Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

19 മത്സരാര്‍ഥികളുമായി മാര്‍ച്ച് 10 ന് ആരംഭിച്ച ഷോയില്‍ നിലവില്‍ 17 പേരാണ് ഉള്ളത്

bigg boss malayalam season review top 6 prediction
Author
First Published Apr 28, 2024, 7:15 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ പകുതി യാത്ര പൂര്‍ത്തിയാക്കുകയാണ് ഇന്ന്. അതായത് 50 ദിനങ്ങള്‍. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗുമായി മാര്‍ച്ച് 10 ന് ആരംഭിച്ച പുതിയ സീസണില്‍ ബിഗ് ബോസില്‍ ഒഴിവാക്കാനാവാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ്. കിടപ്പുമുറികള്‍ നാലായി ഭാഗിച്ച്, അതിലൊന്ന് ഹൗസിലെ സര്‍വ്വാധികാരികളായ പവര്‍ ടീമിനുള്ള പവര്‍ റൂം ആക്കി മാറ്റിയതുള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകളുള്ള സീസണാണ് ഇത്. 19 മത്സരാര്‍ഥികളുമായി മാര്‍ച്ച് 10 ന് ആരംഭിച്ച ഷോയില്‍ നിലവില്‍ 17 പേരാണ് ഉള്ളത്. എന്നാല്‍ എവിക്റ്റ് ആയത് രണ്ട് പേരല്ല! ആറ് വൈല്‍ഡ് കാര്‍ഡുകള്‍ വന്നതില്‍ നിന്നുതന്നെ ആരോ​ഗ്യപരമായ കാരണങ്ങളാല്‍ രണ്ടുപേര്‍ ഷോയില്‍ നിന്ന് പുറത്തേക്ക് പോയി. മോഹന്‍ലാല്‍ തന്നെ പറഞ്ഞതുപോലെ മുന്നോട്ടുള്ള ദിനങ്ങള്‍ ടൈറ്റില്‍ വിജയിയെ കണ്ടെത്താനുള്ള, ഫിസിക്കല്‍ ടാസ്കുകള്‍ ഉള്‍പ്പെടെയുള്ള കടുത്ത ​ഗെയിമുകളുടെ ഘട്ടമാണ്. കടന്നുപോയ അന്‍പത് ദിവസത്തെ ​ഗെയിം പരിശോധിച്ചാല്‍ ​ഗെയിമര്‍ എന്ന നിലയില്‍ ഏറ്റവും മികച്ച് നിന്നത് ആരൊക്കെയാണ്? പ്രേക്ഷകപ്രീതി നേടാനായത് ആര്‍ക്കൊക്കെയാണ്? ഇതുവരെയുള്ള ​ഗെയിം വിലയിരുത്തിയതില്‍ നിന്ന് ഒരു ടോപ്പ് 6 പ്രവചനം നടത്തുകയാണ് ഇവിടെ. ​ഗെയിം ചേഞ്ചിം​ഗ് എപ്പോഴും സംഭവിക്കാവുന്ന ബി​ഗ് ബോസില്‍ ഇപ്പോഴത്തെ നിലയനുസരിച്ച് കപ്പ് ഉയര്‍ത്തുന്ന കൈകള്‍ ചുവടെയുള്ള ഒരാളുടേതാവാനാണ് സാധ്യത. 

ജിന്‍റോ

ജിന്‍റോയേക്കാള്‍ മികച്ച മത്സരാര്‍ഥികള്‍ ഈ സീസണില്‍ ഉണ്ട്. പക്ഷേ ജിന്‍റോയോളം ജനപ്രീതി ആര്‍ജിക്കാന്‍ സാധിച്ച ഒരാള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ് എന്നാണ് ഉത്തരം. ഒരാളുടെ ഭാ​ഗത്തുനിന്ന് ഉണ്ടാവുന്ന തെറ്റുകള്‍ പോലും പൊറുത്ത് അയാളെ പിന്തുണയ്ക്കാന്‍ ഒരു വലിയ കൂട്ടം പ്രേക്ഷകര്‍ ഉണ്ടാവുന്നതാണ് ജിന്‍റോയുടെ കാര്യത്തില്‍ കാണുന്നത്. മറ്റൊരു മത്സരാര്‍ഥിക്കും സീസണ്‍ 6 ല്‍ ആ പ്രിവിലേജ് ഇല്ല. ഒരു ഭാ​ഗത്ത് പലപ്പോഴും ബുദ്ധിമോശം പ്രവര്‍ത്തിക്കുന്ന മത്സരാര്‍ഥി എന്ന ഇമേജ് ആണ് ജിന്‍റോയ്ക്കെങ്കില്‍ മറുവശത്ത് അയാള്‍ കണ്ണിം​ഗ് ആയ ഒരു ​ഗെയിമര്‍ ആണ്. പല ശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്യാറെങ്കിലും കള്ളം പറയുന്നത് ബി​ഗ് ബോസ് കൈയോടെ പിടികൂടിയിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ജിന്‍റോയ്ക്ക് സാധിച്ചു. മത്സരാര്‍ഥി എന്ന നിലയില്‍ സ്വന്തം കുറവുകള്‍ തന്നെ ജിന്‍റോയ്ക്ക് ഇവിടെ നേട്ടമായി മാറി. ഒരിക്കല്‍ അന്‍സിബ പറഞ്ഞതുപോലെ വെറുപ്പിക്കുന്ന പല കാര്യങ്ങളും ജിന്‍റോ ചെയ്തിട്ടുണ്ടെങ്കിലും വെറുക്കാന്‍ സാധിക്കാത്ത ഒരാളാണ് അയാള്‍. ഈ ഒരു സ്ഥാനം ​ഗെയിമര്‍ എന്ന നിലയില്‍ വലിയ സാധ്യതയാണ് ജിന്‍റോയ്ക്ക് മുന്നില്‍ തുറന്ന് കൊടുത്തിരിക്കുന്നത്. എന്തും പറയാനും ചെയ്യാനും അത് അയാള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നു. ബി​ഗ് ബോസും പ്രേക്ഷകരുമൊക്കെ ക്യാമറയിലൂടെ വ്യക്തമായി കണ്ട കാര്യങ്ങള്‍ പോലും സംഭവിച്ചിട്ടില്ലെന്ന് പറയാന്‍ ജിന്‍റോയ്ക്ക് മടിയൊന്നുമില്ല. അത് കൈയോടെ പൊക്കുമ്പോള്‍ അതിനെ ന്യായീകരിക്കാനും അല്ലെങ്കില്‍ ക്ഷമ ചോ​ദിക്കാനും അയാള്‍ക്ക് മടിയില്ല. സീസണ്‍ 6 ലെ മത്സരാര്‍ഥികളെ വിലയിരുത്തുമ്പോള്‍ മറ്റാര്‍ക്കുമില്ലാത്ത പ്രിവിലേജ് ആണ് കാണികള്‍ അയാള്‍ക്ക് നല്‍കുന്നത്. അതിനാല്‍ത്തന്നെ ഒരു ടോപ്പ് 6 ജിന്‍റോയെ ഒഴിവാക്കി ആലോചിക്കാനാവില്ല.

bigg boss malayalam season review top 6 prediction

 

