Asianet News MalayalamAsianet News Malayalam

ഈ സൂചനകളുണ്ടെങ്കില്‍ സമാധാനപൂർണമായ പ്രണയം അസാധ്യമാണ്; ശ്രദ്ധിക്കാം ഈ നിര്‍ദേശങ്ങള്‍

പ്രണയാതിക്രമങ്ങൾ തടയാൻ പുലര്‍ത്തേണ്ട ജാഗ്രതകളെക്കുറിച്ചുള്ളതാണ് പ്രമുഖ മനോരോഗ വിദഗ്ധന്‍ സി ജെ ജോണിന്‍റെ ഈ പത്ത് നിര്‍ദേശങ്ങള്‍

how to identify and escape from a abusive relationship psychiatrist directions
Author
Kochi, First Published Jul 2, 2019, 1:21 PM IST

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊലപാതകങ്ങളും ആക്രമണങ്ങളും പതിവാകുന്ന സമയത്ത് പ്രണയിക്കേണ്ടവര്‍ കര്‍ശനമായും ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പ്രമുഖ മനോരോഗ വിദഗ്ധന്‍ സി ജെ ജോണ്‍. പ്രണയാതിക്രമങ്ങൾ തടയാൻ പുലര്‍ത്തേണ്ട ജാഗ്രതകളെക്കുറിച്ചുള്ളതാണ് ഈ പത്ത് നിര്‍ദേശങ്ങള്‍. 

പ്രണയിക്കുന്നവര്‍ ഒരു പക്വമായ ബന്ധത്തിലാണോ ഉള്ളതെന്ന് തിരിച്ചറിയാനും അല്ലെങ്കില്‍ നയപരമായി പിന്‍വലിയുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളാണ് സി ജെ ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കുന്നത്. കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കാമെന്ന കുറിപ്പോടെയാണ് ഈ നിര്‍ദേശങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

അനുരാഗ നദിയിൽ വീഴുന്നവരുടെ സുരക്ഷക്കായി പൊതുവായി പ്രദർശിപ്പിക്കേണ്ട കാലിക അറിയിപ്പ്

1. എന്‍റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്. അനുസരിക്കാതെ വരുമ്പോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്‌ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്നലാണ്.

2. എവിടെ പോകണം, ആരോട് മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ്.

3. ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ, മെസ്സേജ് നോക്കൽ, സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.

4. ഫോൺ എൻഗേജ്ഡ് ആകുമ്പോഴും, എടുക്കാൻ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്‍റെ ലക്ഷണമാണ്.

5. നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തതിന്‍റെ തുടക്കമാകാം.

6. ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം.

7. നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും, ഇപ്പോൾ തിരക്കാണെന്നു പറയുമ്പോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്പോൾ സൂക്ഷിക്കണം .

8. നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ, നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്. ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്. 

9. പ്രണയ ഭാവത്തിന്‍റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും, നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും, പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല . 

10. മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ, വൈകാരികമായി തളർത്തൽ, സംശയിക്കൽ തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം. 

ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യമാണ്. ഈ പ്രണയ വണ്ടിയിൽ നിന്നും ഇറങ്ങുന്നതാണ് ബുദ്ധിയാണെന്നാണ് സി ജെ ജോണ്‍ വിശദമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios