കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര കാലമായതോടെ ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കേരളത്തിലുടനീളം ഓപ്പറേഷന്‍ രുചി എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

ബേക്കറി ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നത് ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലാണ്. അതുകൊണ്ട് തന്നെയാണ് ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സജീവമായത്. ഓപ്പറേഷന്‍ രുചി എന്ന പേരില്‍ കേരളത്തിലുടനീളം 42 സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ബേക്കറി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിലാണിത്. നിര്‍മ്മാണ ശാലകളിലെ ശുചിത്വം, ഉപയോഗിക്കുന്ന എണ്ണ, കൃത്രിമ നിറങ്ങള്‍, വെള്ളം എന്നിവയെല്ലാമാണ് പരിശോധിക്കുന്നത്.

ആവശ്യമെങ്കില്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളിലേക്ക് അയക്കും. ഗുരുതരമായ പ്രശ്നങ്ങളുള്ള നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉടന്‍ അടപ്പിക്കുകയും ചെയ്യും. ഈ മാസം 22 വരെ അന്തര്‍ ജില്ലാ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.അതിന് ശേഷം 31 വരെ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക.