കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെർമിനൽ നിർമ്മാണം നടത്താനാണ് അനുമതി. പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമ്മാണം ഉറപ്പാക്കുമെന്ന് കെഎംആർഎൽ എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.

പതിനഞ്ച് വ്യത്യസ്ഥ റൂട്ടുകളിൽ 38 ടെർമിനലുകളാണ് വാട്ടർ മെട്രോയ്ക്കായി പണികഴിപ്പിക്കേണ്ടത്. വൈറ്റിലയും ഹൈക്കോടതി ഭാഗത്തും ടെർമിനൽ നിർമ്മാണം ഇതിനകം തുടങ്ങിയെങ്കിലും ചില റൂട്ടിൽ സിആർഇസെഡ് നിയമത്തിലെ പ്രശ്നങ്ങൾ കാരണം നിർമ്മാണം തുടങ്ങാനായിരുന്നില്ല. തുടർന്നാണ് വാട്ടർ മെട്രോയുടെ നടത്തിപ്പ് ചുമതലയുള്ള കെഎംആർ‍എൽ വിശദമായ റിപ്പോർ‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത്. 

കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയും പദ്ധതിയ്ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രത്തിൽ ശുപാർശ നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ അംഗീകരിച്ചാണ് അനുമതി നൽകിയിരിക്കുന്നത്. കായലുകളുടെയും പുഴകളുടെയും സ്വാഭാവിക ഒഴുക്ക് തടയരുതെന്ന് കർശന നിർദ്ദേശമുണ്ട്. ദുരന്ത നിവാരപദ്ധതികളും സുരക്ഷാ മാ‍ഗരേഖയും നടപ്പാക്കാനും പരിസ്ഥിതി മന്ത്രാലയും നിർദ്ദേശം നൽകി. 

747.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാട്ടർ മെട്രോ കൊച്ചിയിലെ ജല ഗതാഗത രംഗത്ത് പുത്തൻ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 78 കിലോമീറ്ററിൽ വ്യാപിക്കുന്ന ജലമെട്രോയ്ക്കായി ആദ്യഘട്ടം പതിനാറ് സ്റ്റേഷനുകളാകും തയ്യാറാക്കുക. കൊച്ചിൻ ഷിപ്പ് യാർഡിലാണ് പരിസ്ഥിതി സൗഹാർദ്ദ ബോട്ടുകൾ തയ്യാറാക്കുന്നത്. ഈ വർഷം ഡിസംബറിൽ വാട്ടർ മെട്രോ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.