Asianet News MalayalamAsianet News Malayalam

കേള്‍വി തീരെ ഇല്ലാത്തവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും ഒഴിവാക്കിയെന്നത് അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി

വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച 4 ശതമാനം സംവരണത്തിലെ 49 തസ്തികകള്‍ നിശ്ചയിച്ചത്. പുതിയ ഭിന്നശേഷി അവകാശ നിയമം 2016 അനുസരിച്ച് ഓരോ തസ്തികയും അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്. 

K K Shailaja deny the news that those whoa are deaf will not get government jobs
Author
Trivandrum, First Published Oct 17, 2020, 7:07 PM IST

തിരുവനന്തപുരം: കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ . സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച 4 ശതമാനം സംവരണത്തിലെ 49 തസ്തികകള്‍ നിശ്ചയിച്ചത്. ഈ 49 തസ്തികകളില്‍ പൂര്‍ണമായ കേള്‍വി ഇല്ലാത്തവര്‍ക്ക് ഇല്ലെന്നു കരുതി മറ്റനേകം തസ്തികകള്‍ അവര്‍ക്കായുണ്ട്. ഈയൊരു ഒറ്റ നോട്ടിഫിക്കേഷന്‍ വച്ച് കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഭിന്നശേഷി സംവരണം ഇല്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രി. 

പുതിയ ഭിന്നശേഷി അവകാശ നിയമം 2016 അനുസരിച്ച് ഓരോ തസ്തികയും അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്. ഓരോ ജോലിയുടെയും ജോബ് റിക്വയര്‍മെന്‍റ് അനുസരിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശാസ്ത്രീയമായി വിലയിരുത്തിയാണ് അനുയോജ്യമാണോയെന്ന് കണ്ടെത്തുന്നത്.

ആരോഗ്യമന്ത്രിയുടെ വാക്കുകള്‍

സര്‍ക്കാര്‍ മേഖലയ്ക്ക് പുറമേ എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാകെ ഭിന്നശേഷി സംവരണം ഈ സര്‍ക്കാരാണ് നടപ്പിലാക്കിയത്. അര്‍പിഡബ്ല്യുഡി ആക്ട് അനുസരിച്ച് ഏതൊക്കെ വിഭാഗങ്ങളില്‍ എന്തൊക്കെ സംവരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സാമൂഹ്യ നീതിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എക്‌സപേര്‍ട്ട് കമ്മിറ്റിയാണ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, നിഷ് ഡയറക്ടര്‍, വികലാംഗ ക്ഷേമ സംഘടനകള്‍ എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഫിസിക്കല്‍ റിക്വയര്‍മെന്‍റും ഫങ്ഷണല്‍ റിക്വയര്‍മെന്‍റും നോക്കിയാണ് ജോലിക്ക് നോട്ടിഫൈ ചെയ്യുന്നത്. ഓരോ ജോലിക്കും ശാരീരികമായി എന്തൊക്കെ ആവശ്യകത ആവശ്യമാണ് എന്ന് ശാസ്ത്രീയമായി വിലയിരുത്തിയാണ് ആ ജോലിക്കു വേണ്ട യോഗ്യത കണക്കാക്കുന്നത്. 

ഓരോ തസ്തികകളും ഓരോ ഭിന്നശേഷി വിഭാഗത്തിനും എത്രത്തോളം ചെയ്യാന്‍ സാധിക്കുമെന്ന് നിഷിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘം പഠിച്ച ശേഷമാണ് നോട്ടിഫൈ ചെയ്യുന്നത്. ഈ 49 തസ്തികകളില്‍ പൂര്‍ണമായ കേള്‍വി ഇല്ലാത്തവര്‍ക്ക് ഇല്ലെന്നു കരുതി മറ്റനേകം തസ്തികകള്‍ അവര്‍ക്കായുണ്ട്. ഈയൊരു ഒറ്റ നോട്ടിഫിക്കേഷന്‍ വച്ച് കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഭിന്നശേഷി സംവരണം ഇല്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. മാസത്തിലൊരിക്കലെങ്കില്‍ ഈ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കൂടി എല്ലാ തസ്തികകളും പരിശോധിക്കുന്നുണ്ട്. നിഷിലെ വിദഗ്ധ സംഘം കണ്ടെത്തുന്നത് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വിലയിരുത്തി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപ്പിലാക്കുന്നത്. ഈ നോട്ടിഫിക്കേഷനിലെ ഏതെങ്കിലും ജോലിയില്‍ പൂര്‍ണമായ കേള്‍വി ഇല്ലാത്തവര്‍ക്ക് അര്‍ഹതപ്പെട്ടതുണ്ടെന്ന് കണ്ടെത്തിയാല്‍ പുനപരിശോധിക്കാന്‍ തയ്യാറുമാണ്.

ഭിന്നശേഷി സംവരണം 4 ശതമാനമാക്കിയപ്പോള്‍ ബാക്കി മൂന്ന് ശതമാനത്തിന് കണ്ടെത്തിയ തസ്തികകള്‍ പരിശോധിച്ചാണ് നാലാമത്തെ ശതമാനത്തിന് ഏതൊക്കെ തസ്തികകളില്‍ ജോലി ചെയ്യാന്‍ പറ്റുമെന്നത് കണക്കാക്കിയത്. അല്ലാതെ പൂര്‍ണമായി കേള്‍വിയില്ലാത്തവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെയുള്ള അയിരക്കണക്കിന് തസ്തികകളില്‍ പൂര്‍ണ കേള്‍വിശക്തി ഇല്ലാത്തവര്‍ക്കും നിലവില്‍ നിരവധി തസ്തികകളുണ്ട്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന തസ്തികകള്‍ കണ്ടെത്തി നിയമനം നടത്തി വരുന്നുണ്ട്. സ്ഥാനക്കയറ്റത്തിനും യാതൊരു തടസവുമില്ല. ചെയ്യാന്‍ കഴിയാത്ത ജോലിയാണ് സ്ഥാനക്കയറ്റമെങ്കില്‍കൂടി അവര്‍ക്ക് പറ്റിയ തസ്തികയില്‍ അതേ റാങ്കില്‍ സ്ഥാനക്കയറ്റം നല്‍കുന്നതാണ്. ഉത്തരവില്‍ എന്തെങ്കിലും വ്യക്തത കുറവുണ്ടെങ്കില്‍ അത് പുനപരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios