തിരുവനന്തപുരം: കാരുണ്യ സുരക്ഷാ പദ്ധതി വഴിയുള്ള സൗജന്യ ചികിത്സ പ്രായോഗികമല്ലെന്ന് സർക്കാർ ആശുപത്രികൾ. നിലവിൽ നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ അനുസരിച്ച് ചികിത്സ നൽകിയാൽ തങ്ങൾക്ക് വൻ ബാധ്യത ഉണ്ടാകുമെന്ന് വ്യക്തമാക്കി ആശുപത്രികൾ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ‌ചിയാക് എന്ന സര്‍ക്കാര്‍ ഏജൻസി ഇൻഷുറൻസ് കമ്പനിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും  കത്തിൽ  ആരോപിക്കുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അനുസരിച്ച് ശസ്‌ത്രക്രിയകൾ അടക്കം പല ചികിത്സകൾക്കും നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ വളരെ കുറവാണെന്ന പരാതി തുടക്കത്തിൽ തന്നെ ഉയർന്നിരിന്നു. ഇതുകാരണം ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ ചേർന്നിരുന്നില്ല. ഇതിനിടയിലാണ് പദ്ധതി പ്രായോഗികമല്ലെന്ന നിലപാടുമായി സർക്കാർ ആശുപത്രികൾ രംഗത്തെത്തിയിരിക്കുന്നത്. ഹൃദയ ശസ്ത്രക്രിയകൾക്ക് അടക്കം നിശ്ചയിച്ചിട്ടുള്ള പാക്കേജ് വളരെ കുറവാണെന്നും നഷ്ടം സഹിച്ച് ചികിത്സ തുടർന്നാൽ ആശുപത്രികൾ വൻ കട ബാധ്യതയിലേക്ക് പോകുമെന്നും ആശുപത്രി അധികൃതർ പറയുന്നു. 

ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഇതിലേക്ക് വകമാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കും. അതുകൊണ്ട് നിരക്കുകൾ അടിയന്തിരമായി പരിഷ്കരിക്കണമെന്നും അല്ലെങ്കിൽ അധിക തുക നൽകണമെന്നും ആശുപത്രി അധികൃതർ സർക്കാരിന് നൽകിയിട്ടുള്ള കത്തിൽ പറയുന്നു. നിലവിൽ നിശ്ചയിച്ചിട്ടുള്ള നിരക്കും സർക്കാർ മേഖലയിൽ ചെലവാകുന്ന തുകയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഇൻഷുറൻസ്‌ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഉള്ള ചിയാക് എന്ന സർക്കാർ എജൻസിയുടെ പ്രവർത്തനം പരിശോധിക്കണമെന്ന ആവശ്യവും ആശുപത്രി അധികൃതർ ഉന്നയിച്ചിട്ടുണ്ട്. ഇൻഷുറൻസ് കമ്പനിയുടെ ഏജന്റിനെ പോലെ ആണ് ചിയാക് പ്രവർത്തിക്കുന്നത്. ഇൻഷുറൻസ് കമ്പനിയിൽ നിന്നു പണം വാങ്ങി എടുക്കുന്നതിനു പകരം ആശുപത്രികൾക്കും സർക്കാരിനും നഷ്ടം സംഭവിക്കുന്ന തരത്തിൽ ആണ് ചിയാക്കിന്റെ പ്രവർത്തനം എന്നാണ്  ആശുപത്രികൾ ആരോപിക്കുന്നത്.