07:57 AM (IST) Sep 09

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദത്തിൽ കേരള സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്താലയം. പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും എന്നാൽ ഇതുണ്ടായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു.

07:55 AM (IST) Sep 09

വിജയപ്പൊലിമയിൽ മണ്ഡലത്തിൽ ഇന്ന് ചാണ്ടി ഉമ്മന്റെ പദയാത്ര

പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മൻ ഇന്ന് മണ്ഡലത്തിൽ ഉടനീളം പദയാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര തുടങ്ങുക. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന ചാണ്ടി ഭാരത് ജോഡോ പദയാത്ര വാർഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപന ദിവസവും ചാണ്ടി സമാനമായ രീതിയിൽ പദയാത്ര നടത്തിയിരുന്നു. 

07:53 AM (IST) Sep 09

ജി 20 ഉച്ചകോടിക്ക് ഇന്ന് ഇന്ത്യയിൽ തുടക്കമാകും

പതിനെട്ടാമത് ജി 20 ഉച്ചകോടി ഇന്ന് മുതൽ ദില്ലിയിൽ.19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ദില്ലിയിലെ ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. 

07:52 AM (IST) Sep 09

എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ.