തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ഡോ.ആശ കിഷോറിന്റെ സ്വയം വിരമിക്കൽ തീരുമാനം രാജ്യത്തിന് വലിയ നഷ്ടമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ചിലരുടെ നീക്കങ്ങൾ വിജയിക്കുമെങ്കിലും ശ്രീചിത്രയ്ക്ക് തീരുമാനം വലിയ നഷ്ടമാണുണ്ടാക്കുകയെന്നും, ഡോ. ആശ കിഷോറിന്‍റെ വിരമിക്കൽ വാർത്ത ട്വീറ്റ് ചെയ്തുകൊണ്ട് ശശി തരൂർ എംപി കുറിച്ചു. 

ഗോൾവാൾക്കറുടെ പേര് ഇതിനകം ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയതിനാൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് സവർക്കരുടെ പേരിടാമെന്നും തരൂർ പരിഹസിച്ചു.

ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനു പിന്നാലെയായിരുന്നു ആശ കിഷോർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്. ശ്രീചിത്രയിൽത്തന്നെ അധ്യാപകനായ ഡോ. സജിത്ത് സുകുമാരനാണ് ഡോ. ആശയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഡോ. സജിത്ത് സമീപിച്ചിട്ടുണ്ട്. സ്വയംവിരമിക്കൽ അപേക്ഷ അംഗീകരിക്കുന്നതുവരെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഡോ.ആശ. 2025 വരെ സര്‍വീസുളള ആളാണ് ഡോ. ആശ കിഷോര്‍.

സർവീസിൽ ഇനിയും തുടർന്നാൽ തന്‍റെ ആരോഗ്യത്തെ അത് കാര്യമായി ബാധിക്കുമെന്ന് കാണിച്ചാണ് ഡോ. ആശ കിഷോർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരിക്കുന്നത്. മെയ് മാസം മുതൽ വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി ആശ കിഷോറിന്‍റെ സർവീസ് നീട്ടാനുള്ള അനുമതി ഇൻസ്റ്റിറ്റ്യൂട്ട് നൽകിക്കഴിഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ പല ഭാഗത്തു നിന്നും എതിർപ്പുയർന്നു. പ്രധാന എതിർപ്പുയർത്തിയത്, ശാസ്ത്രസാങ്കേതിക വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലെ ഓഫീസറായ രാജീവ് കുമാർ തയാൽ ആയിരുന്നു. ഇത്തരത്തിൽ സ്വയംഭരണസ്ഥാപനങ്ങളുടെ മേധാവിമാരുടെ കാലാവധി നീട്ടാനുള്ള അധികാരം അപ്പോയ്ന്‍റ്മെന്‍റ് ക്യാബിനറ്റ് കമ്മിറ്റിക്ക് മാത്രമാണെന്നും തയാൽ അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ കാലാവധി നീട്ടിയ നടപടി ശ്രീചിത്ര പിൻവലിക്കണമെന്നും രാജീവ് തയാൽ ആവശ്യപ്പെട്ടു. 

ഇതിന് പിന്നാലെ, ഡോ. ആശ കിഷോർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ഡിസംബർ 9 മുതൽ വിരമിച്ചതായി കണക്കാക്കണമെന്നാണ് അപേക്ഷ. 2015 ജൂലൈ മുതൽ 2019 ഏപ്രിൽ വരെയായിരുന്നു ഡോ. ആശ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നത്. അതിന് ശേഷമാണ് കാലാവധി 5 വർഷം നീട്ടിയത്.