തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ പിഎസ്‍സി ഉദ്യോഗാർത്ഥി അനുവിന്‍റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രൻ എംഎൽഎക്ക് എതിരെ യുവമോര്‍ച്ച പ്രതിഷേധം. എംഎൽഎ, പിഎസ്‍സിയെ ന്യായീകരിച്ചുവെന്നാരോപിച്ചാണ് യുവമോർച്ച പ്രവർത്തകര്‍ പ്രതിഷേധിച്ചത്. പ്രവർത്തകരെ മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്. 

സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ തിരുവനന്തപുരം ജില്ലയിലെ 77 ആം റാങ്കുകാരനായിരുന്ന അനു പിഎസ്സി ലിസ്റ്റ് റദ്ദായതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കുവെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. മരണത്തിന് ഉത്തരവാദി സർക്കാരാണെന്നും പിഎസ്‍സിയെ സർക്കാർ അട്ടിമറിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പി എസ് സി ചെയർമാനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിഎസ്‌സി ചെയർമാൻ രണ്ടാം  പ്രതിയാണെന്നും  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ വിമർശിച്ചു. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും, പിഎസ്‍സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

പിഎസ്‌സി പട്ടിക റദ്ദായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു