ഹെയ്ദി ഗാമസ് ഗാർഷ്യ എന്ന പതിമൂന്നുകാരിയെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടതിൽ, അവളെ ആത്മാഹുതിക്ക് ശ്രമിക്കാൻ പ്രേരിപ്പിച്ചതിൽ ഏറ്റവും വലിയ പങ്കുവഹിച്ചിരിക്കുന്നത് ഡോണൾഡ് ട്രംപ് എന്ന അമേരിക്കൻ പ്രസിഡന്റും, അദ്ദേഹം നയിക്കുന്ന കുടിയേറ്റവിരുദ്ധ യജ്ഞവുമാണ്. അതാണ്, അതുമാത്രമാണ് അവളെ അവളുടെ അച്ഛൻ മാനുവൽ മാനുവലിനെ നാലുവർഷമായി അവളെ ഒരു നോക്കുകാണുന്നതിൽ നിന്നും തടഞ്ഞത്. അതിന്റെ പേരിലാണ് ഒടുവിൽ ആശയറ്റ് അവൾ ഈ കടും കൈ ചെയ്തു കളഞ്ഞത്. ഇന്ന് തന്നെ തേടിയെത്തിയ അച്ഛന്റെ മുന്നിലും ഒന്ന് കണ്ണുതുറക്കാതെ, അയാളെ ഒന്ന് നോക്കാതെ ഈ കിടപ്പുകിടക്കുന്നത്. 

2014  ജൂൺ വരെയും ഒരു രേഖകളില്ലാത്ത ഒരു കുടിയേറ്റക്കാരന്റെ രൂപത്തിൽ  അമേരിക്കൻ മണ്ണിൽ കഴിഞ്ഞിരുന്ന മാനുവലിന്, അവിചാരിതമായി നടന്ന  തന്റെ അച്ഛന്റെ കൊലപാതകത്തോടെയാണ് തിരിച്ച് ജന്മനാടായ ഹോണ്ടുറാസിലെ എൽ പ്രോഗ്രെസോയിലേക്ക് പോവേണ്ടി വന്നത്. അധികം താമസിയാതെ പ്രമേഹരോഗം ബാധിച്ച് അമ്മയും കൂടി മരിച്ചതോടെ അയാൾ ഒന്നുറപ്പിച്ചു. മകൾ ഹെയ്ദി ഗാർഷ്യയെ ന്യൂയോർക്കിലെ തന്റെ ബന്ധുക്കളോടൊപ്പം കഴിയാൻ വിടണം. അത്രയ്ക്ക് അപകടകരമായി തോന്നിത്തുടങ്ങിയിരുന്നു മാനുവലിന് തന്റെ ജന്മനാട്. തന്റെ പൊന്നുമോൾ തന്റെ കണ്മുന്നിൽ വെച്ച് പോലും ബലാത്സംഗം ചെയ്യപ്പെടാനോ, തട്ടിക്കൊണ്ടുപോകപ്പെടാനോ, അല്ലെങ്കിൽ മയക്കുമരുന്ന് സംഘങ്ങളുടെ പിടിയിൽ പെടാനോ ഒക്കെയുള്ള സാധ്യത അയാൾക്ക് തള്ളിക്കളയാനാവുന്നതായിരുന്നില്ല.  അത്രയ്ക്ക് വഷളായിരുന്നു, ക്രിമിനൽ സംഘങ്ങൾ വേരുറപ്പിച്ചുകഴിഞ്ഞിരുന്ന ഹോണ്ടുറാസിലെ ക്രമസമാധാനനില. 

അനധികൃത മാർഗ്ഗങ്ങളിലൂടെയാണ് ഗാർഷ്യ അമേരിക്കയുടെ മണ്ണിൽ എത്തിപ്പെട്ടത് എങ്കിലും, 2016  ജൂൺ മാസത്തോടെ അവൾക്ക് അവിടെ അഭയം കിട്ടുന്നു. പിന്നാലെ മാനുവലും രണ്ടുവട്ടം അതേ മാർഗ്ഗങ്ങളിലൂടെ അമേരിക്കൻ മണ്ണിൽ അവളുടെ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചു. ഭാഗ്യം അയാളെ തുണച്ചില്ല. രണ്ടുവട്ടവും, അയാൾ യാത്രാ മദ്ധ്യേ അതിർത്തി പെട്രോൾ സംഘത്തിന്റെ പിടിയിലായി. തിരികെ അതിർത്തിക്കപ്പുറത്തേക്ക് പറഞ്ഞയക്കപ്പെട്ടു. 

