത്തും പുറത്തും ഏറെ പ്രശംസിക്കപ്പെട്ട മന്ത്രിയ്ക്ക് പിൻമുറക്കാരനാകാൻ നിയോഗിക്കപ്പെട്ട ജയശങ്കറിന് ഇതൊരു 'ഹെർക്കുലിയൻ' ചുമതലയാകില്ല. ചെയ്ത് പരിചയിച്ച ജോലികൾക്കൊപ്പം, സുശക്തമായ ഒരു വിദേശനയം രൂപീകരിക്കുക എന്നതാകും ജയശങ്കറിന് മുന്നിലുള്ള പ്രധാനചുമതല. അമേരിക്കയുൾപ്പടെയുള്ള മഹാശക്തികളുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനൊപ്പം, സംഘർഷഭരിതമായ ഇന്തോ - പാക് ബന്ധത്തിൽ വഴിത്തിരിവുണ്ടാക്കാനാകുമോ ജയശങ്കറിന് എന്നതും നിർണായകമാണ്. 

പതിവുകൾ തെറ്റിച്ച് മോദി

രാജ്യത്ത് ആദ്യമായാണ് ഒരു മുൻ വിദേശകാര്യ സെക്രട്ടറിയെ - വിദേശകാര്യവകുപ്പ് ഏൽപിക്കുന്നത്. 1953- ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന നട്‍വർ സിംഗ് യുപിഎയിൽ വിദേശകാര്യമന്ത്രിയായിരുന്നെങ്കിലും, അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്ന് തന്നെയാണ് മന്ത്രിപദത്തിലെത്തിയത്. എന്നാൽ എസ് ജയശങ്കർ എന്ന വിദേശകാര്യ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മാത്രമല്ല, വിരമിച്ച ശേഷം ടാറ്റയുടെ കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ്ഡായി ജോലി ചെയ്യുകയായിരുന്നു ജയശങ്കർ. 

പഴയ പതിവുകളിൽ നിന്നൊക്കെ മാറി നടക്കുകയാണ് മോദി. നയതന്ത്രരംഗത്ത് മൂന്ന് പതിറ്റാണ്ടുകാലത്തെ പരിചയമുള്ള ജയശങ്കർ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും ചൈനയുടെയും ഇന്ത്യയുടെയും അംബാസിഡറായും ജോലി ചെയ്തിട്ടുണ്ട്. യുപിഎ കാലത്ത് ഇന്ത്യ - അമേരിക്ക സിവിലിയൻ ആണവക്കരാറിന്‍റെ മുഖ്യശിൽപികളിൽ ഒരാളായിരുന്നു എസ് ജയശങ്കർ. അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായി മികച്ച പ്രകടനം കാഴ്ച വച്ചതിന് തന്നെയാണ് വിദേശകാര്യ സെക്രട്ടറി പദം ജയശങ്കറിനെ തേടിയെത്തിയത്. 

ആദ്യത്തെ ഭരണകാലത്ത്, വിദേശനയത്തിൽ മോദി അതീവശ്രദ്ധ ചെലുത്തിയിരുന്നു. ഇത്തവണ അതേ രംഗത്ത് പ്രൊഫഷണൽ പരിചയമുള്ള, മിടുക്കനായ ഒരു ഉദ്യോഗസ്ഥനെത്തന്നെ നിയമിക്കുക വഴി, മോദി വിദേശകാര്യരംഗത്ത് കൂടുതൽ ഊന്നൽ നൽകുമെന്ന സൂചനകൾ തന്നെയാണ് നൽകുന്നത്. ഈ പ്രൊഫഷണൽ രീതി തുടങ്ങിയത്, യഥാർത്ഥത്തിൽ മോദിയല്ല. അംബാസിഡർമാരായി രാഷ്ട്രീയ നോമിനികളെ നിയമിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന്, മിടുക്കരായ ഐഎഫ്എസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ തുടങ്ങിയത് വാജ്‍പേയിയുടെ കാലത്താണ്. 

