തിരുവനന്തപുരം: കേരളത്തിൽ പുതിയ കുടിവെള്ള കണക്ഷനുകളൂടെ എണ്ണം സർവകാല റെക്കോർഡുകൾ ഭേദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സർക്കാർ അധികാരമേറ്റിടത്ത് നാലു വർഷങ്ങൾക്കുള്ളിൽ 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിൽ പുതിയ കുടിവെള്ള കണക്ഷനുകളൂടെ എണ്ണം സർവകാല റെക്കോർഡുകൾ ഭേദിച്ചു. ഈ സർക്കാർ അധികാരമേറ്റിടത്ത് നാലു വർഷങ്ങൾക്കുള്ളിൽ 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ ആറ് ലക്ഷമോ അതില്‍ കൂടുതലോ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന ആദ്യ സര്‍ക്കാരാണിത്. 2021 മാര്‍ച്ചോടെ 10 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നൽകുവാനാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഇതിനായി ഈ വർഷം 880 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഗുണനിലവാരമുള്ള കുടിവെള്ളം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്നത് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തി 2024-ഓടെ എല്ലാ ഭവനങ്ങളിലും പൈപ് കണക്ഷനിലൂടെ കുടി വെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന വെല്ലുവിളിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.