തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളാ ചിക്കൻ ഉടൻ വിപണിയിലെത്തും. കുറഞ്ഞ വിലയിൽ കോഴി ഇറച്ചി ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. കുടുംബശ്രീയിലെ ഇറച്ചിക്കോഴി കർഷകരെ ഉൾപ്പെടുത്തി രൂപികരിച്ച കമ്പനി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 

കോഴിയിറച്ചി ചുരുങ്ങിയ വിലയ്ക്ക് വിപണിയിൽ എത്തിക്കാനുള്ള പദ്ധതിക്ക് നേതൃത്വം നൽകുന്നത് കുടുംബശ്രീയാണ്. മേനംകുളത്ത് സ്ഥാപിക്കുന്ന ആധുനിക പൗൾട്രി പ്രോസസിംഗ് പ്ലാന്‍റിന്‍റെ ശിലാസ്ഥാപനം മന്ത്രി എ സി മൊയ്‍തീന്‍ നിർവഹിച്ചു. ബ്രീഡർ ഫാമുകൾ വഴി ആഴ്ചയിൽ 60000 കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മണിക്കൂറിൽ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട്‌, കോഴിക്കോട് ജില്ലകളിലാണ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. 200ലേറെ കുടുംബശ്രീ വനിതകൾക്ക് ഇതിലൂടെ തൊഴിലവസരം ലഭിക്കും. കുടുംബശ്രീ ഷോപ്പി എന്നപേരിൽ എല്ലാ ജില്ലകളിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്. 

മൃഗസംരക്ഷണ വകുപ്പും കോളേജ് ഓഫ് ഏവിയൻ സയൻസുമാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്. മീറ്റ് പ്രൊഡക്റ്റ് ഓഫ് ഇന്ത്യയും പൗൾട്രി ഡെവലപ്മെന്‍റ് കോർപറേഷനും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.