ചേർത്തല: അമ്മയ്ക്ക് സമ്മാനം ലഭിച്ച 500 രൂപാവാങ്ങാനെത്തിയ മകൻ എടുത്ത ലോട്ടറിയിൽ കൈവന്നത് 75 ലക്ഷത്തിന്റെ ഭാഗ്യം. സംസ്ഥാന സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് നഗരസഭ മൂന്നാം വാർഡിൽ കൊച്ചുചിറയിൽ എം വിജിമോനെ തേടിയെത്തിയത്. 

തിങ്കളാഴ്ച നറുക്കെടുത്ത വിൻവിൻ ഡബ്ല്യുജെ 693433 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയിലൂടെ അമ്മ പത്മവല്ലിക്ക് 500 രൂപാ സമ്മാനമായി അടിച്ചിരുന്നു. ടിക്കറ്റ് പണമാക്കി മാറ്റാനാണ് പത്മവല്ലി മകനെ ഏൽപ്പിച്ചത്. വടക്കേ അങ്ങാടി കവലയിലുള്ള അക്ഷയ ലക്കിസെന്ററിലെത്തിയപ്പോൾ സമ്മാന തുക നൽകാൻ അപ്പോൾ അവിടെ പണമില്ലായിരുന്നു. 

പണത്തിനുപകരമായി മൂന്നു വിൻവിൻ ലോട്ടറിയെടുത്താണ് വിജിമോൻ മടങ്ങിയത്. വൈകിട്ട് ബാക്കിതുക വാങ്ങാനെത്തി. അപ്പോഴാണ് രാവിലെ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചവിവരം വിജിമോന്‍ അറിയുന്നത്. എടുത്ത മറ്റുരണ്ടു ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായ 8000രൂപ വീതവും ലഭിച്ചു. 

സമ്മാനാർഹമായ ടിക്കറ്റ് ചേർത്തല അർബൻ ബാങ്കിലേൽപിച്ചു. നഗരാതിർത്തിയിൽ വയലാർ പാലത്തിനു സമീപം ചെറിയ കടയുണ്ട് പത്മവല്ലിക്ക്. അവിടെ ലോട്ടറിക്കാരെത്തുമ്പോൾ ലോട്ടറിയെടുക്കും. ഇങ്ങനെയെടുത്ത കാരുണ്യ ടിക്കറ്റിനാണ് 500 രൂപയുടെ സമ്മാനമടിച്ചത്. കുമ്പളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് വിജിമോൻ. ചോർന്നൊലിക്കുന്ന വീടു പുതുക്കണം, ബാങ്കിലുള്ള കടം വീട്ടണം ഇതൊക്കെയാണ് ആഗ്രഹങ്ങൾ.