ഡിരെന്‍പാര്‍ക്ക് : നെതര്‍ലാന്‍റിലെ ഒരു മൃഗശാലയില്‍ നിന്നും ജന്തുലോകത്തെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ട് ആണ്‍ ബ്ലാക്ക് ഫൂട്ട് പെന്‍ഗ്വിനുകളാണ് സംഭവത്തിലെ നായകന്മാര്‍. നെതര്‍ലാന്‍ഡിലെ ഡിരെന്‍പാര്‍ക്ക് അമേഴ്സ്ഫൂട്ട് എന്ന മൃഗശാലയിലാണ് സംഭവം. ഒരേ ലിംഗത്തില്‍ പെട്ട ഈ പെന്‍ഗ്വിനുകള്‍ മറ്റൊരു പെന്‍ഗ്വിന്‍റെ മുട്ട മോഷ്ടിച്ചതിന് ശേഷം, അതില്‍ വിരിയാനായി അടയിരിക്കുന്നു എന്നും, അതിനെ നന്നായി സംരക്ഷിക്കുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

സ്വവര്‍ഗാനുരാഗം പെന്‍ഗ്വിനുകള്‍ക്കിടയില്‍ സാധാരണമാണ്. എന്നാല്‍ മറ്റൊരു പെന്‍ഗ്വിന്‍ ദമ്പതിമാരുടെ മുട്ട തങ്ങള്‍ക്ക് വേണ്ടി മോഷ്ടിക്കുന്നതും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നതും ആദ്യമാണെന്നാണ് മൃഗശാലയിലെ ജീവനക്കാര്‍ പറയുന്നത്. ദമ്പതികള്‍ അടുത്തില്ലാതിരുന്ന സമയത്താണ് ഇവര്‍ മുട്ട മോഷ്ടിച്ചത്. 

മൃഗശാലയിലെ പെന്‍ഗ്വിനുകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രജനന കാലം നടക്കുകയാണ്. അതിനിടയിലാണ് അയല്‍ക്കൂട്ടിലെ പെണ്‍ പെന്‍ഗ്വിന്‍ ഇട്ട മുട്ട ആണ്‍ ഇണകള്‍ മോഷ്ടിച്ചത്. ഈ മുട്ടയില്‍ ആണ്‍പെന്‍ഗ്വിനുകള്‍ ഊഴം വച്ച് അടയിരിക്കുകയാണ്. മറ്റ് കൂടുകളിലെ പെന്‍ഗ്വിനുകളുടെ മുട്ടകള് വിരിയാന്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ ആണ്‍ പെന്‍ഗ്വിനുകള്‍ അടയിരിക്കുന്ന മുട്ട വിരിഞ്ഞ് കുഞ്ഞ് എത്തുന്നതിന് കാത്തിരിക്കുകയാണ് മൃഗശാല അധികൃതര്‍.