കൊല്ലം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സ ലഭിക്കാതെ വലയുകയാണ് രോഗികള്‍. സൗജന്യ ചികിത്സ നൽകിയ വകയിൽ ആശുപത്രികൾക്ക് സർക്കാരും റിലയൻസ് ഇൻഷുറൻസ് കമ്പനിയും നൽകാനുള്ള കുടിശ്ശിക 100 കോടി കവിഞ്ഞതോടെയാണ് രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ മുടങ്ങിയിരിക്കുന്നത്. ഇതോടെ അർബുദ രോഗ മരുന്നുകൾ അടക്കം ജീവൻ രക്ഷാ മരുന്നുകളും സ്റ്റെന്‍റ് അടക്കമുള്ള ഇംപ്ലാന്‍റുകളും നൽകുന്ന കമ്പനികൾ വിതരണം നിർത്തിവച്ചു. 

അതേസമയം പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വേഗത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. 'ആര്‍എസ്ബിവൈ വഴി ചികിത്സാ കാര്‍ഡ് തരാനില്ലെന്നും രണ്ട് മൂന്ന് കോടി രൂപ കിട്ടാനുണ്ടെന്നുമാണ് ചോദിക്കുമ്പോള്‍ ആശുപത്രികള്‍ പറയുന്നത്' - രോഗികള്‍ പ്രതികരിച്ചു. 

എച്ച് എൽ എൽ അടക്കമുള്ള കമ്പനികൾ സർക്കാരിന് ഇംപ്ലാന്‍റുകൾ ഉള്‍പ്പെടെയുള്ള മരുന്നുകൾ നൽകുന്നത് നിർത്തി. പല ആശുപത്രികളിലും സ്റ്റെന്‍റ് വിതരണവും നിലച്ചു. ആർഎസ്ബിവൈ, ചിസ് പ്ലസ് അടക്കം എല്ലാ സൗജന്യ ചികിത്സ പദ്ധതികളും മുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കിയ ഇനത്തിൽ കിട്ടാൻ ഉള്ളത് 48 കോടി രൂപയാണ്. 

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് കിട്ടാൻ ഉള്ളത് 36 കോടി രൂപയും ആലപ്പുഴയ്ക്ക്‌ കിട്ടാൻ ഉള്ളത് 15 കോടിയുമാണ്. തൃശൂർ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികൾക്കായി 20 കോടിയിലധികം രൂപ ലഭിക്കാനുണ്ട്. മറ്റു സർക്കാർ ആശുപത്രികൾക്ക് കിട്ടാൻ ഉള്ളത് അഞ്ച് കോടിയിലധികം രൂപ വരും. പണം കിട്ടാതെ വന്നതോടെ പല ആശുപത്രികളുടെയും പ്രവർത്തനം താളം തെറ്റി. മെഡിക്കൽ കോളേജ് ആശുപത്രികൾ ദൈനംദിന പ്രവർത്തനത്തിന് വികസന സമിതിയുടെ ഫണ്ടിൽ നിന്ന് പണം എടുത്തു ചെലവാക്കിയതോടെ താൽക്കാലിക ജീവനക്കാരുടെ അടക്കം ശമ്പളം മുടങ്ങുന്ന അവസ്ഥയിലുമായി.