Asianet News MalayalamAsianet News Malayalam

12 മൂതൽ 15 മീറ്റർ വരെ വ്യാസമുള്ള ഭീമാകാരമായ ജിയോട്യൂബ്; ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി പൂന്തുറയ്ക്ക് ആശ്വാസം

കൂടുതൽ ഡ്രെഡ്ജറുകളും ബാർജുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

12 to 15 metre long geo tube relief for poonthura btb
Author
First Published Mar 1, 2024, 3:32 PM IST

തിരുവനന്തപുരം: കടൽക്ഷോഭത്തെ നേരിടുന്നതിനായി തിരുവനന്തപുരം പൂന്തുറയിൽ നടപ്പാക്കുന്ന ജിയോട്യൂബ് തീരസംരക്ഷണ പദ്ധതിയുടെ പ്രാഥമിക ഘട്ടം ആശാവഹമാണെന്നും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൂടുതൽ ഡ്രെഡ്ജറുകളും ബാർജുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പൂന്തുറ തീരം സംരക്ഷിക്കുന്നതിന് 750 മീറ്റർ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. ഇതിൽ 200 മീറ്ററിലെ പ്രവർത്തനം പൂർത്തിയായി. ഈ സീസണിൽ ബാക്കി 500 മീറ്റർ പൂർത്തിയാക്കാൻ കരാറുകാരോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിലെ ജിയോ ട്യൂബ് സ്ഥാപിക്കൽ കഴിഞ്ഞാൽ അതിൻറെ തുടർച്ചയായി ശംഖുമുഖം വരെയുള്ള പ്രവർത്തനം കാലതാമസമില്ലാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിലെ ആദ്യഘട്ടം വിജയകരമാണ്. ഇവിടെ തീരം രൂപപ്പെട്ടുകഴിഞ്ഞു. പൈലറ്റ് പ്രൊജക്ട് വിജയമായാൽ സംസ്ഥാനത്തെ തീരദേശം മുഴുവൻ ഈ രീതി വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഏറ്റവുമധികം കടലാക്രമണം നേരിടുന്ന പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള പ്രദേശത്ത് പൈലറ്റ് പൊജക്ട് എന്ന നിലയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ (കെ.എസ്.സി.എ.ഡി.സി) മുഖേനയാണ് നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ 150 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പാറ ഉപയോഗിച്ച് നടത്തുന്ന തീരസംരക്ഷണ രീതിക്ക് പകരം 12 മീറ്റർ മൂതൽ 15 മീറ്റർ വരെ വ്യാസമുള്ള ഭീമാകാരമായ ജിയോട്യൂബിൽ (250 ടൺ) മണൽ നിറച്ച് കടലിൽ 8 മീറ്റർ വരെ ആഴമുള്ള പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന രീതിയാണ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയിൽ അവലംബിച്ചിരിക്കുന്നത്.

കടലാക്രമണത്തെ ചെറുക്കുന്നതിനൊപ്പം ലാഭകരമായ പദ്ധതി എന്ന നിലയിലും ജിയോ ട്യൂബ് പ്രസക്തമാണെന്ന് യോഗത്തിൽ സംബന്ധിച്ച ആൻറണി രാജു എംഎൽഎ പറഞ്ഞു. കടൽഭിത്തിക്കായി പാറകൾ ഇടുന്നതിൻറെ പത്തിലൊന്ന് ചെലവ് മാത്രമേ വരുന്നുള്ളൂ. ജിയോ ട്യൂബ് പ്രകൃതിസൗഹൃദവും സുരക്ഷിതവുമാണെന്നും അദ്ദേഹം പറഞ്ഞു. കടലിലെ വളരെയധികം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും തീരസംരക്ഷണത്തിൻറെ ഭാഗമായുള്ള ഈ നൂതന പദ്ധതി പ്രക്ഷുബ്ധമായ കടലോരമുള്ള പ്രദേശത്ത് നടപ്പിലാക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണെന്നും കെ.എസ്.സി.എ.ഡി.സി എംഡി പിഐ ഷെയ്ക്ക് പരീത് പറഞ്ഞു.

ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ആഴക്കടൽ ദൗത്യ വിഭാഗം ഡയറക്ടറും നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച് (എൻസിസിആർ) ഡയറക്ടറുമായ എം.വി രമണമൂർത്തി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞ ഡോ. വിജയ രവിചന്ദ്രൻ, കൗൺസിലർ മേരി ജിപ്സി, എച്ച്ഇഡി ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, നാഷണൽ ഇൻസ്സിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞൻ കിരൺ എ.എസ്, ഫാ. ഡാർവിൻ പീറ്റർ, പദ്ധതിയുടെ കരാർ കമ്പനിയായ ഡിവിപി-ജിസിസിയുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി (എൻഐഒടി), നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച് (എൻസിസിആർ) എന്നീ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളാണ് പൂന്തുറയിലെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയുടെ പഠനം നിർവ്വഹിച്ചത്. പാറയ്ക്കു പകരം ജിയോ ട്യൂബ് ഉപയോഗിച്ചുള്ള സംവിധാനം പരിസ്ഥിതി സൗഹൃദവും കേരള തീരത്തിന് അനുയോജ്യവും ചെലവ് കുറഞ്ഞതുമാണെന്ന ഈ സ്ഥാപനങ്ങൾ കണ്ടെത്തി.

പൂന്തുറയിൽ 20.73 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. 2022 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പദ്ധതി 100 മീറ്റർ പൂർത്തീകരിച്ചു. രണ്ടു വർഷത്തിന് ശേഷം നടത്തിയ ആഴക്കടൽ പഠനത്തിൽ ഈ പ്രദേശത്ത് വൻതോതിൽ കര രൂപപ്പെട്ടതായും ജിയോ ട്യൂബ് കേന്ദ്രീകരിച്ച് മത്സ്യങ്ങളുടെയും കടൽജീവികളുടെയും പ്രജനനം ഉണ്ടായതായും തെളിഞ്ഞു. ഇതിനെ തുടർന്നാണ് ശേഷിക്കുന്ന നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാക്കാൻ തീരുമാനമായത്.

ആള് ചെക്ക് റിപ്പബ്ലിക്കനാണ്, പക്ഷേ നമുക്ക് പേരിട്ടാലോ; അണിയറയില്‍ ഒരുങ്ങുന്നത് നിസാരക്കാരനല്ല, സ്കോഡ എസ്‍യുവി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios