ഗവർണർ വരുമ്പോൾത്തന്നെ മുദ്രാവാക്യം വിളിച്ചു പ്രതിപക്ഷം. എന്നാൽ നിയമസഭാമന്ദിരത്തിന് മുന്നിൽ വച്ച് വളരെ ഹാർദ്ദമായ സ്വീകരണമാണ് ഗവർണർക്ക് ലഭിച്ചത്. തത്സമയസംപ്രേഷണം കാണാം.
തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കം. കൃത്യം ഒൻപത് മണിക്ക് തന്നെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. കേരളീയവേഷത്തിലാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന് എത്തിയത്.
ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത് എന്ന് പറഞ്ഞു തുടങ്ങിയ നയപ്രഖ്യാപനത്തിനിടെ, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഗവർണർ സംസാരിക്കുന്നതിനൊപ്പം പ്രതിപക്ഷനേതാവും സംസാരിക്കാൻ ശ്രമിച്ചതോടെ സഭയിൽ ബഹളമായി.
ഞാൻ ഭരണഘടനാപരമായ ചുമതലയാണ് നിർവഹിക്കുന്നത്. തടയരുത് എന്ന് ഗവർണർ.
പ്രവാസികളുടെ പ്രതിസന്ധികൾ പറഞ്ഞ് ഗവർണർ നയപ്രഖ്യാപനം വീണ്ടും തുടർന്നു. ഇതിനെല്ലാം ഇടയിലും ഡയസിന് മുന്നിലേക്ക് പ്രതിഷേധം നീണ്ടു. എന്‍റെ ഉത്തരവാദിത്തം തുടരാൻ സമ്മതിക്കണമെന്ന് വീണ്ടും ഗവർണർ.
സ്പീക്കർക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യമുയർത്തിയ പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. ഡോളർ കടത്തിൽ സ്പീക്കർക്ക് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിനൊപ്പം പിസി ജോർജും പ്രതിഷേധിച്ചപ്പോൾ ബിജെപി എംഎൽഎ ഒ രാജഗോപാൽ സഭയിൽ തുടർന്നു.
സ്വർണ്ണക്കടത്തും, ഡോളർക്കടത്തും, വാളയാറും ഉയർത്തി വീണ്ടും പ്രതിപക്ഷം എഴുന്നേറ്റു. ഇതിനിടയിലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടർന്നപ്പോൾ മുദ്രാവാക്യം വിളികളും ശക്തമായി.
വൈകാതെ യുഡിഎഫ് എംഎൽഎമാർ സഭയ്ക്ക് പുറത്ത് കവാടത്തിൽ പ്രതിഷേധം തുടർന്നു. നയപ്രഖ്യാപനം അവസാനിച്ച് ഗവർണറെ യാത്രയാക്കാൻ സ്പീക്കർ മുഖ്യമന്ത്രിയും ഇറങ്ങിയപ്പോൾ മുദ്രാവാക്യം വിളികൾ ഉച്ചത്തിലായി.
യുഡിഎഫ് നിരയ്ക്ക് ഒപ്പം പി സി ജോർജ് എംഎൽഎ പുറത്തിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിച്ചു. പിസി ജോർജ് യുഡിഎഫിലേക്ക് മടങ്ങും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു ഐക്യദാർഢ്യം. അതേസമയം, ഒപ്പമിരിക്കാൻ പി ജെ ജോസഫും മറ്റ് നേതാക്കളും ആവശ്യപ്പെട്ടെങ്കിലും ജോർജ് മാറി നിന്നു. കേന്ദ്രവിരുദ്ധ പരാമർശങ്ങൾ കൊണ്ട് നിറഞ്ഞ നയപ്രഖ്യാനത്തിന്‍റെ ആദ്യന്തം ബിജെപി എംഎൽഎ ഒ രാജഗോപാൽ സഭയിൽ തുടർന്നതും ശ്രദ്ധേയമായി. സ്പീക്കറായിരിക്കും ഈ സമ്മേളനത്തിലെ പ്രധാന ഉന്നമെന്ന് തെളിയിക്കുന്നതായിരുന്നു പ്രതിപക്ഷനീക്കങ്ങൾ.
കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഈ ഭാഗം പ്രസംഗത്തിൻറെ കരടിലുണ്ടെങ്കിലും ഗവർണ്ണർ തിരുത്തൽ ആവശ്യപ്പെട്ടിരുന്നില്ല. അതിനാൽ ഈ ഭാഗം ഗവർണർ എതിർപ്പില്ലാതെ വായിച്ചു. കഴിഞ്ഞ വർഷം പൗരത്വ നിയമഭേദഗതിക്ക് എതിരായ ഭാഗം വിയോജിപ്പോടെ വായിക്കുന്നുവെന്നാണ് ഗവർണർ പറഞ്ഞത്. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയമടക്കം ഈ സഭാ സമ്മേളനകാലയളവിൽ ചർച്ചക്ക് വരും. 15-നാണ് ബജറ്റ്.
ഗവർണറുടെ വാക്കുകളുടെ സംക്ഷിപ്ത രൂപം ഇങ്ങനെ:
ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ എത്തിച്ചു. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം നൽകി. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു.
ലോക്ക്ഡൗൺ കാലത്ത് 20,000 കോടി രൂപയുടെ ദുരിതാശ്വാസപാക്കേജ് പ്രഖ്യാപിച്ച ആദ്യസംസ്ഥാനമായിരുന്നു കേരളം. ക്ഷേമപെൻഷൻ അർഹരായ എല്ലാവർക്കും എത്തിച്ചു. ആയിരം രൂപയുടെ സഹായധനം നൽകി. സുഭിക്ഷകേരളം ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കി. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നവയായിരുന്നു ഇവയെല്ലാം.
കൊവിഡ് പ്രതിസന്ധികാലത്ത് ജോലി സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കി. 11604 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉദ്പാദനത്തിനുള്ള പദ്ധതികൾ നടപ്പാക്കി. നൂറ് ദിനകർമ്മപരിപാടി വിജയമായിരുന്നു. ഇതിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കി വരികയാണ്.
കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏകസംസ്ഥാനമാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികൾ ഇനിയും മുന്നിലുണ്ട്. കൊവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്.
ഈ വെല്ലുവിളികൾക്കിടയിലാണ് നമ്മൾ തദ്ദേശതെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. പരമാവധി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഫെഡറലിസത്തെക്കുറിച്ച്:
ഫെഡറലിസത്തിന് വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഫെഡറലിസം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാരിനോട് പല തവണ ആവശ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൊവിഡ് പ്രതിസന്ധികാലത്ത് കടമെടുപ്പിനുള്ള പരിധി ഉയർത്തണമെന്ന് സർക്കാർ പലതവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇതടക്കം സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കാനുള്ള പല ആവശ്യങ്ങളും സർക്കാർ ഉന്നയിച്ചിരുന്നു.
പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ, അതിനെതിരെ ആശങ്കകളും സമരങ്ങളും ഉയർന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപിത നിലപാടാണ്.
സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ട് പോകുകയാണ്. പരമാവധി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ ഉറപ്പാക്കും. കൊവിഡ് പ്രതിസന്ധി കാരണം തിരികെ വരേണ്ടി വന്ന പ്രവാസികൾക്ക് തൊഴിലുറപ്പാക്കും. സാമൂഹ്യസുരക്ഷാപദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും. നിക്ഷേപകർ കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് കരുതുന്നു.
കൊവിഡിനെ ഫലപ്രദമായി നേരിട്ടു
കൊവിഡ് പ്രതിസന്ധി തുടങ്ങിയപ്പോൾത്തന്നെ രോഗവ്യാപനം ഫലപ്രദമായി നേരിട്ട സംസ്ഥാനമാണ് കേരളം. തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. കഴിഞ്ഞ ജനവരിയിൽ തന്നെ കൺട്രോൾ റൂമും വാർ റൂമും തുറന്നു കൊവിഡിന് എതിരായ പോരാട്ടം തുടങ്ങി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറന്‍റീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. സന്നദ്ധപ്രവർത്തകർ എല്ലാ തരത്തിലും സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് ശക്തി പകരാൻ കൊവിഡ് ബ്രിഗേഡ് കൊണ്ട് വന്നു. മാനസികസംഘർഷം അനുഭവിച്ചവർക്ക് പിന്തുണയും കൗൺസലിംഗും നൽകാനാകുന്നുണ്ട്.
