ഉത്തർപ്രദേശ് : തൊഴിലില്ലായ്മ ആകാശം മുട്ടി നിൽക്കുന്ന കാലത്ത് ഒരു സർക്കാർ ജോലി, അതിനി ക്‌ളാസ് ഫോർ ആണെങ്കിൽ പോലും, കയ്യിൽ തടഞ്ഞു എന്ന് കരുതുക. ഒട്ടുമിക്കവരും, അതുകൊണ്ടുതന്നെ തൃപ്തിയടയും. പറ്റുമെങ്കിൽ അതിന്റെ പേരും പറഞ്ഞ് നല്ലൊരു വിവാഹവും കഴിക്കും. ശിഷ്ടകാലം ധാന്യം.  എന്നാൽ, ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള വിശാൽ സിങ്ങിന് അത് സമ്മതമായിരുന്നില്ല. അയാൾക്ക് സിവിൽ പൊലീസ് ഓഫീസർ ആയിട്ടാണ് നിയമനം കിട്ടിയത്. നമ്മുടെ നാട്ടിലെ പൊലീസ് കോൺസ്റ്റബിളിന് തുല്യമായ ലാവണം. എന്നാൽ, ആ ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അയാളുടെ ആത്മാഭിമാനത്തിന്റെ ക്ഷതം പഠിക്കുന്നതായിരുന്നു. ഒന്ന്, എന്തിനുമേതിനും അനുമതിക്കായി തന്റെ മേലുദ്യോഗസ്ഥന്റെ മുന്നിൽ പഞ്ചപുച്ഛമടക്കിയുള്ള ആ നിൽപ്പ്. പിന്നെ ഒന്നുപറഞ്ഞു രണ്ടിന് മേലധികാരികളിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന ശകാരം. തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അകാരണമായി അധിക്ഷേപിച്ചവർക്ക് വീണ്ടും വീണ്ടും സല്യൂട്ടടിക്കേണ്ടി വരുന്നത് അയാൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.

എന്നുവെച്ച് അത് മതിയാക്കാൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു വീട്ടിൽ. അതേസമയം, ഇപ്പോൾ ചെയ്യുന്നതിലും മെച്ചമുള്ള എന്തെങ്കിലും ജോലിയിലേക്ക് എത്തണം എന്ന അദമ്യമായ ആഗ്രഹവും അയാൾക്കുള്ളിൽ തുടിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് അയാൾ ജോലിയുടെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുന്ന സമയം, കിടന്നുറങ്ങാനുള്ള സമയം, അതിൽ നിന്നൊക്കെ നേരം കണ്ടെത്തി പഠനം തുടർന്നു. അങ്ങനെ പേടിച്ചുപഠിച്ച് അയാൾ നേടിയെടുത്ത പല കോൺസ്റ്റബിൾമാർക്കും സ്വപ്നം കാണാൻ പോലുമാകാത്ത ഒരു ഉദ്യോഗമാണ്. 

നമ്മുടെ നാട്ടിലെ പല യുവാക്കളുടെയും സ്വപ്നമാണ് സിവിൽ സർവീസ്. യുപിഎസ്‌സി പരീക്ഷ എഴുതിയെടുക്കാൻ വേണ്ടി ദില്ലിയിൽ ചെന്നുകിടന്ന് അവിടത്തെ പരിശീലനസ്ഥാപനങ്ങളിൽ നിരന്തരം പെടാപ്പാടുപെടുന്ന പതിനായിരക്കണക്കിന് ഉത്തർപ്രദേശുകാരിൽ വിരലിലെണ്ണാവുന്ന ചിലർക്ക് മാത്രമാണ് വർഷാവർഷം ഐഎഎസ് കിട്ടാറുള്ളത്. ഗോരഖ് പൂറിലെ സിഒ കാന്റിൽ നിയുക്തനായിട്ടുള്ള ഈ കോൺസ്റ്റബിൾ സിവിൽ സർവീസിൽ പെടുന്ന സെൻട്രൽ ആംഡ് ഫോഴ്‌സസിൽ കമാൻഡന്റിന്റെ പരീക്ഷയിൽ 2018 -ൽ യോഗ്യത നേടിയ വിശാൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇത്രയും കാലം അദ്ദേഹത്തെക്കൊണ്ട് സല്യൂട്ടടിപ്പിച്ചിരുന്ന പല മേലുദ്യോഗസ്ഥർക്കും റാങ്കുപ്രകാരം ഇനി അങ്ങോട്ടാവും സല്യൂട്ട് ചെയ്യേണ്ടി വരിക. നാട്ടുകാരനായ വിശാൽ സിംഗിന്റെ ഈ അപൂർവ നേട്ടത്തിൽ അഭിമാനപുളകിതരാണ് ഗാസിപൂരിലെ ജനങ്ങൾ. 

തന്റെ ഈ അസുലഭ നേട്ടത്തിനായി ഒരിക്കൽ പോലും ഡ്യൂട്ടിയിൽ നിന്ന് ലീവെടുത്ത് മാറിനിന്നിട്ടില്ല വിശാൽ സിംഗ്. നിത്യവും മുടങ്ങാതെ, തികഞ്ഞ ദിശാബോധത്തോടു കൂടി പഠനം നടത്തിയാൽ ഒരു പരീക്ഷയും ദുഷ്കരമാണ് എന്നാണ് വിശാൽ സിംഗിന്റെ അഭിപ്രായം. നിരന്തരമായ പരിശ്രമവും, കെടാത്ത അർപ്പണബോധവുമുണ്ടെങ്കിൽ മറ്റുള്ളവർക്കും തന്റെ നേട്ടം അവർത്തിക്കാനാകും എന്ന് വിശാൽ പറഞ്ഞു.