വിവാഹം സ്വര്‍ഗത്തിൽവെച്ച് എന്നൊക്കെ ഭംഗിവാക്ക് പറയാറുണ്ട്. തങ്ങളുടെ വിവാഹം ഏതെങ്കിലും പ്രത്യേകതയുള്ള സ്ഥലങ്ങളിൽവെച്ച് വിവാഹിതരാകാൻ വധൂവരൻമാര്‍ തീരുമാനിക്കാറുണ്ട്. എന്നാൽ വധൂവരൻമാര്‍ ഒട്ടും ആഗ്രഹിക്കാത്ത ആശുപത്രിപോലെയുള്ള സ്ഥലങ്ങളിൽവെച്ചും പ്രത്യേകസാഹചര്യത്തിൽ വിവാഹങ്ങള്‍ നടക്കാറുണ്ട്. ഇതൊന്നുമല്ലാത്ത ഒരു സ്ഥലത്ത് വെച്ച് വിവാഹം നടന്നു കഴിഞ്ഞദിവസം. അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള ഒരു കോടതിമുറിയുടെ ടോയ്‌ലറ്റിൽവെച്ചാണ് വിവാഹം നടത്തേണ്ടിവന്നത്. ബ്രയൻ-മരിയ വിവാഹമാണ് ടോയ്‌ലറ്റിൽവെച്ച് നടത്തേണ്ടിവന്നത്. എന്നാൽ ഈ ടോയ്‌ലറ്റിനെ നമ്മുടെ നാട്ടിലേത് പോലെ ഒന്നായി മനസിൽ കരുതേണ്ട. അത്യാധുനിക സൗകര്യങ്ങളും റെസ്റ്റ്‌റൂമുമൊക്കെയുള്ള ടോയ്‌ലറ്റാണിത്. ബ്രയന്റെ അമ്മയ്‌ക്ക് പെട്ടെന്ന് അസുഖമായതിനാലാണ് വിവാഹം ടോയ്‌ലറ്റിൽവെച്ച് നടത്തേണ്ടിവന്നത്.  ടോയ്‌ലറ്റിൽപോകുന്നതിനിടെ ആസ്ത്മ രൂക്ഷമായതിനെത്തുടര്‍ന്ന് ബ്രയന്റെ അമ്മ തളര്‍ന്നുവീഴുന്നു. ഉടൻ മെഡിക്കൽസംഘമെത്തി ടോയ്‌ലറ്റിലെ റെസ്റ്റ്‌റൂമിൽവെച്ച് ഓക്‌സിജൻ നൽകി. ഇതിനിടയിൽ വിവാഹസമയമെത്തിയിരുന്നു. ഈ ദിവസം വിവാഹം നടത്തിയില്ലെങ്കിൽ വിവാഹത്തിനായി പുതിയ ലൈസൻസ് ലഭിക്കാൻ ഒരു മാസം കൂടി വൈകുമായിരുന്നു. വിവാഹലൈസൻസിനുള്ള അപേക്ഷയിൽ ഒപ്പിട്ട വ്യക്തി എന്ന നിലയിൽ ബ്രയന്റെ അമ്മയുടെ സാന്നിദ്ധ്യത്തിൽമാത്രമെ വിവാഹം നടത്താനാകു എന്ന നിയമകുരുക്ക് കൂടി ഉള്ളതാണ് ടോയ്‌ലറ്റ് റെസ്റ്റ്‌റൂമിൽവെച്ച് തന്നെ വിവാഹം നടത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ജഡ്ജും കോടതി ജീവനക്കാരും വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

ടോയ്‌ലറ്റിൽവെച്ച് നടന്ന വിവാഹചടങ്ങുകള്‍ കാണാം...