11:46 AM (IST) Dec 14

പാർലമെന്റ് ആക്രമണം; 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാർലമെന്‍റിലെ സുരക്ഷാവീഴ്ചയില്‍ 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അമർഷം രേഖപ്പെടുത്തി. 

11:45 AM (IST) Dec 14

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ തിരിച്ചറിഞ്ഞു

വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ​ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. 

11:44 AM (IST) Dec 14

'ജവാന്‍' മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; കേസെടുത്തു

ജവാൻ റം ബോട്ടിലിൽ അളവ് കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും.

11:38 AM (IST) Dec 14

ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു.കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്

09:25 AM (IST) Dec 14

നവകേരള സദസ്; ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാൻ ദേവസ്വം ബോർ‍ഡ് അനുമതി നൽകിയ ഉത്തരവ് കഴിഞ്ഞ ദിവസം ഹാജരാക്കാൻ സർക്കാറിന് ഹൈകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 18ന് നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

09:24 AM (IST) Dec 14

പാര്‍ലമെന്‍റ് അതിക്രമം; പ്രതികള്‍ക്കെതിരെ യുഎപിഎ, സുരക്ഷാവീഴ്ച ആയുധമാക്കാന്‍ പ്രതിപക്ഷം

പാർലമെൻറ് അതിക്രമത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. അന്വേഷണം പൂർണ്ണമായി ദില്ലി പൊലീസ് സെപ്ഷ്യൽ സെല്ലിന് കൈമാറും. കേന്ദ്ര ഏജൻസിക്ക് വിടണോ എന്നതിൽ പിന്നീടായിരിക്കും തീരുമാനം. ഇന്ന് രാവിലെ വീണ്ടും പ്രതികളെ പൊലീസ് ചോദ്യം ചെയ്യും. ഇതിനിടെ, സുരക്ഷാവീഴ്ച പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്‍റില്‍ അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെടും. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്

09:22 AM (IST) Dec 14

റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

സര്‍വീസില്‍നിന്ന് വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതക കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം എന്ന 25വയസുകാരനാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ജങ്ഷനു സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

09:22 AM (IST) Dec 14

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

കോട്ടയം മേലുകാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തിൽ സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരായ വാഹനത്തിൽ ഉണ്ടായിരുന്നത്. 

09:21 AM (IST) Dec 14

നവകേരള സദസ്; വേദിയുടെ 50 മീറ്റര്‍ അകലെയുള്ള ഇറച്ചിക്കടകള്‍ മൂടിയിടാന്‍ നിര്‍ദേശം, പ്രതിഷേധം

നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്. നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ കടകള്‍ മൂടിയിടാനാണ് അധികൃതരുടെ നിര്‍ദേശം. സദസിനെത്തുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്നും ഇതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം

06:42 AM (IST) Dec 14

ശബരിമലയിലെ തിരക്ക്; ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റു കാര്യങ്ങളും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല യോഗം ചേര്‍ന്നായിരിക്കും ക്രമീകരണങ്ങള്‍ വിലയിരുത്തുക.എംഎൽഎമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ,സ്പെഷ്യൽ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവ പങ്കെടുക്കും. ശബരിമല തന്ത്രി ഉൾപ്പടെയുള്ളവരെയും ദേവസ്വം മന്ത്രി കാണും. ഇന്നലെ പന്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

06:42 AM (IST) Dec 14

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധം; സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും

ഗവർണറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. പൊലീസിന്റെ വീഴ്ചകൾ പരാമർശിക്കാതെ റിപ്പോർട്ട് നൽകാനാണ് സാധ്യത. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകുക. സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്.

06:42 AM (IST) Dec 14

ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷാവിധി

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസിൽ ഇന്ന് വിധി പറയും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി പറയുന്നത്.
2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.