ആരോഗ്യവകുപ്പ് മുന്നിൽ നിന്ന് ഈ നീക്കങ്ങൾ നയിച്ചപ്പോൾ റവന്യൂ വകുപ്പും തദ്ദേശഭരണവകുപ്പും അവസരത്തിനൊത്ത് ഉയർന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചു. രോഗികൾക്ക് കൃത്യമായി ചികിത്സ ഉറപ്പാക്കാൻ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാനായി.
'കേന്ദ്രസർക്കാരിനെതിരെ'
കേന്ദ്രഏജൻസികൾ സംസ്ഥാനസർക്കാരിന്‍റെ അഭിമാനപദ്ധതികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇത് പല പദ്ധതികളുടെയും മുന്നോട്ട് പോക്കിന് വിഘാതമായി.
വിവിധ വിഭാഗങ്ങൾക്കായി സമാശ്വാസത്തിനായി 25000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇന്ധനവില കുത്തനെ കൂടുന്ന സ്ഥിതിയാണ്. ഇത് പല തരത്തിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു. എക്സൈസ് ഡ്യൂട്ടി കൂട്ടിയതും വലിയ പ്രതിസന്ധിയുണ്ടാക്കി.
കർഷകനിയമഭേദഗതികളെക്കുറിച്ച്
തൊഴിൽ നിയമങ്ങളും പുതിയ കാർഷികനിയമഭേദഗതികളും രാജ്യത്തെ സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കുന്നതാണ്. പുതിയ കർഷകനിയമഭേദഗതികൾ മിനിമം താങ്ങുവിലയെ ഇല്ലാതാക്കുന്നതും, കോർപ്പറേറ്റ് ഇടനിലക്കാരെ സഹായിക്കുന്നതുമാണ്. ഉപഭോക്തൃസംസ്ഥാനമായ കേരളം പോലെയുള്ളവർക്ക് ഇത് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ്. റബ്ബർ ഉൾപ്പടെയുള്ള നമ്മുടെ വിളകൾക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കുന്ന നീക്കങ്ങളുമായി മുന്നോട്ട് പോകണമെന്ന് കേന്ദ്രസർക്കാരിനോട് ശക്തമായി ആവശ്യപ്പെടും.
ഡാറ്റാ സെന്‍ററുകളുടെ നവീകരണം 2021-ഓടെ ലക്ഷ്യമിടുന്നു. കെ ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും. കെ ഫോൺ വഴി പാവപെട്ടവർക്ക് സൗജന്യമായി ഇന്‍റർനെറ്റ് ലഭ്യമാക്കും. സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി കേന്ദ്ര അനുമതി കാത്തിരിക്കുന്നു. വിശദമായ പദ്ധതിരൂപരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മെട്രോ പോളിറ്റൻ ട്രാൻസ്‌പോർട് പദ്ധതി കോഴിക്കോടും തിരുവനന്തപുരത്തും നടപ്പാക്കും. തിരുവനന്തപുരം ടാഗോർ തിയേറ്റർ സാംസ്കാരിക ഹബ് ആക്കി മാറ്റും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 8, 2021, 12:42 PM IST
22nd session of the 14th Kerala Legislative Assembly
Arif Mohammad Khan
BudgetSession
Congress
Gold smuggling
Kerala Assembly
Kerala Legislative Assembly session Live updates Kerala governor
Kerala assembly Policy declaration updates
Kerala governor
Niyamasabha sammelanam
Pinarayi vijayan
Ramesh Chennithala
Sreeramakrishnan
Watch Naya prakhyapana prasangam
farmer bill
kerala speaker
nayaprakhyapanam
Post your Comments