Asianet News MalayalamAsianet News Malayalam

മോട്ടോര്‍ നിയമം: പൊലീസ് സ്റ്റേഷനുകളില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്‍റെ ചുമതല

ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവില്‍ ഇല്ല

Motor Law: The duty of a traffic branch to a sub-inspector at police stations
Author
Thiruvananthapuram, First Published Sep 21, 2019, 8:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ് ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ പ്രകാരം പൊലീസില്‍ ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ രാജിയാക്കുന്നതിന് (കോമ്പൗണ്ട് ചെയ്യുന്നതിന്) അധികാരം നല്‍കിയിട്ടുള്ളത്. 

ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവില്‍ ഇല്ല. പ്രധാന നഗരങ്ങളില്‍ പ്രത്യേക ട്രാഫിക് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും മറ്റു പൊലീസ് സ്റ്റേഷനുകളില്‍ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഇവയെ പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേകവിഭാഗമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്പെക്ടറെ ട്രാഫിക് ബ്രാഞ്ച് എസ്ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹൈവേ പൊലീസ്, ഇന്‍റര്‍സെപ്റ്റര്‍ വാഹനങ്ങള്‍, ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റു പൊലീസ് യൂണിറ്റുകള്‍ എന്നിവയിലെ തത്തുല്യ ഓഫീസര്‍മാരും പൊലീസിന്‍റെ ട്രാഫിക് ബ്രാഞ്ചിന്‍റെ ഭാഗമായതിനാല്‍ അവര്‍ക്കും ശിക്ഷകള്‍ രാജിയാക്കാന്‍ (കോമ്പൗണ്ട് ചെയ്യാന്‍) അധികാരം ഉണ്ടായിരിക്കും.

Follow Us:
Download App:
  • android
  • ios