സ്ഥിര ശമ്പളമില്ലാത്ത സേവന മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും തൊഴിലാളികൾക്കും ലോക് ഡൗണ്‍ വലിയ തിരിച്ചടിയായി. അതിൽ ഏറ്റവും അധികം പ്രതിസന്ധി നേരിട്ട ഒരു വിഭാഗമാണ്‌ അഭിഭാഷകര്‍. രാജ്യത്തെ 80 ശതമാനത്തിലധികം അഭിഭാഷകരും കഴിഞ്ഞ ഏഴ് മാസമായി ഒരു വരുമാനവും ഇല്ലാതെയാണ് ജീവിതം തള്ളിനീക്കുന്നത്. 18 ലക്ഷത്തിലധികം അഭിഭാഷകരാണ് കോടതികളിലും വിവിധ ട്രൈബ്യൂണലുകളിലുമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സേവന രംഗത്തെ പ്രധാനപ്പെട്ട മേഖലയാണ് ജുഡീഷ്യറി. 

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ എല്ലാ കോടതികളും മാര്‍ച്ച് അവസാനത്തോടെ അടച്ചു. അത്യാവശ്യ കേസുകൾ പരിഗണിക്കാൻ സുപ്രീംകോടതിയും ഹൈക്കോടതികളും ചില കീഴ് കോടതികളും വീഡിയോ കോണ്‍ഫറസിംഗ് സംവിധാനം ഏര്‍പ്പെടുത്തി. അണ്‍ലോക് പ്രഖ്യാപിച്ചെങ്കിലും 25 ശതമാനത്തിൽ താഴെയാണ് ഇപ്പോഴും കോടതികളുടെ പ്രവര്‍ത്തനം. ചെറിയ വരുമാനം കൊണ്ട് ജീവിച്ചിരുന്ന അഭിഭാഷകരുടെ സ്ഥിതി ദയനീയമാണ്. വരുമാനമില്ലാത്ത അഭിഭാഷകരെ സഹായിക്കാൻ പി.എം. കെയേഴ്സിൽ നിന്ന് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷനുകൾ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സുപ്രീംകോടതിയെയും സമീപിച്ചു.

ബാര്‍ അസോസിയേഷനുകൾ പുറത്തുനിന്ന് ഫണ്ട് ശേഖരിച്ച് അഭിഭാഷകരെ സഹായിക്കണം എന്നായിരുന്നു സുപ്രീംകോടതിയുടെയും സര്‍ക്കാരിന്‍റെയും അഭിപ്രായം. സാമ്പത്തിക പ്രതിസന്ധിമൂലം രാജസ്ഥാനിൽ ഒരു അഭിഭാഷകൻ ആത്മഹത്യ ചെയ്തു. എന്നാല്‍ കോടതികാര്യങ്ങളിൽ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നാണ് ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രാലയം നൽകിയ മറുപടി. തൊഴിലില്ലാതെ, വരുമാനമില്ലാതെ ദുരിതത്തിലായവരെ കുറിച്ചുള്ള കണക്കും സര്‍ക്കാരിന്‍റെ പക്കലില്ല