പ്രതീക്ഷ കൈവിടാൻ ഗാർഷ്യ  തയ്യാറായിരുന്നില്ല. അച്ഛന്റെ ഇംഗ്ലീഷിലുള്ള പ്രാവീണ്യക്കുറവാകും പ്രശ്നമെന്ന് ഊഹിച്ച അവൾ അമേരിക്കയിൽ നിന്നും പുതുതായി പഠിച്ചെടുത്ത ഇംഗ്ലീഷ്, വീഡിയോ കോളിങിലൂടെ,  അതേ ഉച്ചാരണശുദ്ധിയോടെ തന്റെ അച്ഛനെയും പഠിപ്പിക്കാൻ ശ്രമിച്ചു. തന്റെ കഴിവിന്റെ പരമാവധി ആ വിദേശഭാഷ സ്വായത്തമാക്കാൻ ശ്രമിക്കാമെന്ന് മാനുവലും ഗാർഷ്യക്ക് വാക്കുനല്കി. നാട്ടിൽ, ചെയ്തുകൊണ്ടിരുന്ന ജോലികഴിഞ്ഞു കിട്ടുന്ന ഒഴിവു സമയമെല്ലാം അയാൾ തന്റെ മക്കൾക്കുവേണ്ടി ഇംഗ്ലീഷ് പഠിച്ചെടുക്കാനും, അമേരിക്കൻ ആക്സന്റിൽ തന്നെ പറയാനും വേണ്ടി ചെലവിട്ടു. 

മാർച്ച് മാസത്തിലായിരുന്നു ഗാർഷ്യയുടെ പിറന്നാൾ. പതിമൂന്നാം പിറന്നാൾ. ഒരു വട്ടം കൂടി താൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നുണ്ടെന്നും, പിറന്നാളിന് മുമ്പ് എന്തായാലും തമ്മിൽ കാണാം എന്നും ആ അച്ഛൻ തന്റെ മകൾക്ക് വാക്കുനല്കി. ഇത്തവണ, അയാൾ മെക്സിക്കോയിൽ വരെ എത്തി. ഇനി ന്യൂയോർക്കിൽ എത്തിയിട്ടേ വിളിക്കൂ എന്നയാൾ അവിടെ നിന്നും ഫോൺ വിളിച്ചപ്പോൾ മകളോട് പറഞ്ഞു. മെക്സിക്കൻ അതിർത്തി വഴി, ഹൂസ്റ്റൺ. അവിടെ നിന്നും കരമാര്ഗം എങ്ങനെയും ഒരാഴ്ചയെങ്കിലും പിടിക്കും പോലീസിന്റെ കണ്ണുവെട്ടിച്ച് മകളുടെ അടുത്ത് ന്യൂ യോർക്കിൽ എത്തുമ്പോഴേക്കും. 

അച്ഛൻ തന്നെ കാണാനെത്തുന്ന എന്നറിഞ്ഞ നിമിഷം മുതൽ ഗാർഷ്യ നിലത്തൊന്നുമല്ലായിരുന്നു. ന്യൂയോർക്കിലെ തന്റെ കൂട്ടുകാരികളോടൊക്കെ ആ സന്തോഷം പങ്കുവെച്ചുകൊണ്ട് അവൾ അച്ഛന്റെ വരവിനായി കാത്തിരുന്നു.

എന്നാൽ, ഇക്കുറിയും ഭാഗ്യം മാനുവലിന്റെ കുറുകെ വന്നു നിന്നു. ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അധികാരികൾ അയാളെ പിടികൂടി. 

" എനിക്ക് എന്റെ മോളെ കാണണം. കാണാതിരിക്കാൻ പറ്റാഞ്ഞിട്ടാണ്.. ദയവായി എന്നെ കടത്തിവിടണം.." അയാൾ കസ്റ്റംസ് അധികാരികളോട് കാലിൽ വീണപേക്ഷിച്ചു. മാനുവലിന്റെ കാര്യത്തിൽ മാത്രമായി ഒരു വിട്ടുവീഴ്ച ചെയ്യാൻ നിലവിലുള്ള നിയമം അവരെ അനുവദിക്കുന്നുണ്ടായിരുന്നില്ല. 