നോറ

ഇമോഷണലി വീക്ക് എന്ന ഇമേജ് ഹൗസില്‍ ആദ്യവാരം തന്നെ കിട്ടിയ ആളാണ് നോറ. എന്നാല്‍ ഷോ എട്ടാം വാരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ നോറയെക്കുറിച്ച് സഹമത്സരാര്‍ഥികള്‍ അങ്ങനെ പറയില്ല. കാര്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്ന, എതിരഭിപ്രായം ആരുടെ മുഖത്ത് നോക്കി പറയാനും മടിയില്ലാത്ത, അപൂര്‍വ്വം മത്സരാര്‍ഥികളിലൊരാളാണ് ഇപ്പോള്‍ നോറ. തങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാന്‍ പലരും അവിടുത്തെ സൗഹൃദങ്ങളെയും ടീം ​ഗെയിമിം​ഗിനെയുമൊക്കെ ആശ്രയിച്ചപ്പോള്‍ നോറ ഒറ്റയ്ക്കാണ് പൊരുതുന്നത്. ആഴ്ചകള്‍ മുന്നോട്ടെത്തിയപ്പോള്‍ നിരവധി നോമിനേഷനുകളില്‍ നിന്ന് വിജയിച്ച് പുറത്തുവന്നതിന്‍റെ ആത്മവിശ്വാസവും അവര്‍ക്ക് ഉണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നയാള്‍, ബഹളമുണ്ടാക്കുന്നയാള്‍ എന്നതാണ് നിലവില്‍ ഹൗസിലെ നോറയുടെ ഇമേജ്. അത് ഒരര്‍ഥത്തില്‍ ശരിയാണ് താനും. എല്ലാത്തിനും പ്രതികരിക്കുന്നതിന് പകരം അതില്‍ സെലക്റ്റീവ് ആയാല്‍ നോറയ്ക്ക് ഈ സീസണില്‍ ഏറെ മുന്നോട്ടുപോകാനാവും. 

bigg boss malayalam season review top 6 prediction

 

ശ്രീരേഖ

ആകെ ആശയക്കുഴപ്പത്തോടെ ആരംഭിച്ച് 50 ദിവസം പിന്നിടുമ്പോള്‍ ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ ശ്രീരേഖ ഏറെ മുന്നോട്ടു പോയിരിക്കുന്നു. പവര്‍ റൂമിലേക്ക് ആദ്യമേ കയറാന്‍ അവസരം ലഭിച്ച മത്സരാര്‍ഥിയാണ് ശ്രീരേഖ. എന്നാല്‍ ടീമിനുള്ളില്‍ വലിയ അനൈക്യവും കണ്‍ഫ്യൂഷനുമൊക്കെ വന്നപ്പോഴും സ്വന്തം അഭിപ്രായം പറഞ്ഞുകൊണ്ടാണ് ശ്രീരേഖയുടെ തുടക്കം. പിന്നീട് ഓരോ വാരം ചെല്ലുന്തോറും ശാന്തമായി മികച്ച ​ഗെയിം കളിക്കുന്ന ശ്രീരേഖയെയാണ് കാണാനാവുന്നത്. ഹൗസിലെ കാര്യങ്ങളെ, സഹമത്സരാര്‍ഥികളുടെ നീക്കങ്ങളെയൊക്കെ ഏറ്റവും നന്നായി നിരീക്ഷിക്കുന്ന, വിലയിരുത്തുന്ന ഒരാള്‍ ശ്രീരേഖയാണ്. ​ഗബ്രിയെക്കുറിച്ചും സിബിനെക്കുറിച്ചുമൊക്കെ നടത്തിയ വിലയിരുത്തലുകള്‍ അതിനൊരു ഉ​ദാഹരണം മാത്രം. അഭിനേതാക്കള്‍ പലരും ഇക്കുറി മത്സരാര്‍ഥികളായി ഉണ്ടെങ്കിലും പെര്‍ഫോമര്‍ എന്ന നിലയില്‍ ആ കഴിവ് തെളിയിച്ചത് ശ്രീരേഖയാണ്. ജമ്പോ നോമിനേഷന്‍ ലിസ്റ്റുകളില്‍ ഉള്‍പ്പെടുമ്പോള്‍ ക്യാമറ സ്പേസിനും പ്രേക്ഷകശ്രദ്ധയ്ക്കും വേണ്ടി ശ്രീരേഖ വെറുതെ വഴക്കുണ്ടാക്കുകയല്ല ചെയ്തത്, മറിച്ച് ചില പെര്‍ഫോമന്‍സുകള്‍ കൃത്യമായ ദിനങ്ങളില്‍ അവതരിപ്പിക്കുകയാണ്. ഡള്‍ ആവാതെ ഏറ്റവും എനര്‍ജെറ്റിക് ആയി നില്‍ക്കുന്ന മത്സരാര്‍ഥി കൂടിയാണ് നിലവില്‍ ശ്രീരേഖ. ആരെങ്കിലുമായി സ്ഥിരം ശത്രുത പ്രഖ്യാപിക്കാതെ, എതിരഭിപ്രായം ഉള്ളവരെപ്പോലും ​ഗെയിമര്‍ എന്ന നിലയില്‍ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ആള്‍ കൂടിയാണ് ശ്രീരേഖ. ​ഗബ്രിയെ പലപ്പോഴും സ്വാധീനിച്ചിട്ടുള്ളത് ഉദാഹരണം. അത്തരത്തില്‍ ഹൗസിലെ ആകെയുള്ള അഭിപ്രായ രൂപീകരണത്തിലും ശ്രീരേഖ സജീവമായി ഇടപെടുന്നുണ്ട്. 

