Asianet News MalayalamAsianet News Malayalam

മൂക്കറ്റം കടത്തില്‍,ഇനി ഈ വര്‍ഷം കടം എടുക്കാനാകാത്ത സ്ഥിതി,സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

വരവറിയാതെയുള്ള ചിലവ്, തിരിച്ചടക്കാന്‍ വഴി കാണാതെയുള്ള കടമെടുപ്പ്, ധൂര്‍ത്ത്  ഇങ്ങനെ മുന്‍കാലങ്ങളില്‍ ചെയ്ത അച്ചടക്കമില്ലാത്ത സാമ്പത്തിക മാനേജ്മെന്‍റാണ് കേരളത്തെ ഈ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത് 

financial crisis in kerala
Author
First Published Oct 29, 2023, 10:23 AM IST | Last Updated Oct 29, 2023, 10:29 AM IST

എറണാകുളം: ഈ വര്‍ഷം ഇനി  കടം പോലും എടുക്കാനാകാത്ത ഗുരുതര സ്ഥിതിയിലേക്ക്  സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മാറിക്കഴിഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട വിഹിതം അടിയന്തിരമായി ലഭിച്ചില്ലെങ്കില്‍ നവംബറിനു ശേഷം സംസ്ഥാനത്തിന്‍റെ ദൈനംദിന ചിലവുകള്‍ വരെ മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കാം . വകുപ്പുകള്‍ക്കും  വിവിധ ക്ഷേമ പദ്ധതികള്‍ക്കുമായി കൊടുക്കേണ്ട തുക കണ്ടെത്താനായില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം സാധാരണക്കാരേയും ബാധിക്കും

 

മൂക്കറ്റം കടത്തില്‍ എന്ന  പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്‍റെ ധനസ്ഥിതിയുടെ കാര്യത്തില്‍ ശരിയായി മാറുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. നമ്മള്‍ കുറെ നാളായി കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയാറുണ്ടെങ്കിലും അതിപ്പോള്‍ പാരമ്യത്തിലേക്ക് എത്തുകയാണ്.  കടമെടുത്താണ് കുറ നാളായി സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് നമുക്ക് അറിയാം.  എടുക്കുന്ന കടത്തിന്  കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം വെച്ചതും അതിന്‍റെ രാഷ്ടട്രീയ പ്രതിഷേധവുമെല്ലാം നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ കടടെുത്ത് കടമെടുത്ത് ഇനി ഈ വര്‍ഷം കടം പോലും കിട്ടാനില്ലാത്ത സ്ഥിതി വിശേഷത്തിലേക്ക് കേരളം നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ആകെ 21852 കോടി രൂപ കടമെടുക്കാനായിരുന്നു കേരളത്തിന് അനുമതി. അതില്‍ 21800 കോടി രൂപയും നമ്മള്‍ എടുത്തുകഴിഞ്ഞു. ഇനി ബാക്കിയുള്ളത് 52 കോടി രൂപ. ഒക്ടോബര്‍ അവസാനമായതേയുള്ള. ഇനിയും വര്‍ഷം കടക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ട്  ആ മാസങ്ങളില്‍ എന്തു ചെയ്യുമെന്നതിന് ധനവകുപ്പിന് ഇപ്പോഴും വ്യക്തതയില്ല.  

 സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കുറഞ്ഞതും കടമെടുപ്പിന് നിയന്ത്രണം വരുത്തിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. സാമ്പത്തിക പ്രതിസന്ധി കേരളത്തിന്‍റെ മാത്രം പ്രശ്നമല്ലെന്നും മറ്റ് സംസ്ഥാനങ്ങളും ഇത് വെല്ലുവിളികള്‍ നേരിടുകയാണെന്നും  ധനവകുപ്പ് പറയുന്നുണ്ട്. ജിഎസ് ടി നഷ്ടപരിഹാരം നിര്‍ത്തിയതുമൂലം 12000 കോടി രൂപ കേരളത്തിന് കുറവുണ്ടായെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റില്‍ 8400 കോടി രൂപയുടെ കുറവുണ്ടായെന്നും കടത്തിന്‍റെ പരിധി നിയന്ത്രിച്ചതുമൂലം 6000 കോടി രൂപ കടമെടുക്കാനായില്ലെന്നും ഇതെല്ലമാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം .ഹെല്‍ത്ത് ഗ്രാന്‍ഡ്, യുജിസി പെന്‍ഡിംഗ് അരിയര്‍  അടക്കം നിരവധി ഇനങ്ങളില്‍ വേറെയും പണം കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ടെന്നാണ് കേരളത്തിന്‍റെ വാദം 2020 21 ല്‍ സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 44 ശതമാനം കേന്ദ്ര വിഹിതമായിരുന്നുവെങ്കില്‍ ഈ സാമ്പത്തിക വര്‍ഷമായപ്പോഴേക്കും അത് 29 ശതമാനമായി കുറഞ്ഞുവെന്നുമാണ് സംസ്ഥാനത്തിന്‍റെ പരാതി . കിഫ്ബിയുടേയും പെന്‍ഷന്‍ ഫണ്ടിനായി എടുത്ത കടവും സംസ്ഥാനത്തിന്‍റെ കടമായേ കാണാനാകുവെന്നും കടമെടുപ്പിന് നിയന്ത്രണം വരുത്തിയില്ലെങ്കില്‍ സംസ്ഥാനം പാപ്പരാകുമെന്നും നിയന്തണം അനിവാര്യമെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്

 

വരവറിയാതെയുള്ള ചിലവ്, തിരിച്ചടക്കാന്‍ വഴി കാണാതെയുള്ള കടമെടുപ്പ്, ധൂര്‍ത്ത്  ഇങ്ങനെ മുന്‍കാലങ്ങളില്‍ ചെയ്ത അച്ചടക്കമില്ലാത്ത സാമ്പത്തിക മാനേജ്മെന്‍റാണ് കേരളത്തെ ഈ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്.  ക്ഷേമനിധി പെന്‍ഷന്‍ വൈകുന്നു, നെല്‍കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കാനാകുന്നില്ല . പണിയെടുത്തവര്‍ക്ക്   കൂലി പോലും  നല്‍കാന്‍ കഴിയാത്ത സ്ഥതിയിലേക്ക്  പലമേഖലകളിലും പ്രതിസന്ധി മാറിയിരിക്കുകയാണ്.ട്രഷറിയിലടക്കം കൊടുക്കാനുള്ള പണത്തിന് നിയന്ത്രണം വന്നുകഴിഞ്ഞു. പദ്ധതി നിര്‍വ്വഹണത്തേയും ബാധിച്ചു. പണം കിട്ടാത്തതിനാല്‍ കരാറുകാരും പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നു. സമസ്ത മേഖലകളേയും പ്രതിസന്ധി ബാധിച്ചുകഴിഞ്ഞു . 

 

 

Latest Videos
Follow Us:
Download App:
  • android
  • ios