അങ്ങനെ,  ടെക്‌സാസിലെ അനധികൃത കുടിയേറ്റക്കാർക്കുള്ള ഡിറ്റൻഷൻ സെല്ലിൽ കുടുങ്ങിക്കിടക്കുമ്പോൾ, ജൂലൈ 3-ന്, മാനുവൽ എന്ന അച്ഛനെത്തേടി ഒരു ദുരന്തവാർത്തയെത്തി. തന്റെ മുറിയിൽ ഒരു കേബിളുപയോഗിച്ച് തൂങ്ങിമരിക്കാൻ ശ്രമിച്ചിരിക്കുന്നു ഗാർഷ്യ. 

മൂന്നാം വട്ടവും അച്ഛനെ പാതിവഴിയിൽ ബോർഡർ പട്രോളുകാർ പിടികൂടി എന്ന വിവരമറിഞ്ഞ നിമിഷം മുതൽ ഗാർഷ്യ ആകെ സങ്കടത്തിലായിരുന്നുവത്രെ. കൂട്ടുകാരികൾ അവളെ ആശ്വസിപ്പിക്കാനും, അവൾക്ക് ശുഭപ്രതീക്ഷ പകരാൻ ശ്രമിച്ചുകൊണ്ടും കൂടെ നിന്നെങ്കിലും, അവളിലേക്ക് കടുത്ത വിഷാദം, അതും സ്വന്തം ജീവനെടുക്കാൻ പ്രേരിപ്പിക്കുന്നത്ര കടുത്ത വിഷാദം ആവേശിച്ചിരുന്നതായി,  അവൾ ആ കടുംകൈ ചെയ്യുന്ന നിമിഷം വരെ, അവർ പോലും അറിഞ്ഞിരുന്നില്ല.

സംഭവം അറിഞ്ഞയുടനെ തന്നെ ഗാർഷ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും അവളുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം ഏറെനേരം തടസ്സപ്പെട്ട്, ബ്രെയിൻ ഡെഡ് ആയിക്കഴിഞ്ഞിരുന്നു അവൾ. 


ഒടുവിൽ, മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞയാഴ്ച, ജൂലൈ 13-ന്  മാനുവലിന് അമേരിക്കൻ സർക്കാരിന്റെ 'പ്രത്യേകാനുമതി' കിട്ടി. ലൈഫ് സപ്പോർട്ടിൽ നിന്നും മറ്റും മുമ്പ്, തന്റെ മകളെ അവസാനമായി ഒരു നോക്ക് കാണാൻ ഭരണകൂടത്തിന്റെ വക 'സ്‌പെഷ്യൽ പെർമിഷൻ'. 

" എനിക്ക് വയ്യ.. ആകെ ക്ഷീണിച്ചിരിക്കുന്നു ഞാൻ.. അവളെ കാണാൻ വയ്യ.." അയാൾ പറഞ്ഞു. 

ഗാർഷ്യയുമായി അവസാനം  നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു ഗോമസ്. അതിന്റെ ചോടെ അയാൾ കുറിച്ച വാക്കുകൾ ആരെയും കണ്ണീരണിയിക്കും. " നീ പോകുന്നു എന്ന സത്യം, എനിക്ക് ഉള്ളിലേക്കെടുക്കാനാവുന്നില്ല ഗാർഷ്യാ.. എന്റെ രാജകുമാരീ... അങ്ങു സ്വർഗത്തിൽ ചെല്ലുമ്പോൾ അവർ നിന്നെ ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മാലാഖകുട്ടികളിൽ ഒരാളാക്കുമെന്ന് അച്ഛനുറപ്പുണ്ട്. നീയില്ലാതെ പറ്റുമോ എന്നുറപ്പില്ലെനിക്ക്.. പൊന്നുമോളെ.. ! "
 
അടുത്ത ചൊവ്വാഴ്ച അവളുടെ അടക്കാണ്. അതു കഴിഞ്ഞാൽ അടുത്ത നിമിഷം, മാനുവലിന് തിരിച്ച് ഹോണ്ടുറാസിലേക്ക് മടങ്ങിപ്പോരേണ്ടി വരും. അതിന് ഇനി അയാൾക്ക് മടിയില്ല.  കാരണം, അപകടം ഒളിച്ചുകളിക്കുന്ന ജന്മനാട്ടിൽ കഴിയേണ്ടി വന്നാലും,  നെഞ്ചിനു കനമായിരിക്കാൻ,  ഇനി അയാളുടെ പൊന്നു മകൾ ഗാർഷ്യ ജീവനോടില്ലല്ലോ..!