തിരുവനന്തപുരം: കണ്‍സൾട്ടൻസികളുടെ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നത ഉദ്യോഗസ്ഥർക്ക് കീഴിലെ കരാർ നിയമനങ്ങളും പരിശോധിക്കാൻ സിപിഎം. ലക്ഷങ്ങൾ ശമ്പളവും സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗവും വിവാദമായ പശ്ചാത്തലത്തിലാണ് പരിശോധന. അതേസമയം സർക്കാർ മുദ്ര ഉപയോഗിച്ച സ്പെഷ്യൽ സെൽ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ചീഫ് സെക്രട്ടറി തുടരുന്നത്.

ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്നയുടെ നിയമനം ശിവശങ്കറിന്‍റെ ഇഷ്ടദാനമെന്ന് കണ്ടെത്തിയതോടെ മറ്റ് കരാർ നിയമനങ്ങൾ സംബന്ധിച്ചും ആക്ഷേപം ഉയർന്നിരുന്നു. ചീഫ് സെക്രട്ടറിക്ക് കീഴിലെ സ്പെഷ്യൽ സെല്ലിൽ ടീം ലീഡറായി നിരജ്ഞൻനായരുടെയും ,ഡെപ്യൂട്ടി ലീഡർ കവിതാ പിള്ളയുടേയും നിയമനങ്ങളിൽ സർക്കാർ ചുമതലപ്പെടുത്തിയ കിൻഫ്ര സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിയെയാണ് ആശ്രയിച്ചത്. 

മിന്‍റ് എന്ന റിക്രൂട്ട്മെൻറ് സ്ഥാപനമാണ് കരാർ ജീവനക്കാരെ നൽകിയത്. ടീം ലീഡർക്ക് ഒന്നേകാൽ ലക്ഷം വരെ ശമ്പളം. ഡെപ്യൂട്ടി ലീഡർക്ക് 75000വരെ ശമ്പളം.ഇവരുടെ കാലാവധി നീട്ടുന്നതിലും ശമ്പളം കൂട്ടുന്നതിലും ചീഫ് സെക്രട്ടറിക്ക് അധികാരം. കരാർ ജീവനക്കാർക്ക് സെക്രട്ടറിയേറ്റിലെ ഓഫീസും, സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിക്കാനും അനുമതി. 

കണ്‍സൾട്ടൻസി നിയമനങ്ങൾക്കൊപ്പം ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ഇത്തരം നിയമനങ്ങളും പരിശോധിക്കാനാണ് സിപിഎം തീരുമാനം. സെക്രട്ടറിയേറ്റിൽ മാത്രം 340 കരാർ ജീവനക്കാരെയാണ് എൽഡിഎഫ് ഭരണകാലത്ത് നിയമിച്ചത്. താഴെ തട്ട് മുതൽ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ വരെയുള്ള ഈ നിയമനങ്ങളിൽ ഉന്നത തസ്തികളിലാണ് പരിശോധന. 

അതേ സമയം കരാർ ജീവനക്കാർ സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചതിൽ തെറ്റില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. നിരഞ്ജൻ നായരും കവിതാ പിള്ളയും കണ്‍സൾട്ടന്‍റുകളല്ല സർക്കാർ തീരുമാനപ്രകാരം നിയമിച്ച സ്റ്റാഫാണെന്നുമാണ് ചീഫ് സെക്രട്ടറിയുടെ മറുപടി.