Asianet News MalayalamAsianet News Malayalam

പാക് പൈലറ്റിനെ സ്വന്തം നാട്ടുകാര്‍ തല്ലിക്കൊന്നു; എന്നിട്ടും പാകിസ്ഥാന്‍ മിണ്ടാത്തതിന് പിന്നില്‍

ഇന്ത്യൻ വ്യോമസേനാ പൈലറ്റാണ് എന്ന് തെറ്റിദ്ധരിച്ചു; ജനക്കൂട്ടം ആളുമാറി കൊലപ്പെടുത്തിയത് പാക് പൈലറ്റിനെയാണെന്ന വാര്‍ത്ത വന്നിരുന്നു
 

Pakistan F-16 pilot, downed by Indian jet, lynched over mistaken identity
Author
Islamabad, First Published Mar 5, 2019, 3:47 PM IST

ഇസ്ലാമാബാദ്:  ഫെബ്രുവരി 27  നൗഷേറയിലെ സൈനികാസ്ഥാനം ലക്ഷ്യമിട്ടു പറന്നുവന്ന പാകിസ്താന്റെ F -16 വിമാനത്തെ എതിരിടുന്നതിനിടയിലായിരുന്നു വിങ്ങ് കമാൻഡർ അഭിനന്ദൻ വിമാനം തകർന്ന് പാക് അധീന കാശ്മീരിലേക്ക് പതിക്കുന്നതും തുടർന്ന് അദ്ദേഹം  പിടിയിലാവുന്നതും. അന്ന് അഭിനന്ദന്റെ തിരിച്ചുള്ള വെടിയേറ്റ് ആ  F -16 വിമാനവും തകർന്നു  പോയിരുന്നു. ആ വിമാനത്തിന്റെ പൈലറ്റായ എയർ മാർഷൽ  ഷഹാസുദ്ദീൻ  പാരച്യൂട്ട് വഴി പറന്നിറങ്ങിയത് നൗഷേറയ്ക്ക് പടിഞ്ഞാറ് കിടക്കുന്ന പാക് അധീന കശ്മീരിലെ ലാം താഴ്വരയിലായിരുന്നു. എന്നാൽ  അധികനേരം ജീവനോടെ പിടിച്ചു നില്ക്കാൻ ഷഹാസുദ്ദീനായില്ല. 

പാക് അധീന കാശ്മീരിൽ വെച്ച്  പിടിയിലായതിന്‍റെ മൂന്നാം ദിവസം അഭിനന്ദനെ  സുരക്ഷിതനായിത്തന്നെ വാഗാ ബോർഡർ വഴി ഇന്ത്യയിലേക്ക് തിരിച്ച്  പറഞ്ഞയക്കപ്പെട്ടു. പാക് അധീന കാശ്മീരില്‍ വെച്ച്  ഒരു പാക് വ്യോമസേനാ പൈലറ്റിന്റെ  ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കേണ്ട കാര്യമില്ല. എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഷഹാസുദ്ദീൻ ഒരു ഇന്ത്യൻ വ്യോമസേനാ പൈലറ്റാണ് എന്ന് തെറ്റിദ്ധരിച്ച് ഒരു വാക്കുപോലും ചോദിക്കാൻ മിനക്കെടാതെ, ഒരക്ഷരം പോലും മിണ്ടാൻ അനുവദിക്കാതെ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം അയാളെ  മർദ്ദിച്ച് അവശനാക്കി. മർദ്ദനം തുടരുന്നതിനിടെ പാക് പട്ടാളം എത്തി ഷഹാസുദ്ദീനെ രക്ഷപ്പെടുത്തി  ആശുപത്രിയിൽ എത്തിച്ചെങ്കിലും,   തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകൾ ഒടുവിൽ  അയാളുടെ ജീവനെടുത്തു. 

ഫെബ്രുവരി ഇരുപത്തെട്ടിന് രാവിലെ, രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടു എന്നും രണ്ടു പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ട് എന്നുമാണ്, പാക് സൈന്യത്തലവനായ മേജർ ജനറൽ ആസിഫ് ഗഫൂർ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട്, സൈനികകേന്ദ്രങ്ങൾ അത് ഒരു വിമാനം എന്ന് തിരുത്തി.  യഥാർത്ഥത്തിൽ അന്ന് , തകർന്നു വീണ  F-16 വിമാനാവശിഷ്ടങ്ങളിൽ നിന്നും അത് തങ്ങളുടേത് തന്നെയാണ് എന്ന് തിരിച്ചറിയാനോ, ജനക്കൂട്ടം മർദ്ദിച്ച് മുഖം വികൃതമാക്കിക്കളഞ്ഞ പട്ടാളക്കാരൻ തങ്ങളുടെ പൈലറ്റ് തന്നെയാണെന്നുറപ്പിക്കാനോ ആദ്യം അവർക്ക് പറ്റിക്കാണില്ല. 

പറ്റിയ അബദ്ധം തിരിച്ചറിഞ്ഞപ്പോഴും, തങ്ങളുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു ക്രൂരമായ ആൾക്കൂട്ട കൊലപാതകം  നടന്നു എന്ന് സമ്മതിക്കാനും അവർ തയ്യാറായില്ല. പണ്ട് കാർഗിൽ യുദ്ധം നടന്നപ്പോഴും നുഴഞ്ഞുകയറ്റത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ട വിവരം സമ്മതിക്കാൻ നാണക്കേട് കാരണം പാകിസ്ഥാൻ തയ്യാറായിരുന്നില്ല. അന്ന് നുഴഞ്ഞുകയറ്റത്തിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച 453 സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടതും അവരിൽ ചിലർക്ക് ആ ധീരസേവനങ്ങൾ പരിഗണിച്ച് സൈനിക ബഹുമതികൾ മരണാനന്തരമെങ്കിലും കൈമാറിയതും യുദ്ധം കഴിഞ്ഞ് പത്തുവർഷങ്ങൾക്കിപ്പുറം 2010 -ൽ മാത്രമാണ്.

Follow Us:
Download App:
  • android
  • ios