Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ ക്വാറന്‍റൈൻ; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിൽ ഹൈക്കോടതിയിലും ആശയക്കുഴപ്പം

വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും പതിനാല് ദിവസത്തെ ക്വാറന്‍റൈൻ നിർ‍ബന്ധമാണെന്ന് കേന്ദ്രവും  റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽട്ടുമായി വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമല്ലെന്ന് കേരളവും നിലപാടെടുത്തു

nri return quarantine issue in high court
Author
Kochi, First Published May 8, 2020, 2:08 PM IST

കൊച്ചി: പ്രവാസികളുടെ ക്വാറന്‍റൈൻ കാലാവധി സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയക്കുഴപ്പം ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും പതിനാല് ദിവസത്തെ ക്വാറന്‍റൈൻ നിർ‍ബന്ധമാണെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽട്ടുമായി വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമല്ലെന്ന്  കേരളവും നിലപാടെടുത്തു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര  ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച് മാ‍ഗ നിർദ്ദേശം കർശനമായി  പാലിക്കണമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇളവ് തേടി കേരളം കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഇത് വിദഗ്ധ നിർദ്ദേശത്തിനായി വിട്ടിരിക്കുകയാണെന്നും, അപേക്ഷ ആരോഗ്യ മന്ത്രായലത്തിന്‍റെ പരിഗണനയിൽ ആണെന്നും  കേന്ദ്ര സർക്കാർ അറിയിച്ചു.

എന്നാൽ ഗൾഫിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ടുമായി വരുന്നവർക്ക് 14 ദിവത്തെ ഇന്‍ററ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ ആവശ്യമില്ലെന്ന് കേരളം ഹൈക്കോടതിയിൽ നിലപാടെടുപത്തു. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണൽ  നിരീക്ഷണത്തിന് ശേഷം  വീടുകളിൽ കഴിയുന്നത് പ‌ഞ്ചായത്ത് തല കമ്മിറ്റികളുടെ മേൽനോട്ടത്തിലണ്. ഗർഭിണികൾക്കും പ്രായമാ‍യവർക്കും കുട്ടികൾക്കും 14 ദിവസം പ്രായോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

ക്വാറന്‍റൈൻ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട്  ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാറിന് കത്ത് നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കേരളത്തിനും കേന്ദ്രത്തിനും വ്യക്തമായ പദ്ധതികൾ ഉണ്ടെന്നാണ് മനസ്സിലാകുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണപരമായ ഇക്കര്യങ്ങളിൽ തൽകാലം കോടതി ഇടപെടുന്നില്ല. ഹ‍ര്‍ജി ഈ മാസം 12 ന് വീണ്ടും കേൾക്കാമെന്നും കോടതി അറിയിച്ചു. തിരികെ എത്തിക്കുന്ന പ്രവാസികൾക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര നിലപാട് തേടി.

 

Follow Us:
Download App:
  • android
  • ios