Asianet News MalayalamAsianet News Malayalam

ചുവന്ന കണ്ണുകളും ചോരയിറ്റുന്ന മൂക്കും; അപകടം ഇതാ തൊട്ടരികെ...

കേള്‍ക്കുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരു കഥ പോലെ തോന്നിയേക്കാം. ഒരു നഗരത്തിലെ മുഴുവന്‍ മനുഷ്യരും ഭീതിയോടെ കഴിയുക. നിസ്സഹായതയോടെ നാളെ എന്തെന്ന് അറിയാതെ, എങ്ങോട്ടും പോയി രക്ഷപ്പെടാനാകാതെ ഒരിടത്ത് തന്നെ കുടുങ്ങിക്കിടക്കുക

bangkok pollution is just similar to delhi polllution
Author
Trivandrum, First Published Feb 4, 2019, 12:31 PM IST

ചുവന്നുകലങ്ങിയ കണ്ണുകളും, ഇടയ്ക്കിടെ ചോരത്തുള്ളികളിറ്റ് വീഴുന്ന മൂക്കുമായി ഒരു കൂട്ടം മനുഷ്യര്‍. എപ്പോള്‍ വേണമെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ച് മരിച്ചുപോയേക്കാം. ആരെയും ആര്‍ക്കും രക്ഷപ്പെടുത്താനാവാത്ത, എല്ലാവരും ഒരുപോലെ അപകടത്തിലായിരിക്കുന്ന ഒരവസ്ഥ.

കേള്‍ക്കുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരു കഥ പോലെ തോന്നിയേക്കാം. ഒരു നഗരത്തിലെ മുഴുവന്‍ മനുഷ്യരും ഭീതിയോടെ കഴിയുക. നിസ്സഹായതയോടെ നാളെ എന്തെന്ന് അറിയാതെ, എങ്ങോട്ടും പോയി രക്ഷപ്പെടാനാകാതെ ഒരിടത്ത് തന്നെ കുടുങ്ങിക്കിടക്കുക.  

എന്നാല്‍ ഇത് കഥയോ സിനിമയോ ഒന്നുമല്ല. തായ്‌ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് ഇപ്പോള്‍ നേരിടുന്ന ഭീകരാവസ്ഥയുടെ നേര്‍ചിത്രമാണിത്. എന്തെങ്കിലും അസുഖങ്ങള്‍ മൂലമോ അല്ലെങ്കില്‍ പരിക്കുകള്‍ മൂലമോ ഒന്നുമല്ല ഇത്. കേള്‍ക്കുമ്പോള്‍ 'ഓ ഇത്രയേ ഉള്ളൂ'വെന്ന് പറഞ്ഞ് നമ്മള്‍ മുഖം തിരിക്കാറുള്ള ഒരു കാരണം. വായു മലിനീകരണം!

bangkok pollution is just similar to delhi polllution

മുഖം തിരിക്കാന്‍ വരട്ടെ, അങ്ങനെ നിസ്സാരമാത്തി തള്ളിക്കളയാനും വരട്ടെ. കാരണം ഈ അപകടം നമുക്ക് തൊട്ടടുത്തും എത്തിക്കഴിഞ്ഞു. ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത മഞ്ഞുകാലത്ത്, അതുമല്ലെങ്കില്‍ അതിന്റെയും അടുത്ത കൊല്ലം നമ്മളിത് നേരിടാന്‍ പോകുന്നു. 

അതായത് ലോകത്തില്‍ തന്നെ അന്തരീക്ഷമലിനീകരണം കൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ കണക്കെടുത്തപ്പോള്‍ അതില്‍ അഞ്ചാം സ്ഥാനത്താണ് ബാങ്കോക്ക് എത്തിയത്. ആദ്യസ്ഥാനത്ത് എത്തിയ നഗരം ഏതെന്ന് അറിയാമോ? ഇന്ത്യയുടെ പുരാതന നഗരവും, രാജ്യത്തിന്റെ തലസ്ഥാനവുമായ ന്യൂ ദില്ലി. 

ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തെ നമ്മള്‍ ഇനിയും വേണ്ടത്ര പ്രാധാന്യത്തോടെ ഉള്‍ക്കൊണ്ടിട്ടില്ല. ദില്ലി പോലൊരു നഗരം തകരുമ്പോള്‍ അത് അവിടെ ജീവിക്കുന്ന മനുഷ്യരെ മാത്രമാണ് ബാധിക്കുകയെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. അത് രാജ്യത്തെയൊട്ടാകെ ബാധിക്കും. സാമ്പത്തികമായി, രാഷ്ട്രീയമായി, സാമൂഹികമായി ഓരോ ഗ്രാമങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളെത്തും. 

ഈ അപകടകരമായ അവസ്ഥയിലേക്കാണ് നമ്മളും നീങ്ങുന്നത്. ബാങ്കോക്കിനെ സംബന്ധിച്ച് നഗരത്തിന്റെ ചുറ്റുമുള്ള ഏതാണ്ട് നാല്‍പതോളം സ്ഥലങ്ങളിലെ വായു നിലവില്‍ വിഷമയമുള്ളതായി മാറിക്കഴിഞ്ഞുവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടങ്ങളില്‍, 'PM 2.5' എന്ന വിഷമയമുള്ള പദാര്‍ത്ഥത്തിന്റെ അളവ് അന്തരീക്ഷത്തില്‍ അനുവദനീയമായതിലും അധികമായിക്കഴിഞ്ഞു. ഇതിനിടയില്‍ കനത്ത മഞ്ഞ് കൂടിയായതോടെ ജനജീവിതം വിവരിക്കാവുന്നതിലും അധികം ദുസ്സഹമായി. 

bangkok pollution is just similar to delhi polllution

ബാങ്കോക്കില്‍ ദിവസങ്ങളോളം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നു. ഡീസലുപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്നത് പോലും നിരോധിച്ചു. എന്നിട്ടും ദിവസങ്ങളായി തുടരുന്ന ഗുരുതരമായ അവസ്ഥയ്ക്ക് മാറ്റമില്ല. 

സദാസമയവും കലങ്ങിച്ചുവന്നുകിടക്കുന്ന കണ്ണുകളും ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമിറ്റുന്നതുമെല്ലാം അതിശയോക്തിയല്ലെന്ന് ബാങ്കോക്കുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഫാക്ടറികളില്‍ നിന്നുള്ള മലിനവായുവും, ദില്ലിയിലെ അവസ്ഥയ്ക്ക് സമാനമായി പുറംഗ്രാമങ്ങളില്‍ നിന്ന് കൃഷിക്ക് ശേഷം വരുന്ന അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുമെല്ലാം തന്നെയാണ് ഇവിടത്തെയും പ്രധാന പ്രശ്‌നങ്ങള്‍. വാഹനങ്ങളില്‍ നിന്നുള്ള പുകയും, മനുഷ്യനിര്‍മ്മിതമായ മലിനീകരണങ്ങള്‍ വേറെയും. 

bangkok pollution is just similar to delhi polllution

മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ 'ക്ലൗഡ് സീഡിംഗ്' നടത്തി മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് ഇവിടെ അധികൃതര്‍. താല്‍ക്കാലികമായുള്ള ഭീകരാവസ്ഥയ്ക്ക് അല്‍പം ആശ്വാസം പകരാന്‍ ഒരു മഴയ്ക്ക് മാത്രമേ ഇപ്പോള്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇങ്ങനെ ഒരു മഴയ്ക്ക് വേണ്ടി കാത്തുനിൽക്കുന്ന ദുരവസ്ഥയിലേക്കാണ് ഇന്ത്യയും നീങ്ങുന്നതെന്നാണ് നിലവില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. മരങ്ങള്‍ നടുന്നതും, നഗരങ്ങള്‍ക്കകത്തെ മരസമൂഹങ്ങളെ വെട്ടാതെ കാത്തുവയ്ക്കുന്നതുമെല്ലാം ഒരു പരിധി വരെ ഈ അപകടത്തില്‍ നിന്ന് നമ്മെ രക്ഷിച്ചേക്കും. അതും ഒരു പരിധി വരെ മാത്രം!
 

Latest Videos
Follow Us:
Download App:
  • android
  • ios