Asianet News MalayalamAsianet News Malayalam

കേരള സർവകലാശാലയിൽ റീവാല്യുവേഷൻ ചട്ടം ഭേദഗതി ചെയ്തതിൽ വിവാദം

ഒറ്റ പ്രാവശ്യം പുനർമൂല്യനിർണയം നടത്തി, അതിൽ കിട്ടുന്ന മാർക്ക് അനുവദിക്കുന്നതായിരുന്നു ഭേദഗതി. സിപിഎം അംഗങ്ങൾ മാത്രമുള്ള സിന്റിക്കേറ്റാണ് തീരുമാനം എടുത്തത്

Kerala University Revaluation amendment rule makes controversy
Author
Thiruvananthapuram, First Published Mar 3, 2020, 6:45 AM IST

തിരുവനന്തപുരം: മാർക്ക് ദാനത്തിന് പിന്നാലെ കേരള സർവകലാശാലയിൽ പരീക്ഷ ഫലങ്ങളുടെ പുനഃപരിശോധനാചട്ടം ഭേദഗതി ചെയ്തതിനെ ചൊല്ലിയും വിവാദം. ആദ്യ പുനർമൂല്യനിർണയത്തിൽ പത്ത് ശതമാനത്തിലധികം മാർക്ക് കിട്ടിയാൽ വീണ്ടും മൂല്യനിർണയം നടത്തണമെന്ന ചട്ടം പിൻവലിച്ചതാണ് വിവാദമായത്. നൂറുക്കണക്കിന് വിദ്യാർത്ഥികളാണ് ഭേഗതിയിലൂടെ പാസ്സായത്. വിവാദമായതോടെ ചട്ടഭേദഗതി പിൻവലിച്ചെങ്കിലും മാർക്ക് ലിസ്റ്റുകളെല്ലാം വിതരണം ചെയ്തുകഴിഞ്ഞു.

ആദ്യ ഫലത്തെക്കാൾ പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക്‌ പുനർമൂല്യനിർണയത്തിൽ, കിട്ടിയാൽ വീണ്ടും മൂല്യനിർണയം നടത്തണം. രണ്ട് പുനർമൂല്യ നിർണയ ഫലങ്ങളുടെ ശരാശരി മാർക്ക് വിദ്യാർത്ഥിക്ക് നൽകണം. ഇതാണ് സർവകലാശാല ചട്ടം. കഴിഞ്ഞ ജൂണിൽ മൂന്നാമത്തെ മൂല്യനിർണയം പിൻവലിച്ച് കേരള സർവകലാശാല ചട്ടം ഭേദഗതി ചെയ്തു. ഒറ്റ പ്രാവശ്യം പുനർമൂല്യനിർണയം നടത്തി, അതിൽ കിട്ടുന്ന മാർക്ക് അനുവദിക്കുന്നതായിരുന്നു ഭേദഗതി. സിപിഎം അംഗങ്ങൾ മാത്രമുള്ള സിന്റിക്കേറ്റാണ് തീരുമാനം എടുത്തത്.

തുടർന്ന് നടന്ന ഡിഗ്രി പരീക്ഷകളിൽ തോറ്റ വിദ്യാർത്ഥികൾക്കാണ് ഈ ഭേദഗതിയുടെ ഗുണം കിട്ടിയത്. ബിഎ, ബിടെക്ക്, എൽഎൽബി പരീക്ഷകളിൽ തോറ്റ കുട്ടികൾ, ഒറ്റത്തവണ പുനർമൂല്യനിർണയത്തിലൂടെ ജയിച്ചു. എൽഎൽബി ലോ ഓഫ് ക്രൈം പേപ്പറിന് ആദ്യം 2 മാർക്ക് മാത്രം കിട്ടിയ കുട്ടി, പുനർമൂല്യനിർണയത്തിൽ 36 മാർക്ക് നേടി പാസ്സായി. ബിഎ ഇംഗ്ലീഷ്, പോയട്രി ആന്റ് ഗ്രാമർ പരീക്ഷയ്ക്ക് 5 മാർക്ക് കിട്ടിയ വിദ്യാർത്ഥിക്ക് പിന്നെ കിട്ടിയത് 40 മാർക്ക്. ഇങ്ങനെ നാനൂറ് പേർക്ക് ഇരുപത് ശതമാനത്തിലധികവും, മൂന്നൂറ് പേർക്ക് പത്ത് ശതമാനത്തിലധികവും മാർക്ക് കിട്ടി.

പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസമുണ്ടായാൽ ആദ്യ പേപ്പർ നോക്കിയ നടത്തിയ അധ്യാപകരിൽ പിഴ ഈടാക്കണമെന്നാണ് ചട്ടം. ഇങ്ങനെ പിഴ ഈടാക്കാൻ പരീക്ഷവവിഭാഗം നടപടി ആരംഭിച്ചപ്പോളാണ്, മൂന്നാം മൂല്യനിർണയം നിർത്തലാക്കിയുള്ള ഭേദഗതി മുൻകാല പ്രാബല്യത്തോടെ സർവകലാശാല പിൻവലിച്ചത്.

ഭേദഗതി പിൻവലിച്ചതോടെ പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക്‌ കിട്ടിയ ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയത്തിന് അയക്കണം. എന്നാൽ മാർക്ക്‌ ലിസ്റ്റുകൾ വിദ്യാർത്ഥികൾക്ക് നൽകി കഴിഞ്ഞു. പുനർമൂല്യനിർണയത്തിന് എടുക്കുന്ന കാലതാമസം ഒഴിവാക്കാനായിരുന്നു ചട്ട ഭേദഗതി എന്നാണ് സർവകലാശാലയുടെ വിശദീകരണം. മറ്റ് കാര്യങ്ങൾ പരിശോധിക്കുമെന്നും വിസി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios