തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 679 പേർ രോഗമുക്തി നേടി. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 55 പേരും വിദേശത്ത് നിന്നും വന്ന 122 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേരും ഉൾപ്പെടുന്നു. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ  - 

ഇന്ന് സംസ്ഥാനത്ത് 1167 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 679 പേർക്ക് രോഗമുക്തിയുണ്ടായി. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 55 പേരുണ്ട്. വിദേശത്ത് നിന്നും വന്ന 122 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേർ എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്. 

33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹിമാൻ, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീൻ, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെൽവമണി.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

കഴിഞ്ഞ 24 മണിക്കൂറിൽ 19140 സാമ്പിളുകളാണ് പരിശോധിച്ചത്. ഇപ്പോൾ ചികിത്സയിൽ ഉള്ളത്, 10091 പേരാണ്. 1167 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതു വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആയി. ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,616 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി, 1,16,418 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 113713 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകൾ 486 ആണ്.

ഇത് വരെ 24,823 ടെസ്റ്റുകൾ ചെയ്തു. 6282 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചു. പുല്ലുവിള ഉൾപ്പടെ കടലോര മേഖലയിൽ ഇന്ന് 1150 ആൻറിജൻ ടെസ്റ്റ് നടത്തി. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മേഖലയിൽ രോഗം വർദ്ധിക്കുന്നു. ഇന്നലെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ആൻറിജൻ പരിശോധനയ്ക്ക് വിധേയരായ 67 പേരിൽ 45 പേർക്കും രോഗം കണ്ടെത്തി. 

ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ലാത്തത് സാഹചര്യത്തിൻറെ ഗൗരവം കൂട്ടുന്നു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ നിലവിൽ കണ്ടെയ്ൻമെൻറ് സോണുകളായ 4, 27 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളും ഒപ്പം കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുന്നതാണ് ഏറ്റുമാനൂർ ക്ലസ്റ്റർ.
 
എറണാകുളം ജില്ലയിലെ ആലുവ, കീഴ്മാട് പ്രദേശത്ത് രോഗവ്യാപനം തുടരുകയാണ്. ചെല്ലാനം ക്ലസ്റ്ററിൽ കേസുകൾ കുറഞ്ഞു. പട്ടാമ്പി ക്ലസ്റ്ററിൽ നിന്ന് തൃശ്ശൂരിൽ സമ്പർക്കരോഗബാധിതരാവുന്നവരുടെ എണ്ണം കൂടി. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും സമീപത്തും ഇത് വരെ ആകെ 3703 പേരിലാണ് പരിശോധന നടത്തിയത്. ഇന്നലെ വരെ 271 പേർക്ക് രോഗം കണ്ടെത്തി. പട്ടാമ്പിയിൽ റാപ്പിഡ് റെസ്പോൺസ് ടീം 7000 വീടുകളിൽ സർവേ നടത്തി. 122 പേർക്ക് ലക്ഷണം കണ്ടെത്തി ആൻറിജൻ പരിശോധന നടത്തി. ഇതിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിക്കുന്നത് കൊണ്ടോട്ടിയിലാണ്. കോഴിക്കോട് മെഡി. കോളേജിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയതോടെ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ടെസ്റ്റ് നടത്തി. 

ജില്ലയിൽ കഴിഞ്ഞ ദിവസം 12 അതിഥിത്തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. തിരികെ വരുന്ന അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ തൊട്ടടുത്ത ലേബർ ഓഫീസിൽ അറിയിക്കണം. മരണാനന്തരച്ചടങ്ങുകളിലും വിവാഹച്ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കർശനമായി നിയന്ത്രിക്കണം. വാർഡ് ആർആർടികളുടെ സാക്ഷ്യപത്രത്തോടെ മാത്രമേ, വിവാഹം, മരണം എന്നീ സർട്ടിഫിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങൾ നൽകൂ. ചെക്യാട് പഞ്ചായത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത മുപ്പതിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 98 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 43 പേർ കൂടി പോസിറ്റീവായി. പഞ്ചായത്ത് ഇന്നലെ കണ്ടെയ്ൻമെന്‍റ് സോണാക്കി. കോഴിക്കോട് മെഡി. കോളേജിൽ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തച്ചടങ്ങിന് ശേഷം നാട്ടിൽ രണ്ട് വിവാഹച്ചടങ്ങുകളും നടന്നു. ഇതിൽ നിരവധിപ്പേർ പങ്കെടുത്തു. ഇതാണ് രോഗവ്യാപനം അധികമാക്കിയത്. ഈ ചടങ്ങുകളിൽ പങ്കെടുത്തവരോട് ഉടൻ വിവരമറിയിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ശ്വാസതടസ്സമുള്ളവർ, ഗർഭിണികൾ, എയർപോർട്ട് ജീവനക്കാർ, വൃദ്ധർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് മുൻഗണന നൽകി എമർജൻസി ഫലം നൽകാറുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്നതാണ് മിക്ക ലാബുകളും. ഇന്നലെ മാത്രം 7012 ആർടിപിസിആർ റുട്ടീൻ സാമ്പിളുകളാണ് പരിശോധിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് ഇവരീ പരിശോധന നടത്തുന്നത്. അവരുടെ മനോവീര്യം തകർക്കരുത്. പരിശോധന പരമാവധി കൂട്ടാനാണ് ശ്രമം.

ഒരു മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷം നേരത്തേ പറഞ്ഞു. ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളിൽ ദഹിപ്പിച്ച് സംസ്കരിക്കാൻ ലത്തീൻ രൂപത തീരുമാനിച്ചു. ചിതാഭസ്മം സെമിത്തേരിയിൽ അടക്കം ചെയ്യുമെന്നുമാണ് ബിഷപ്പ് ജെയിംസ് ആനാംപറമ്പിൽ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ഇതിന് എല്ലാ സഹായവും ജില്ലാ ഭരണകൂടം ഇടവകകൾക്ക് നൽകും. വയനാട് ജില്ലയിൽ വെള്ളമുണ്ട പ‍ഞ്ചായത്തിലെ വാരാമ്പറ്റ മഹല്ല് കമ്മിറ്റിയുടെ മാതൃകയും ശ്രദ്ധേയമാണ്. ബത്തേരിയിൽ മരിച്ച വ്യക്തിയുടെ മൃതദേഹം കൊണ്ടുപോകാൻ തടസ്സമുള്ളതുകൊണ്ട് ഇവിടെത്തന്നെ മറവ് ചെയ്യാൻ അവർ അനുവദിച്ചു.

ഈ ഒത്തൊരുമയെ അഭിനന്ദിക്കേണ്ടതാണ്. മാധ്യമങ്ങൾ കുറേയേറെ കൊവിഡ് മരണം റിപ്പോ‍ർട്ട് ചെയ്യുന്നു, അത് കണക്കിലില്ല എന്നും പരാതി വരുന്നു. എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല. കൊവിഡ് പോസിറ്റീവായ ആൾ മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ല. ഡബ്ല്യുഎച്ച്ഒ മാർഗരേഖ അനുസരിച്ച് ആണ് കൊവിഡ് മരണം സ്ഥിരീകരിക്കുക. ഇതനുസരിച്ച് കൊവിഡ് മൂർച്ഛിച്ച് അത് മൂലം അവയവങ്ങളെ ബാധിച്ച് മരണമടഞ്ഞാലേ അത് കൊവിഡ് മരണമാകൂ.ഉദാഹരണത്തിന് കൊവിഡ് ബാധിച്ചയാൾ മുങ്ങി മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തിൽ മരിച്ചാലോ അത് കൊവിഡ് മരണമല്ല, ഗുരുതരമായ മറ്റ് രോഗമുള്ളയാൾ മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ല. ഇത് ആരോഗ്യവകുപ്പിന്‍റെ വിദഗ്ധസംഘമാണ് തീരുമാനിക്കുക.

കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ബക്രീദ് ദിനത്തിൽ പരമാവധി നൂറ് പേർക്കേ പള്ളികളിൽ പ്രാർത്ഥിക്കാൻ അനുമതി നൽകൂ. ചെറിയ പള്ളികളിൽ നൂറ് പേർക്ക് അനുമതി ഇല്ല. കൊവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം പരത്തരുത്. സമൂഹമാധ്യമങ്ങളിൽ അത്തരം വിവരങ്ങളുണ്ട്. ഈ സാഹചര്യങ്ങളിൽ എല്ലാ സമൂഹമാധ്യമഅക്കൗണ്ടുകളും കേരളാ പൊലീസിന്‍റെ ഹൈടെക് ട്രൈം എൻക്വയറി സെല്ലിന്‍റെ നിരീക്ഷണത്തിലാകും. .വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ വിവിധ വകുപ്പുകൾ ചേർത്ത് നടപടി വരും. മാസ്ക് ധരിക്കാത്ത 5026 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച ഏഴ് പേർക്കെതിരെ കേസെടുത്തു

കൊവിഡ് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു. ചെറുകിട വ്യാപാരികളിലും സ്റ്റാർട്ടപ്പുകളിലും വലിയ ബുദ്ധിമുട്ടുകളുണ്ടായി. തദ്ദേശീയ ഉത്പാദനം കൂട്ടേണ്ട അത്യാവശ്യമുണ്ട്. ജോലി നഷ്ടമായവർക്കായി പുതിയ അവസരങ്ങളും വേണം. മൂലധനത്തിന്‍റ അഭാവവും വായ്പാ ലഭ്യത ഇല്ലായ്മയുമാണ് ഇവരുടെ പ്രധാനപ്രശ്നം. അതിന് പരിഹാരമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി എന്നാണിതിന്‍റെ പേര്.

പ്രതിവർഷം 2000 സംരംഭകരെ കണ്ടെത്തി, ആയിരം പുതിയ സംരംഭകർ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷം കൊണ്ട് 5000 പുതിയ യൂണിറ്റുകൾ തുടങ്ങാനാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനം നൽകും. പ്രൊജക്ട് കോസ്റ്റിന്‍റെ 90 ശതമാനം വരെ വായ്പയായി നൽകും. 10 ശതമാനം പലിശയാണ് ഇതിന്. മൂന്ന് ശതമാനം സർക്കാർ വഹിക്കും. ഫലത്തിൽ ഏഴ് ശതമാനമാകും പലിശ.

നിലവിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സഹായവുമായി മൂന്ന് തരം വായ്പാപദ്ധതികൾ തുടങ്ങും. മൂലധനവായ്പയാണ് ഒന്ന്. 10 കോടി രൂപ വരെയാണ് നൽകുക. സീഡ് വായ്പയാണ് രണ്ടാമത്തേത്. സമൂഹപ്രതിബദ്ധതയുള്ള പദ്ധതികൾക്ക് ഒരു കോടി രൂപ വരെയുള്ള വായ്പയാണ്. മൂന്നാമത്തേത് ഐടി കമ്പനികൾക്ക് പത്ത് കോടി വരെ വായ്പ നൽകും. ഇവയ്ക്ക് എല്ലാം രണ്ട് ശതമാനം സർക്കാർ സബ്‍സിഡി ഉണ്ടാകും.

ലൈഫ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ പട്ടികയിൽ പെടാതെ പോയ ഭവനരഹിതർക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം തരികയാണ്. ഓഗസ്റ്റ് 1 മുതൽ 14 വരെ അപേക്ഷ നൽകാം. ഗുണഭോക്തൃപട്ടികയിൽ അർഹരെ ഉൾപ്പെടുത്താൻ മാർഗരേഖ പുറപ്പെടുവിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡസ്ക് വഴി അപേക്ഷിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവർ ഒറ്റ കുടുംബമായിട്ടാണ് പരിഗണിക്കുക. ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ - ഇവർക്കെല്ലാം അപേക്ഷിക്കാം.