Asianet News MalayalamAsianet News Malayalam

ജലനിരപ്പ് കുറവ്: ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്ക ഒഴിയുന്നു

രണ്ട് വർഷം മുമ്പ് ഇതേ സമയത്ത് ഓറഞ്ച് അലർട്ടിലായിരുന്നു ഇടുക്കി ഡാം. ജലനിരപ്പ് 2,995 അടി പിന്നിട്ടിരുന്നതിനാൽ ഏത് നിമിഷവും ഡാം തുറക്കേണ്ടി വരുമോ എന്നായിരുന്നു അന്ന് ആശങ്ക.

Idukki Dam Water Level
Author
Idukki, First Published Jul 31, 2020, 7:31 AM IST

ഇടുക്കി: ഈ കാലവർഷക്കാലത്ത് ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്ക ഒഴിയുന്നു. കാലവർഷം പകുതിയായപ്പോൾ ഇടുക്കി ഡാമിൽ 34 ശതമാനം മാത്രം വെള്ളമാണുള്ളത്. ഇടമലയാർ, മാട്ടുപ്പെട്ടി, പമ്പ തുടങ്ങി പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് 30 ശതമാനത്തിന് താഴെയാണ്.

കേന്ദ്ര ജലകമ്മീഷന്‍റെ റൂൾ കർവ് അനുസരിച്ച് ഇപ്പോൾ ജലനിരപ്പ് 2,380 അടിയിൽ എത്തിയിരുന്നെങ്കിൽ ഇടുക്കി ഡാം തുറക്കേണ്ടിയിരുന്നു. എന്നാൽ നിലവിൽ ഡാമിലെ ജലനിരപ്പ് 2,333 അടി മാത്രമാണ്. നിർദ്ദേശിച്ച റൂൾ കർവിനേക്കാൾ 47 അടി വെള്ളം കുറവ്. രണ്ട് വർഷം മുമ്പ് ഇതേ സമയത്ത് ഓറഞ്ച് അലർട്ടിലായിരുന്നു ഇടുക്കി ഡാം. ജലനിരപ്പ് 2,995 അടി പിന്നിട്ടിരുന്നതിനാൽ ഏത് നിമിഷവും ഡാം തുറക്കേണ്ടി വരുമോ എന്നായിരുന്നു അന്ന് ആശങ്ക. കാലവർഷത്തിന്‍റെ ആദ്യഘട്ടങ്ങളിൽ ഇതുപോലെ അണക്കെട്ടുകൾ നിറയുന്നത് ഒഴിവാക്കാനാണ് കേന്ദ്രജലമ്മീഷൻ പിന്നീട് റൂൾ കർവ് കൊണ്ടുവന്നത്.

മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോൽപാദനം കൂട്ടിയതിനൊപ്പം മഴയിൽ കാര്യമായ കുറവുണ്ടായതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണം. 44 ശതമാനം കുറവാണ് ഇടുക്കിയിൽ മാത്രം കാലവർഷത്തിൽ ഉണ്ടായിരിക്കുന്നത്. ഇടമലയാർ അണക്കെട്ടിൽ 26 ഉം പമ്പയിൽ 24 ഉം മാട്ടുപ്പെട്ടി ഡാമിൽ 12 ശതമാനവും വെള്ളം മാത്രമാണുള്ളത്. ലോവർപെരിയാർ അണക്കെട്ടിൽ മാത്രമാണ് അൽപം വെള്ളം കൂടുതൽ, 60 ശതമാനം. ഇനി പെട്ടെന്ന് മഴ കനത്താലും ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെന്ന ആശ്വാസത്തിലാണ് കെഎസ്ഇബിയും.

Follow Us:
Download App:
  • android
  • ios