Asianet News MalayalamAsianet News Malayalam

മാർക്ക് ദാനം; ജലീൽ പരിഗണിക്കാൻ നിർദേശിച്ച അപേക്ഷ തള്ളി കേരള സർവകലാശാല

ബി കോം തോറ്റ വിദ്യാർത്ഥിനിയെ ജയിപ്പിക്കാൻ ആയിരുന്നു നീക്കം. ഗ്രേസ് മാർക്ക് നൽകണമെന്ന വിദ്യാർത്ഥിനിയുടെ ആവശ്യം പരീക്ഷ സമിതി ആദ്യം  ശരി വെച്ചിരുന്നു. 

grace mark controversy kerala university rejected  jaleels application
Author
Thiruvananthapuram, First Published Oct 30, 2019, 11:45 PM IST

തിരുവനന്തപുരം: ബി കോം തോറ്റ വിദ്യാർത്ഥിനിയെ ഗ്രേസ് മാർക്ക് നൽകി ജയിപ്പിക്കുന്നത് പരിഗണിക്കണമെന്ന മന്ത്രി കെടി ജലീലിന്‍റെ അപേക്ഷ തള്ളി കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് യോഗം. നേരത്തെ പരീക്ഷാ സ്ഥിരം സമിതി മാർക്ക് ദാനത്തിന് തീരുമാനിച്ചത് വിവാദമായിരുന്നു. ഈ വിദ്യാർത്ഥിനിക്ക് ബിപിഎഡിന് പ്രവേശനം നൽകിയ നടപടി കണ്ണൂർ സർവ്വകലാശാലയും ഇന്ന് റദ്ദാക്കിയിരുന്നു.

അസാധാരണ നടപടികളിലൂടെ ബികോം തോറ്റ വിദ്യാർത്ഥിനിയെ ജയിപ്പിക്കാൻ ശ്രമിക്കുന്നു, ജയിക്കും മുമ്പ് തന്നെ ബിപിഎഡിന് പ്രവേശനം നൽകുന്നു, പെൺകുട്ടിയുടെ അപേക്ഷ പരിഗിണക്കാൻ മന്ത്രി തന്നെ ആവശ്യപ്പെടുന്നു തുടങ്ങി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ചട്ടം ലംഘിച്ചുള്ള പ്രവേശനനടപടികളാണ് ഒടുവിൽ രണ്ട് സർവ്വകലാശാലാകൾ തിരുത്തിയത്. ബികോം പരീക്ഷ പാസ്സായതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് വ്യവസ്ഥയിലായിരുന്നു കണ്ണൂർ സർവ്വകലാശാല പെൺകുട്ടിക്ക് പ്രവേശനം നൽകിയത്. 

2016ലെ ഒന്നാം വർഷം ബി കോം പരീക്ഷക്ക് സ്പോർട്സിനുള്ള ഗ്രേസ് മാർക്ക് കുട്ടിക്ക് അനുവദിച്ചിരുന്നു. 2018ലെ പരീക്ഷക്കും ഗ്രേസ് മാർക്ക് നൽകണമെന്ന വിചിത്രമായ അപേക്ഷ സർവ്വകലാശാല ആദ്യം തള്ളി. പക്ഷേ, പിന്നീട് മന്ത്രി ജലീലിന് പരാതി നൽകി. പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതോടെ കേരള സർവ്വകലാശാല പരീക്ഷ സ്ഥിരം സമിതി ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചു. എം ജി സർവ്വകലാശാല മാർക്ക് ദാനവിവാദത്തിന് പിന്നാലെ ഈ സംഭവം ചർച്ചയായതോടെയാണ് കണ്ണൂർ- കേരള സർവ്വകലാശാലകൾ ഒടുവിൽ നീക്കം പിൻവലിച്ചത്. 

അപേക്ഷ നിരസിക്കാൻ കേരള സിണ്ടിക്കേറ്റ് തീരുമാനിച്ചു. ഇതോടൊപ്പം ഗ്രേസ് മാർക്കിനുള്ള മറ്റ് ആറ് വിദ്യാർത്ഥികളുടെ അപേക്ഷയും തള്ളി. കണ്ണൂർ സർവ്വകലാശാല വിസി വിദ്യാർത്ഥിനിക്ക് അനധികൃതമായി പ്രവേശനം നൽകിയ കായിക വകുപ്പ് തലവനെ മാറ്റി. പ്രവേശനത്തട്ടിപ്പിനെക്കുറിച്ചന്വേഷിക്കാൻ രജിസ്ട്രാറിന്‍റെ നേതൃത്വത്തിൽ മൂന്നംഗസമിതിയേയും നിയോഗിച്ചു.

ആറ് മാസമാണ് ചട്ടംലഘിച്ച് വിദ്യാർത്ഥിനി കണ്ണൂരിൽ പഠിച്ചത്. സർവ്വകലാശാലകൾ ഒടുവിൽ തെറ്റ് തിരുത്തിയെങ്കിലും ചട്ടം ലംഘിച്ചുള്ള് മാർക്ക് ദാനത്തെ പിന്തുണച്ച മന്ത്രിയുടെ നടപടി വീണ്ടും സംശയത്തിനറെ നിഴലിലാകുകയാണ്.

Follow Us:
Download App:
  • android
  • ios