പുതിയ വിദേശനയം വരും

ഇന്ത്യൻ വിദേശനയത്തിൽ കാതലായ മാറ്റങ്ങൾ വരേണ്ട സമയത്താണ് ജയശങ്കറിന്‍റെ നിയമനം. ഇന്ത്യ കയറ്റിയയച്ചിരുന്ന അഞ്ച് ബില്യണോളം മൂല്യം വരുന്ന കയറ്റുമതികൾക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിക്കുന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് മേലുള്ള ഉപരോധങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ നയമെന്തെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല - ഇത്തരം ആശയക്കുഴപ്പങ്ങൾ നിലനിൽക്കുമ്പോൾ ജയശങ്കറിനെപ്പോലൊരു പ്രൊഫഷണലിനെ ഇന്ത്യയ്ക്ക് ആവശ്യമാണ്. 

ഉപരോധങ്ങളിൽ എന്ത് നിലപാടെടുക്കണമെന്ന് തെരഞ്ഞെടുപ്പിന് ശേഷമേ പറയാനാകൂ എന്നായിരുന്നു ഇതുവരെ ഇന്ത്യയുടെ നിലപാട്. ഉപരോധങ്ങൾ കൊണ്ട്, ഇന്ത്യയുടെ എണ്ണ വിപണിയിൽ വലിയ പ്രതിഫലനങ്ങളുണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം സുരക്ഷിതമാക്കാൻ അമേരിക്കയുമായി മികച്ച ബന്ധമുള്ള ജയശങ്കറിന്‍റെ പ്രവർത്തിപരിചയം ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്. 

ഇന്ത്യ - ചീന ഭായ് ഭായ് ആകുമോ?

അമേരിക്കയുമായി മാത്രമല്ല, ചൈനയുമായും മികച്ച ബന്ധമാണ് എസ് ജയശങ്കറിനുള്ളത്. ചൈനയിൽ ഇന്ത്യയുടെ അംബാസിഡറായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചയാളാണ് എസ് ജയശങ്കർ. ഇന്ത്യയും ചൈനയും തമ്മിൽ ഡോക്‍ലാം തർക്കം ഉടലെടുത്തപ്പോൾ അത് ഇന്ത്യയ്ക്ക് ഭീഷണിയാകാതെ പരിഹരിക്കാൻ നിർണായകമായ ഇടപെടൽ നടത്തിയത് എസ് ജയശങ്കറാണ്. ആദ്യ മോദി ഭരണകാലത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പല ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും ഷീ ജിങ്‍പിങിന്‍റെ ബെൽറ്റ് ആന്‍റ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി - ഇന്ത്യയുടെ താത്പര്യങ്ങൾക്കനുസരിച്ച് രൂപീകരിക്കാൻ ഇടപെടുകയെന്നത് ജയശങ്കറിന്‍റെ മുന്നിലുള്ള വലിയ വെല്ലുവിളിയാകും.  

പാകിസ്ഥാൻ നയം നിർണായകം

ഇന്ത്യ - പാക് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് ജയശങ്കറിന്‍റെ നിയമനം നിർണായമാകുന്നത്. അതിർത്തിയിൽ തീവ്രവാദം അവസാനിപ്പിക്കാൻ പാകിസ്ഥാൻ എപ്പോഴൊക്കെ തയ്യാറായിട്ടുണ്ടോ അപ്പോഴൊക്കെ കൃത്യമായി ഇന്ത്യ സമാധാന ചർച്ചകൾക്കും തയ്യാറായിട്ടുണ്ടെന്ന് ജയശങ്കർ പലപ്പോഴായി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. 

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ, ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം ഇന്ത്യ - പാക് ബന്ധം തീരെ ഉലഞ്ഞ കാലമാണിത്. ഈ കാലത്ത് എങ്ങനെയാകും ഇന്ത്യയുടെ പാക് നയം എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നു.