തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ സെക്ഷനിലെ മുഴുവൻ ഫയലുകളും പരിശോധിക്കും. ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താനാണ് മുഴുവൻ ഫയലുകളും പരിശോധിക്കുന്നത്. ഇതോടൊപ്പം ഭാഗീകമായി നശിച്ച ഫയലുകള്‍ സ്കാൻ ചെയ്തും സൂക്ഷിക്കും.

ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസികള്‍ ആവശ്യപ്പെട്ടാൻ സ്കാൻ ചെയ്ത് സൂക്ഷിച്ച ഫയലുകള്‍ കൈമാറാൻ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണ സംഘത്തിന്‍റെ ഫയൽ പരിശോധന വീഡിയോയിൽ പകര്‍ത്തും. ഇതിനായി എട്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവൻ ജീവനക്കാരെയും മൊഴിയും രേഖപ്പെടുത്തും. 

അതേ സമയം  പ്രത്യേക പൊലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ട‍ിയാണിത്. ഫോറൻസിക് ഫലം വന്നാലുടൻ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കും.