bigg boss malayalam season review top 6 prediction

 

അപ്‍സര

രതീഷ് കുമാര്‍ അടക്കമുള്ളവര്‍ ബഹളമയമാക്കിയ ആദ്യ വാരങ്ങളില്‍ ക്യാമറ സ്പേസും പ്രേക്ഷകശ്രദ്ധയും നേടുക എന്നത് ഏറെ ദുഷ്കരമായിരുന്നു. ആ സമയത്ത് അപ്സരയെപ്പോലെ പ്രേക്ഷകശ്രദ്ധ നേടാനായ മത്സരാര്‍ഥികള്‍ കുറവായിരുന്നു. എത്ര വലിയ ബഹളം നടക്കുമ്പോഴും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉറക്കെ പറഞ്ഞ് സ്ഥാപിക്കാനുള്ള അപ്സരയുടെ കഴിവ് ശ്രദ്ധേയമാണ്. കാര്യങ്ങളില്‍ കൃത്യമായി ഇടപെട്ടാണ് സഹമത്സരാര്‍ഥികള്‍ക്കിടയിലും അപ്സര ഒരു സ്ഥാനം നേടിയെടുത്തത്. വ്യക്തിപരമായ ​ഗെയിം കളിക്കുമ്പോഴും ടീം സ്പിരിറ്റ് പ്രദര്‍ശിപ്പിക്കുന്ന മത്സരാര്‍ഥിയാണ് അപ്സര. താന്‍ ഉള്‍പ്പെടുന്ന ടീം ഏല്‍പ്പിച്ചിരിക്കുന്ന വീട്ടുജോലി ഏറ്റവും നന്നായി ചെയ്ത് നല്ല അഭിപ്രായം നേടണമെന്നും ​ഗെയിമുകളില്‍ വിജയിച്ച് മുന്നേറണമെന്നും അപ്സരയ്ക്ക് നിര്‍ബന്ധമുണ്ട്. അതിനുവേണ്ടി സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കാറുമുണ്ട്. സുഹൃത്തുക്കളായി കാണുന്നവരെക്കുറിച്ചുള്ള കരുതലും അപ്സരയ്ക്ക് ഉണ്ട്. ജാസ്മിന്‍ വിഷയത്തില്‍ എപ്പോഴും ഇടപെടരുതെന്ന് റസ്മിനോട് ഉപദേശിച്ചത് ഉദാഹരണം. വ്യക്തിബന്ധങ്ങള്‍ക്കും സൗഹൃദത്തിനും ഏറെ പ്രാധാന്യം കൊടുക്കാറുള്ള അസ്പര ഇടയ്ക്ക് ഇമോഷണി ഡൗണ്‍ ആയതിന് ഒരു കാരണവും അതുതന്നെയായിരുന്നു. അപ്സര തന്നെ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ പലപ്പോഴായി അത് സമ്മതിച്ചിട്ടുമുണ്ട്. ശ്രീതു, ശരണ്യ സൗഹൃദക്കൂട്ടത്തില്‍ നിന്ന് ഇപ്പോള്‍ അകലം പാലിക്കുന്ന അപ്സരയുടെ അടുത്ത സുഹൃത്ത് നിലവില്‍ റസ്മിന്‍ ആണ്. അതേസമയം സീസണ്‍ 6 ല്‍ മറ്റ് പലര്‍ക്കുമില്ലാത്ത കണ്‍സിസ്റ്റന്‍സി അപ്സരയ്ക്ക് ഉണ്ട്. അപ്സര എതിര്‍വശത്തുണ്ടെങ്കില്‍ തന്‍റെ നൂറില്‍ നൂറ്റൊന്നും കൊടുക്കുന്ന ഒരു മികച്ച എതിരാളിയെയാണ് ഏതൊരു മത്സരാര്‍ഥിക്കും ലഭിക്കുന്നത്. 

