തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താൻ സര്‍ക്കാര്‍. നാറ്റ്പാകിനെയാണ് സാധ്യതാ പഠനത്തിന്‍റെ ചുമതല ഏൽപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കി പദ്ധതി ടെക്നോപാര്‍ക്കുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതിനെ കുറിച്ചാണ് പഠനം. 

കരമന മുതൽ പളളിപ്പുറം വരെയുളള നിലവിലെ ലൈറ്റ് മെട്രോ റൂട്ട് കഴക്കൂട്ടം ടൗൺ വഴിയാണ് കടന്നു പോകുന്നത്. ഈ സ്റ്റേഷനിൽ നിന്നും ടെക്നോപാർക്കിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരം വരും. ഒന്നുകിൽ അലൈൻമെന്‍റ് ടെക്നോപാര്‍ക്ക് വഴിയാക്കുക. അല്ലെങ്കിൽ നിലവിലെ പാതയ്ക്ക് പുറമേ ടെക്നോപാർക്കിലേക്ക് പ്രത്യേക പാത നിർമ്മിക്കുക എന്നീ രണ്ട് സാധ്യതകളാണ് നാറ്റ്പാകിന്‍റെ പരിഗണനയിൽ. നാറ്റ്പാക് പഠനം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും. 

അറുപതിനായിരത്തിലേറെ പേരാണ് പലവിഭാഗങ്ങളിലായി ടെക്നോപാര്‍ക്കിൽ ജോലി ചെയ്യുന്നത്.  ടെക്നോപാർക്കിലൂടെ ലൈറ്റ് മെട്രോ വന്നാൽ കഴക്കൂട്ടം മേഖലയിലെ ഗതാഗതപ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ടെക്കികളുടെ പ്രതീക്ഷ. രണ്ട് മാസം മുൻപാണ് ടെക്നോപാർക്കിനെ ലൈറ്റ് മെട്രോയുടെ ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. ഇനുസരിച്ചാണ് പുതിയ റൂട്ടിലേക്കുളള സാധ്യതാപഠനം.