തിരുവനന്തപുരം: സോഫ്റ്റ് വെയറിലെ പിഴവും സ്വകാര്യലാബുകൾ വിവരം നൽകാത്തതുമാണ് സംസ്ഥാനത്തെ കൊവിഡ് പരിശോധന കുറയാൻ കാരണമെന്ന് ആരോഗ്യവകുപ്പ്. പരിശോധനാ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന സോഫ്റ്റ്വെയറിൽ വന്ന മാറ്റം മൂലം പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടിവരുന്നുവെന്നാണ് വിശദീകരണം. സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

കൊവിഡ് പരിശോധനകളും ഫലങ്ങളും ഏകോപിപ്പിക്കുന്നതും രേഖപ്പടുത്തുന്നതും ഹെൽത്ത്മോൻ എന്ന് സോഫ്വെയറിലൂടെയാണ്. ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ച് നാഷണൽ ഇൻഫർമാറ്റിക് സെന്റർ സംസ്ഥാനത്തിന് തയ്യാറാക്കി നൽകിയതാണ് ഈ സോഫ്റ്റ്വെയർ. പേരും വിലാസവും ഉൾപ്പടെയുള്ള പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തിയാൽ പരിശോധന നടത്തുന്നതിനായുള്ള പേഷ്യന്റ് ഐഡി ലഭിക്കുന്നതായിരുന്നു നേരത്തെ ഹെൽത്ത്മോന്റെ സംവിധാനം. അടുത്തിടെയുണ്ടായ സോഫ്റ്റ്‍വെയർ അപ്ഡേഷൻ കാര്യങ്ങൾ അവതാളത്തിലാക്കി.

പുതിയ വെർഷനിൽ രോഗിയെ സംബന്ധിക്കുന്ന 21 ൽ അധികം വിവരങ്ങൾ പൂരിപ്പിച്ചാൽ മാത്രമേ പേഷ്യൻ ഐഡി കിട്ടൂ. നാല് പേജോളം വരും ഇത്. ഈ വിവരങ്ങൾ ശേഖരിക്കാനും അപ്ലോഡ് ചെയ്യാനും അരമണിക്കൂറോളം വേണം. കംപ്യൂട്ടർ പരിചയം കുറവുള്ളവരാണ് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതെങ്കിൽ പിന്നെയും സമയമെടുക്കും. ഇങ്ങനെ ഓരോ രോഗിക്കും ചെലവിടേണ്ട സമയത്തിൽ വന്ന മാറ്റമാണ് പരിശോധനകൾ കുറയാൻ ഒരു കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആധാർ നമ്പർ മാത്രം പൂരിപ്പിച്ചാൽ പരിശോധന നടത്താനാകുന്ന രീതിയിൽ മാറ്റം വരുത്തണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം.

ചില സ്വകാര്യ ആശുപത്രികളും ലാബുകളും പോസിറ്റീവ് ഫലം കിട്ടുന്ന പരിശോധനകളുടെ എണ്ണം മാത്രമാണ് ഇപ്പോൾ സർക്കാരിന് കൈമാറുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ലാബ് നെഗറ്റീവ് ഫലം കിട്ടിയ 2000ഓളം ആന്റിജൻ പരിശോധ വിവരങ്ങൾ കൈമാറിയിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടിയിട്ടും അത് പ്രതിഫലിക്കാത്തതിന് കാരണം ഇതാണെന്നാണ് വിശദീകരണം. ദിനംപ്രതിയുള്ള പരിശോധനകൾ ഒരു ലക്ഷത്തിലക്ക് എങ്കിലും ഉയർത്തണമെന്ന ആവശ്യങ്ങൾക്കിടെ 60,000ലേക്കും 50,000ലേക്കുമൊക്കെ പരിശോധനകൾ ഇടിഞ്ഞത് ബോധവൂപൂർവ്വമാണെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.