ബീജിംഗ്: കൊറോണ വൈറസിന്‍റെ രണ്ടാംവരവ് നവംബർ മാസത്തോടെയുണ്ടായേക്കും എന്ന മുന്നറിയിപ്പുമായി ചൈനീസ് ആരോഗ്യ വിദഗ്ധന്‍ ഴാങ് വെനോങ്ക്. ഒക്ടോബറിനുള്ളില്‍ വൈറസ് വ്യാപനത്തിന് ചങ്ങലയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ശൈത്യകാലത്തോടെ കൊവിഡിന്‍റെ രണ്ടാംആക്രമണം ചൈനയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടാകുമെന്നാണ് ഴാങ്ങിന്റെ പ്രവചനമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സാവധാനം തിരിച്ചുവരുന്ന ചൈന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനിടെയാണ് ലോകത്തെ ആശങ്കയിലാക്കുന്ന പുതിയ പ്രവചനം. ഇതുവരെ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മഹാമാരിയെ നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യോജിച്ച പോരാട്ടമാണ് ഴാങ് നിർദേശിക്കുന്നത്. രോഗ പരിശോധനാ സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതും രോഗം സ്ഥിരീകരിച്ചവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതുമാണ് മഹാമാരിയെ അകറ്റാന്‍ ഴാങ് നിർദേശിക്കുന്ന മാർഗം. 

അതേസമയം കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നായ അമേരിക്കയ്ക്ക് ആശ്വാസ വാർത്തയാണ് ഴാങ് വെനോങ്ക് നല്‍കുന്നത്. പരിശ്രമിച്ചാല്‍ മെയ് മാസത്തോടെ ഇപ്പോഴത്തെ വ്യാപനത്തിന് പൂട്ടിടാന്‍ യുഎസിന് ആകും എന്ന് അദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ ഇതിന് ആരോഗ്യരംഗത്ത് അമേരിക്ക-ചൈന ബന്ധവും സഹകരണവും ഊഷ്മളമായിരിക്കണം എന്നാണ് ഴാങിന്‍റെ വിലയിരുത്തല്‍. 

ലോകത്താകമാനം 2,107,433 പേർക്കാണ് കൊവിഡ് 19 മഹാമാരി പിടിപെട്ടത്. 136,980 മരണങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ 525,439 പേർ രോഗമുക്തി നേടി. കൊവിഡിന്‍റെ പ്രഭവസ്ഥാനമായ ചൈനയില്‍ 3,342 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തപ്പോള്‍ അമേരിക്കയില്‍ 28,572 ഉം ഇറ്റലിയില്‍ 21,645 ഉം സ്പെയിനില്‍ 19,130 ഉം ഫ്രാന്‍സില്‍ 17,167 ഉം യുകെയില്‍ 13,729 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.