പട്ന: കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം നടത്തി വരനും വധുവും. ബീഹാറിലെ പട്ന ജില്ലയിലാണ് വിവാഹ നടപടികൾ വീഡിയോ കോളിലൂടെ പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വിവാഹം വീഡിയോ കോളിലൂടെ നടത്താൻ വധൂവരന്മാരുടെ ബന്ധുക്കൾ തീരുമാനിച്ചത്.

63 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ വാർത്താ ഏജൻസിയായ എഎൻഐയാണ് ഷെയർ ചെയ്തിരിക്കുന്നത്. പുരോഹിതൻ മതപരമായ ചടങ്ങുകൾ നടത്തുന്നതും ശേഷം ബന്ധുക്കൾ പരസ്പരം കെട്ടിപ്പിടിച്ച് 'മുബാറക്' പറയുന്നതും വീ‍‍ഡിയോയിൽ കാണാം. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നേരത്തെ തെലങ്കാനയിലെ വധൂവരന്മാർ ഓൺലൈൻ വഴി വിവാഹം കഴി‍ച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. വരൻ മുഹമ്മദ് അദ്നാൻ ഖാൻ സൗദിയിൽ ആയിരുന്നതിനാലാണ് ഓൺലൈനിലൂടെ വിവാഹം കഴിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.