bigg boss malayalam season review top 6 prediction

 

​ഗബ്രി/ ജാസ്മിന്‍

പ്രേക്ഷകപ്രീതിയില്‍ പലപ്പോഴും പിന്നിലാണെങ്കിലും ഈ സീസണിനെ സംബന്ധിച്ച് ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്ത് ഏറ്റവുമധികം സമയം ഉണ്ടായിരുന്നത് ജാസ്മിനും ​ഗബ്രിയുമാണ്. മുന്‍ സീസണുകളിലെ വിജയമാതൃക പിന്തുടര്‍ന്ന് സൃഷ്ടിച്ച സ്ട്രാറ്റജിയാണ് ഇരുവരുടെയും അടുപ്പമെന്ന് ആദ്യ വാരങ്ങള്‍ മുതലുള്ള ആരോപണമാണ്. ഇപ്പോഴും ആ സംശയം സൃഷ്ടിക്കുന്ന പരിമിതികളിലാണ് ​ഗെയിമര്‍മാര്‍ എന്ന നിലയില്‍ ഇരുവരുടെയും നിലനില്‍പ്പ്. ഇന്‍ഡിവിജ്വല്‍ ആയി കളിച്ചിരുന്നെങ്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കേണ്ടിയിരുന്ന മത്സരാര്‍ഥികളെന്ന് ഹൗസിന് അകത്തും പുറത്തും ഭൂരിഭാ​ഗവും വിലയിരുത്തുന്ന രണ്ടുപേര്‍. തങ്ങള്‍ക്കിടയിലെ ബന്ധത്തെ സംബന്ധിച്ച് ആദ്യ ആഴ്ചകളിലുണ്ടായിരുന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ​ഗബ്രിയെയും ജാസ്മിനെയുമാണ് അടുത്ത ദിനങ്ങളില്‍ കണ്ടത്. ഇരുവരും ​ഗെയിമില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു, സൗഹൃദം ഉപേക്ഷിക്കാതെതന്നെ. ​ഗെയിമര്‍ എന്ന നിലയില്‍ ജാസ്മിനേക്കാള്‍ ഈ ദിവസങ്ങളില്‍ മുന്നേറിയിരിക്കുന്നത് ​ഗബ്രിയാണ്. വൈകാരികമായ പ്രതിസന്ധികളില്‍ നിന്ന് വലിയ പരിക്കുകളില്ലാതെ തിരിച്ചുവന്നതിന്‍റെ ആത്മവിശ്വാസം ​ഗബ്രിക്ക് ഉണ്ട്. സ്ട്രാറ്റജിയാണെങ്കിലും അല്ലെങ്കിലും സീസണ്‍ 6 ലെ ഇതുവരെയുള്ള കോണ്ടെന്‍റിന്‍റെ നല്ലൊരു ശതമാനത്തിലും ഈ രണ്ട് പേരും ഉണ്ട്. സീസണ്‍ 6 രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ഏറ്റവുമധികം കൗതുകമുണര്‍ത്തുന്നതും ഈ മത്സരാര്‍ഥികളാണ്. തങ്ങളുടെ ​ഗെയിം ചേഞ്ച് ചെയ്യാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന പക്ഷം മൊത്തത്തിലുള്ള ​ഗെയിം തന്നെ തിരിയും. അതേസമയം ഇതുവരെ ലഭിച്ചിട്ടില്ലാത്ത പ്രേക്ഷകപ്രീതി ഇവര്‍ക്ക് എങ്ങനെ നേടാനാവും എന്നതും ചോദ്യമാണ്. കളി ഫൈനല്‍ 5 ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങുമ്പോള്‍ ​ഗബ്രിയുടെയും ജാസ്മിന്‍റെയും മുന്നിലുള്ള വലിയ വെല്ലുവിളിയും അതാണ്.

bigg boss malayalam season review top 6 prediction

 

സിജോ

ആദ്യ രണ്ട് വാരങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇയാളെ ശ്രദ്ധിക്കണം എന്ന തോന്നല്‍ ഉളവാക്കിയ മത്സരാര്‍ഥിയാണ് സിജോ. എന്നാല്‍ നിര്‍ഭാ​ഗ്യകരമായ സാഹചര്യങ്ങളില്‍ 16-ാം ദിവസം അയാള്‍ക്ക് ചികിത്സയ്ക്കായി ഹൗസില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. വരുമോ വരില്ലയോ എന്ന കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 46-ാം ദിവസം സിജോ ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സാരമായ പരിക്ക് പറ്റി ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ഒരാളെ സംബന്ധിച്ച് ഷോയിലേക്ക് തിരിച്ചുവരുന്നതുതന്നെ വലിയ ദൃഢനിശ്ചയം ആവശ്യമുള്ള കാര്യമാണ്. മോഹന്‍ലാല്‍ പറഞ്ഞതുപോലെ ചികിത്സയില്‍ കഴിഞ്ഞപ്പോഴും ഫോക്കസ് നഷ്ടപ്പെടുത്തിയില്ല സിജോ. അതേസമയം അയാളുടെ മുന്നോട്ടുപോക്കില്‍ നേരിടേണ്ട പല പ്രതിസന്ധികളുമുണ്ട്. ഒരു മാസത്തോളം ഷോയില്‍ നിന്ന് വിട്ടുനിന്ന സിജോയ്ക്ക് എത്ര വേ​ഗത്തില്‍ ​ഗെയിമുകളിലേക്ക് സജീവമായി തിരിച്ചുവരാനാവും എന്നതാണ് ആദ്യ ചോദ്യം. മുന്നോട്ടുള്ള ആഴ്ചകളില്‍ ഒട്ടേറെ ഫിസിക്കല്‍ ടാസ്കുകള്‍ വരും. പഴയ ഇന്‍ജുറിയുടെ ഓര്‍മ്മയില്‍ തന്‍റെ 100 ശതമാനം കൊടുക്കുന്നതില്‍ സിജോയ്ക്ക് മാനസികമായ തടസമുണ്ടാവുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. മത്സരാര്‍ഥിയെന്ന നിലയില്‍ മികച്ച പ്രകടനം നടത്താനായാല്‍ സിജോ ആ​ഗ്രഹിക്കുന്നുപോലെതന്നെ അയാള്‍ സീസണ്‍ 6 ലെ ഒരു കാട്ടുതീ ആയി മാറും.

bigg boss malayalam season review top 6 prediction

 

അതേസമയം അപ്രവചനീയ സ്വഭാവം എപ്പോഴുമുള്ള ബി​ഗ് ബോസില്‍ ആദ്യ 50 ദിവസത്തെ മാത്രം ആശ്രയിച്ച് ഫൈനല്‍ 6 വിലയിരുത്തുന്നതില്‍ പരിമിതികളുണ്ട്. റസ്മിനും അര്‍ജുനും അന്‍സിബയും ഋഷിയുമൊക്കെ ഫൈനല്‍ 5 ല്‍ ഉള്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

Latest Videos
Follow Us:
Download App:
  • android
  • ios