Asianet News MalayalamAsianet News Malayalam

ഗുജറാത്ത് സിംഹങ്ങളെ കൂട്ടിലടച്ച് മുംബൈ ഒന്നാമത്

Mumbai beat Gujrat lions by 6 wicket
Author
Mumbai, First Published Apr 16, 2017, 2:24 PM IST

മുംബൈ: സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഗുജറാത്ത് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ മറികടന്നു. സ്കോര്‍ ഗുുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 176/4, മുംബൈ ഇന്ത്യന്‍സ് 19.3 ഓവറില്‍ 177/4.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ പാര്‍ഥിവ് പട്ടേലിനെ(0) നഷ്ടമായ മുംബൈ നിതീഷ് റാണ(36 പന്തില്‍ 53), ക്യാപ്റ്റന്‍ രോഹിത് ശര്‍മ(29 പന്തില്‍ 40 നോട്ടൗട്ട്), പൊള്ളാര്‍ഡ്(23 പന്തില്‍ 39) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് അനായാസ ജയം നേടിയത്. അഞ്ച് കളികളില്‍ മുംബൈയുടെ നാലാം ജയമാണിത്. നാലു കളികളില്‍ മൂന്നാം തോല്‍വിയോടെ ഗുജറാത്ത് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഗുജറാത്തിനും ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. സ്മിത്ത്(0) പുറത്തായശേഷം മക്കല്ലവും(44 പന്തില്‍ 64), ക്യാപ്റ്റന്‍ സുരേഷ് റെയ്നയും(29 പന്തില്‍ 28) ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടു നയിച്ചെങ്കിലും സ്കോറിംഗിന് വേഗം കുറവായിരുന്നു. മധ്യനിരയില്‍ 26 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്സാണ് ഗുജറാത്തിനെ 177ല്‍ എത്തിച്ചത്. ജേസണ്‍ റോയ് ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.

 

 

Follow Us:
Download App:
  • android
  • ios